mid day hd 5

കോൺഗ്രസിന് വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടില്ലെന്നും ബിജെപിക്ക് കേരളത്തോട് പകയാണെന്നും കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറാായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്രയേലിനുനേരെയുള്ള ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ. ഗാസയില്‍നിന്ന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ഭൂപ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. അതേസമയം, തങ്ങള്‍ യുദ്ധസന്നദ്ധതയ്ക്കുള്ള അവസ്ഥയിലാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ള ഹമാസ് അനന്തരഫലങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും,ആക്രമണങ്ങളെത്തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ഇസ്രയേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു .വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസ്സുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണമെന്ന് സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി സുധാകരൻ. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും, എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 44 പേരാണ് മരിച്ചതെന്ന് കണക്കുകൾ. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബംഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും , ആവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.

നിയമന കോഴ കേസിലെ അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി യുവമോർച്ച നേതാവ് റാന്നി സ്വദേശിയായ രാജേഷ് ഒളിവിൽ പോയതായി റിപ്പോർട്ട്.

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കരൂർ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മംഗലപുരം തലയ്ക്കോണം സ്വദേശിനിയുമായ ഫാത്തിമയാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.

പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിക്കുകയായിരുന്നെന്ന് കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നു എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്ന് ഷിയാസ് കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകി.

മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്നും, തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഫാത്തിമ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ. സി ഷുക്കൂർ വ്യക്തമാക്കി.

ജി സുധാകരനെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സജി ചെറിയാന്‍. ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

മുദ്ര വെച്ച ന്യൂസ് ക്ലിക്ക് ഓഫീസിൽ നിന്ന് കൂടുതൽ ഉപകരണങ്ങളും രേഖകളും ദില്ലി പൊലീസ് പിടിച്ചെടുത്തു. ഓഫീസ് തുറന്ന് കഴിഞ്ഞ ദിവസമാണ് ഉപകരണങ്ങൾ കൊണ്ടുപോയതെന്ന് ന്യൂസ് ക്ലിക്ക് അറിയിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതൊന്നും മാധ്യമപ്രവർത്തനത്തിന് തടസ്സമാകില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.

ജനതാദൾ എസ് നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. ജനതാദള്‍ എസിന്റെ ദേശീയ നേതൃത്വം എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് അടിയന്തിര നേതൃ യോഗം ചേരുന്നത്.

സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ഇന്ന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കെഎസ്ഇബി. കൂടംകുളത്തെയും മൂഴിയാറിലെയും തകരാർ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ആലുവയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പിടി പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം അങ്കമാലി സഹകരണ അർബൻ ബാങ്ക് പ്രസിഡന്റുമായിരുന്നു.

വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വാക്കുതർക്കത്തെ തുടർന്ന് പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷിനെ അയൽവാസി അപ്പുക്കുട്ടൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

വീട്ടിൽ അപകടാവസ്ഥയിൽ നിന്ന മരം മുറിക്കാനെത്തിയ സംഘം വീട്ടുകാരറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി.പട്ടം ആദർശ് നഗർ എ.എൻ.ആർ.എ 62ൽ പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടിൽ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. മുറിച്ചു കടത്തിയ ചന്ദനമരം വനം വിജിലൻസ് വിഭാഗത്തിലെ ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് പിടികൂടി.

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ജീവനക്കാരിക്കുനേരെ പീഡനശ്രമം. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെ കേസെടുത്തു. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പും ചേര്‍ത്തതായാണ് റിപ്പോർട്ട്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *