വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏപ്രിൽ 9ലെ റെക്കോർഡാണ് ഇന്നലെ പിന്നിട്ടത്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5646 മെഗാവാട്ട് ആയി ഉയർന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ് അതിനാൽ സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. അതിനാൽ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും.
പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ഓറഞ്ച് അലർട്ടും, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പകൽ സമയം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും, നിർജ്ജലീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ ഇവിടെ വരികയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും പൊന്നാനിയിലടക്കം യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ലെന്നും, ലീഗ് അത്തരം കാര്യങ്ങൾ ചെയ്യാറില്ല. ബാബരി സംഭവം ഉണ്ടായപ്പോൾ പോലും വർഗീയതക്ക് എതിരെ നിന്നവരാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ മേയറുടെ പ്രവൃത്തി പൊതുപ്രവർത്തകർക്ക് അപമാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അഭിപായപ്പെട്ടു. പാവപ്പെട്ട ഡ്രൈവറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ സി ആർ പ്രാണകുമാറാണ് പരാതി നല്‍കിയത്. ഏതൊരു പൗരനും പൊതു നിരത്തുകളിൽ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ ഈ മാസം 27 ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും, സച്ചിൻ ദേവ് എം എൽ എ യും അവരുടെ കാർ പാളയം ജങ്ഷനിൽ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് കുറുകെ ഇടുകയും, ബസിലെ യാത്രക്കാരുടെ യാത്രയ്ക്ക് തടസം വരുത്തുകയും ചെയ്ത സംഭവം അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. പൊതു വാഹനങ്ങളും, പൊതു ജനങ്ങളുടെ യാത്രയും ആർക്കുവേണമെങ്കിലും ഏതു സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് ഈ സംഭവം സമൂഹത്തിനു നൽകുന്നതെന്നും പരാതിയിലുണ്ട്.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. അതോടൊപ്പം പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.
കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്‌പോരില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍എല്‍.എച്ച് യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു. തന്നെ അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. എം.എല്‍.എ തന്റെ പിതാവിനെ വിളിക്കുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യദു കുററപ്പെടുത്തി.
ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ തട്ടിപ്പാണെന്ന് ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രൻ പക്കാ തട്ടിപ്പുകാരിയാണ്. ഒരു മീറ്റിംഗിലും അവർ പങ്കെടുത്തിരുന്നില്ല. ഇപി ജയരാജനൊപ്പം എപ്പോഴും കേഡർ പൊലീസുണ്ട്. അങ്ങനെ രഹസ്യമായി ഒറ്റയ്ക്ക് വരാനൊന്നും ഇപി ജയരാജന് സാധിക്കില്ല. പ്രകാശ് ജാവ്‌ദേക്കറുമായി ഇപി ജയരാജനെ കാണാൻ പോയത് സർപ്രൈസ് എന്ന് പറഞ്ഞാണ്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച് ജാവ്ദേക്കർ പറഞ്ഞപ്പോൾ ഇപി ജയരാജൻ ദേഷ്യപ്പെട്ടുവെന്നും നന്ദകുമാർ പറഞ്ഞു.
അഴിമതിയുടെ കൊട്ടാരത്തിന്‍റെ കാവല്‍ക്കാരനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെന്ന് കെ.സുധാകരന്‍. ഇപി ഇന്നലെ മടങ്ങിയത് സെഞ്ചുറി അടിച്ച ബാറ്റ്സ്മാന്‍റെ സന്തോഷത്തോടെയാണ്, പിണറായിയോട് ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇ പി ഒഴിഞ്ഞു നിൽക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രക്ഷിക്കാനായിരുന്നു ഇ പി യുടെ കൂടിക്കാഴ്ച്ച. അതു കൊണ്ടാണ് നടപടിയില്ലാതെ പോയതെന്നും, ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും. പിണറായി അടക്കം അകത്തുപോകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
ബിജെപിയിലേയ്ക്ക് ആളുകളെ എത്തിക്കേണ്ടത് ദല്ലാളുമാര്‍ വഴിയല്ലെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല. നരേന്ദ്രമോദിയില്‍ ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ആളുകളെത്തുന്നത്. വിവാദം കോണ്‍ഗ്രസിന് വേണ്ടി സൃഷ്ടിച്ചതാണോയെന്നും പി. രഘുനാഥ് സംശയം പ്രകടിപ്പിച്ചു.
പി.ജയരാജൻ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്. വധശ്രമം , ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ് നാലാം പ്രതി പാറ ശശി , അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ് , ഏഴാം പ്രതി ജയപ്രകാശൻ എന്നിവരയൊണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. എന്നാൽ പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നാണ് അപ്പീലില്‍ പറയുന്നത്.
കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിനിടയിൽ ഇ ഡി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ച് സിപി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. മെയ് ഒന്നിന് വീണ്ടും ഹാജരാകാൻ നോട്ടീസ് കൊടുത്തതാണ് പ്രകോപനത്തിന് കാരണം. തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടെന്നും ഹാജരാകാൻ ആകില്ലെന്നും വർഗീസ് ഇ ഡിയെ അറിയിച്ചു. എന്നാൽ സമൻസ് ഒഴിവാക്കാൻ ആകില്ലെന്നും തൃശ്ശൂരിലെ സിപിഎമ്മിന്റെ ആസ്തി വിവരങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്നും ഇ ഡി നിലപാടെടുത്തു എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാതെ വർഗീസ് മടങ്ങുകയായിരുന്നു.
എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.
എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51 പേർക്കാണ് ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുവരെ രോഗം ബാധിച്ചത്. പെരുമ്പാവൂരിലും എറണാകുളത്തുമായി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി നിരവധി വേങ്ങൂർ സ്വദേശികൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കിലുള്ളതിനേക്കാളും രോഗികളുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കുളം ശുചീകരിക്കാൻ വൈകിയതാണ രോഗം പടരാൻ ഇടയാക്കിയതാണെനാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു ചേർത്തു.
മലയാളി അഭിഭാഷകൻ വിപിൻ നായരെ സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥി ദേവ്റാത്തിനെ 88 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിപിൻ നായർ തെരഞ്ഞെടുക്കപ്പെട്ടത്. അമിത് മിശ്രയാണ് ഉപാധ്യക്ഷൻ. നിഖിൽ ജെയിനാണ് സെക്രട്ടറി. മലയാളി അഭിഭാഷകൻ അൽജോ ജോസഫിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവർ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. പ്രതിയുടെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ്.
തൃശ്ശൂർ കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ നിന്നും കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ, മകൾ പൂജിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു. ഗാന്ധി കുടുംബത്തിലെ ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമാണ്. എന്നാർ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്ന് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പ്രിയങ്ക പങ്കെടുക്കൂവെന്നും റിപ്പോർട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദില്ലി പൊലീസ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നാളെ ദില്ലി പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി അദ്ദേഹം നാളെ ഹാജരായേക്കില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസം, ബംഗാൾ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വലിയ വിജയം ബിജെപിയും എൻഡിഎയും നേടും. ദക്ഷിണേന്ത്യയിൽ കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെൻഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കുറ്റപത്രത്തിൽ വിശദമാക്കുന്നു. ഇരകൾ പൊലീസിനോട് സഹായം തേടിയിട്ടും നൽകിയില്ലെന്നും പൊലീസ് വാഹനത്തിൽ ഇവരെ ഇവിടെ നിന്ന് മാറ്റാൻ തയ്യാറായില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അശ്ലീലവീഡിയോ വിവാദത്തെ തുടർന്ന് ജെഡിഎസ് പ്രജ്വൽ രേവണ്ണയെ സസ്പെൻഡ് ചെയ്തു. എസ്ഐടി റിപ്പോർട്ട് വന്ന ശേഷം പുറത്താക്കണോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകും. പാർട്ടി അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടേതാകും അന്തിമ തീരുമാനം. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ വിവാദത്തിൽ ജെഡിഎസ് കോർ കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്കെത്തിയത്.
പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കർണാടക ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു.സംഭവത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് വനിതാകമ്മീഷൻ ആവശ്യം.
അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബീഹാറിലെ ഭഗൽപൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.