Screenshot 20260718 134017 4

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‎ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

‎മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതി യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി.

‎കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണിൽ കൊപ്രയ്ക്ക് ഗണ്യമായ വർധനവോടെ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.

‎ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ ബെവ്കോ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ. ഇത്രയും തുക അടക്കേണ്ടി വന്നതോടെ ബെവ്കോയ്ക്ക് ഈ വർഷം 180 കോടി രൂപ നഷ്‌ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു.

‎മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും.

‎വീണ ടി യ്ക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗവുമായി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും, അപസർപക കഥകൾ മെനയുകയാണ്, കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

‎മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തിൽ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം. മാർക്കറ്റിംഗ് കൺസൾട്ടന്‍റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്‌സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം.

‎ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,000 പേർക്ക് തിരുവോണസദ്യ നൽകും. രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ നൽകും.

‎ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കാണ് സർവീസ്.

‎മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള സദാചാര പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് ഡിവൈ എഫ് ഐ. നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ്. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്നും സനോജ് പറഞ്ഞു.

‎കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ സിപിഎം നേതാവും പഞ്ചായത്ത് മെമ്പറുമായ മനു മത്തായി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് എക്സൈസ് പറയുമ്പോൾ, ചെക്ക് പോസ്റ്റിലെ പണപ്പിരിവിനെയാണ് താൻ ചോദ്യം ചെയ്തതെന്ന് മനു മത്തായി പറയുന്നു.

‎തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് തുണിക്കട ഉടമ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ 50 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.

‎തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

‎കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ പിടികൂടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.

‎കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

‎36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്‌റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.

‎ദുബായ് ശൈഖ് സായിദ് റോഡിലെ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്‌മെന്റ് വ്യക്തമാക്കി.

‎മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ജോസഫ് വിജയ്‍യും ടിവികെയും യു-ടേൺ അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

‎മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെ. നിരവധി സ്കൂളുകളിൽ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്നും, ചില സ്കൂളുകളിൽ മൃഗങ്ങളെക്കാൾ മോശമായ രീതിയിലാണ് വിദ്യാർഥികളെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‎അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം കോൺഗ്രസ് എംഎൽഎ രമേഷ് ഗൗഡ വിവാദത്തിലായി. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീൽസ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു.

 

‎പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇമ്രാൻ ഖാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. ഇക്കാര്യം ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി സ്ഥിരീകരിച്ചു.

‎മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള സ്കോട്ടി ഗ്വിൻ ക്രോവൽ എന്ന പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം.

‎അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്.

‎ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധവും സമ്മർദതന്ത്രവും അല്ല പരിഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി.

‎കേരള ക്രിക്കറ്റ് ലീഗിന്‍റെ പരിഷ്കരിച്ച ഔദ്യോഗിക ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.

‎പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. പാകിസ്ഥാനെതിരെ 66 റണ്‍സ് നേടി പുറത്തായ റൂട്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് എത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *