Untitled design 20240521 135515 0000

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോ​ഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരും പൊലീസും  തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

 

വെള്ളത്തിലെ ഓക്സിജന്‍റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതു കൊണ്ടെന്ന്  പെരിയാറിലെ മല്‍സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമെന്ന് പരിശോധന ഫലം.  പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പെരിയാറിൽ വ്യാപകമായി മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെയാണ് കേരള ഫിഷറീസ് സർവകലാശാല നദിയിലെ വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചത്.  ഇതിൽ വരാപ്പുഴ, കോതാട്, മൂലമ്പിള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തിന്‍റെ പരിശോധനയിലാണ് അപകടകരമായ അളവിൽ ഓക്സിജന്റെ കുറവ് കണ്ടെത്തിയത്.

 

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ ഫോർട്ട്‌ കൊച്ചി സബ് കളക്ടർ കെ. മീരയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. മലിനീകരണ നിയന്ത്രണബോർഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നീ വകുപ്പുകൾ ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം.

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിൽ നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

 

താന്‍ ബിജെപിയിൽ ചേരുമെന്ന് പ്രചരണം നടത്തിയതിൽ ഗുഢാലോചന  ആരോപിച്ച് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ് അറിയിച്ചു. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിർദ്ദേശ പ്രകാരമാണെങ്കിൽ കേസെടുക്കാമെന്നും  പൊലീസ് വ്യക്തമാക്കി.

 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കാലവര്‍ഷത്തിന്‍റെ സമയത്തില്‍ മാറ്റം വന്നേക്കുമെന്ന് സൂചന.  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം. മറ്റന്നാളോടെ ഇത് തീവ്രന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കാലവര്‍ഷത്തിന്‍റെ ഇപ്പോള്‍ പ്രവചിച്ച സമയത്തില്‍ മാറ്റം വന്നേക്കും.

 

മാനേജ്മെന്റ് സീറ്റിനായുള്ള അപേക്ഷ ഫോമിന് ജിഎസ്‍ടി ഏർപ്പെടുത്തിയതും നഴ്സിംഗ് കൗൺസിൽ അംഗീകാരം വൈകുന്നതും ഈ വർഷത്തെ നഴ്സിംഗ് പ്രവേശനത്തെ ബാധിച്ച പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വിളിച്ച യോഗത്തിൽ സമവായം.   ജിഎസ്‌ടി വിഷയത്തിലടക്കം ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഇതോടെ സര്‍ക്കാരിനുള്ള സീറ്റുകൾ പിൻവലിക്കില്ലെന്നടക്കം ഉറപ്പും നഴ്സിംഗ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷൻ സ‍ര്‍ക്കാരിന് നൽകി.

 

പത്തനംതിട്ട കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.  കട്ടപ്പന ഡിപ്പോയിലെ ബസോടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറാണ്. അപകടകരമായ സാഹചര്യത്തിലായിരുന്നു പാർക്കിംഗ് എന്ന് ബസ് നിർത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  സമീപത്തെ ഓട്ടോ ഡ്രൈവർമാർ അടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ വണ്ടി മാറ്റിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.  സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം തുടങ്ങി.

 

തൃശ്ശൂരിൽ  330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന കാസർഗോഡ് സ്വദേശി നജീബ് ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.

 

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിനെ കൂടാതെ റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരെയും പ്രതി ചേർത്തു. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു.  കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. ചികിൽസയിൽ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും  മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ഹർജി ഈ മാസം  27ന്  കോടതി വീണ്ടും പരിഗണിക്കും.

 

പാര്‍ട്ടി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് വനിതാ സംരംഭകര്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം ഡിടിപിസി തള്ളി.

 

വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. റേഞ്ച് ഇൻസ്പെക്ടർമാർ ഈ മാസം 30 ന് മുമ്പ് പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിലുണ്ട്.  കൂടാതെ സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെ നിരീക്ഷിക്കണമെന്നും,  സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലറിലുണ്ട്.

 

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും.

തൃശൂരിലെ മുല്ലശ്ശേരി പഞ്ചായത്തില്‍ ഏഴ് പേര്‍ അവയവദാനം നടത്തിയതായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരും ഏഴ് സ്ത്രീകളുമാണ് ഇവിടെ അവയവദാനം നടത്തിയത്. സ്ത്രീകള്‍ വളയൂരി കൊടുക്കുന്ന ലാഘവത്തിലാണ് അവയവദാനം നടത്തിയതെന്ന് മുല്ലശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്‍റുമായ സിഎ സാബു പറഞ്ഞു. അവയവ മാഫിയ ഈ പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും സാബു പറയുന്നു.

 

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റി. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആര്‍.ആര്‍.ടി. സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം നെന്മേനി വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍  കുടുങ്ങിയത്.

 

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തില്‍ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെട്ടു.

 

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2022 ജനുവരി 14 ന് കൊല്ലപ്പെട്ട മുല്ലൂർ സ്വദേശി ശാന്തകുമാരിയുടെ  അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് പ്രതികൾ. ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.ചുങ്കത്തറ സ്വദേശി തെജിൻ സാൻ ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

തമിഴ്നാട്ടിൽ മക്കളുടൻ മുതൽവർ ജനസമ്പർക്ക പദ്ധതി ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.  15 സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. 37 ജില്ലകളിലായി ആകെ 2500 ക്യാമ്പുകളാണ് ഉണ്ടാവുക. മക്കളുടൻ മുതൽവർ എന്നാൽ മുഖ്യമന്ത്രി ജനങ്ങളോടൊപ്പം എന്നാണ് അർത്ഥം. ഓരോ ക്യാമ്പിലെയും 20,000 ജനങ്ങള്‍ക്ക് വീതം പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റി ഇൻഡക്‌സ് പ്രകാരം ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 757ആം സ്ഥാനത്ത് തൃശൂർ. കൊച്ചിയുടെ സ്ഥാനം 765 ഉം, മുംബൈ 915-ാം സ്ഥാനത്തുമാണ്. ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത് ഉത്തർപ്രദേശിലെ സഹറൻപൂരാണ്.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിധിയിൽ അപാകതകളില്ലെന്ന കാരണത്താൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി  സുപ്രീംകോടതി തള്ളി.  ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ, അവാമി നാഷണൽ കോൺഫറൻസ്, അഭിഭാഷകൻ മുസാഫർ ഇഖ്ബാൽ ഖാൻ, ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെൻ്റ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തമിഴ് ജനതയോട് മോദിക്ക് ഇത്ര വിദ്വേഷം എന്തിനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ് ജനതയെ അവഹേളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരി ക്ഷേത്രത്തിന്റെ താക്കോൽ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്തെ അപമാനിച്ചു. തമിഴ് ജനതയെ മോഷ്ടാക്കളും വിദ്വേഷ പ്രചാരകരും ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

 

മോദി വീണ്ടും അധികാരത്തിൽ വരുമെന്ന  രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി. ചൊവ്വാഴ്ച ബിജെപി 300 സീറ്റുകൾ നേടുമെന്നാണ് പ്രശാന്ത് കിഷോർ വിശദമാക്കിയത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. 370 സീറ്റുകൾ തനിച്ച് നേടുന്നത് ബിജെപിക്ക് അസാധ്യമാണെന്നും എന്നാൽ 300 സീറ്റുകൾ ഉറപ്പാണെന്നുമാണ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.

 

മോദിക്ക് തുടര്‍ഭരണമെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണത്തിന് പിന്നാലെ   ചാര്‍ സൗ പാര്‍ മുദ്രാവാക്യം വീണ്ടും ചര്‍ച്ചയാക്കി ബിജെപി നേതാക്കള്‍. എന്നാൽ ബിജെപിക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ നടത്തുന്ന പ്രചാരണമാണിതെന്നാണ് ഇന്ത്യ സഖ്യം വ്യക്തമാക്കുന്നത്. ആറും ഏഴും ഘട്ടങ്ങള്‍ കഴിയുന്നതോടെ  എന്‍ഡിഎയുടെ സീറ്റുകള്‍ നാനൂറ് കടക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. മുന്നൂറിന് മുകളില്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആത്മവിശ്വാസം.

 

എ എ പി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 9 ദിവസമായി മിണ്ടുന്നില്ലെന്ന് ബിജെപിയുടെ വിമർശനം. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

 

മുംബൈ ഘാട്കോപ്പർ പരസ്യ ബോർഡ് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലുണ്ടായിരുന്നയാൾ ഇന്ന് മരിച്ചതോടെ  ആകെ മരിച്ചവരുടെ എണ്ണം 17 ആയി. മെയ് 13 നാണ് കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അതേസമയം അപകടവുമായി ബന്ധപ്പെട്ട അന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

 

ക‍ർണാടകയിൽ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ബെലഗാവിയിലെ ഹൂളിക്കട്ടി ഗ്രാമത്തിലെ ഭിരേശ്വർ കരെമ്മ ഉത്സവത്തിനിടെയാണ് സംഭവം. ചികിത്സയിലുള്ള അഞ്ച് പേർ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്ന സ്ഥലത്ത് ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് തുറന്നു.

 

അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി. അപകടം നടന്നത് അന്താരാഷ്ട്ര സമുദ്ര പരിധിയിലെന്നും അധികാര പരിധിക്ക് പുറത്തെന്നും വ്യക്തമാക്കിയാണ് നടപടി. ഈജിപ്ത് സ്വദേശികളായ 9 പേരെയാണ് ഗ്രീക്ക് കോടതി വെറുതെ വിട്ടത്. കഴിഞ്ഞ വർഷം ജൂൺ 14ന്  ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട്  ഗ്രീസിന് സമീപം തകർന്ന് നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ്.  വിമാനം ചുഴിയിൽ പെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

 

സ്‌കൂളുകളില്‍ വെടിവെപ്പ് നടന്ന സംഭവങ്ങള്‍ 2021ലും 2022ലും 2023ലും വര്‍ധിച്ചതോടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ എഐ സാങ്കേതിക വിദ്യയുടെ സഹായം തേടാന്‍ ഒരുങ്ങി അമേരിക്കയിലെ കാൻസസ്.  സ്കൂള്‍ പരിസരത്ത് തോക്കുമായി പ്രവേശിക്കുന്നവരെ എഐ ക്യാമറകള്‍ വഴി കണ്ടെത്താനുള്ള സംവിധാനം ഒരുക്കാനാണ് കാൻസസ് സംസ്ഥാനം പദ്ധതിയിടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *