Screenshot 20260718 134017 4

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശൻ. എന്നാൽ ബിജെപിയും ഇടതുനേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചു. ചടങ്ങിലെ മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും തിരുവനന്തപുരം മേയറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.

‎വികസന ചരിത്രത്തിലെ സുപ്രധാന ദിവസമാണ് ഇന്നെന്നും ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ അഭിമാനപദ്ധതി മിഷൻ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.

‎റോഡപകടങ്ങൾ കുറയ്ക്കാനുള്ള കേരള പോലീസിന്റെ എ ഐ ട്രാക്ക് ഉൾപ്പെടെ മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എ ഐ ട്രാക്ക് വഴി റോഡിലെ വിവരങ്ങൾ മുൻകൂട്ടി ആളുകളെ അറിയിക്കാൻ കഴിയും. സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള സൈബർ വാൾ പദ്ധതിയും ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ ഡി റെയ്ഡ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ ഇഡിയുടെ പരിശോധന തുടരുകയാണ്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്ത് നന്ദുലാലിൻ്റെ അപ്പാർട്ട്മെൻ്റിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.

‎നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

‎പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമപ്രവർത്തനം നടത്തിയെന്നും മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നത് ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

 

‎തെരഞ്ഞെടുപ്പിന് മുമ്പ് മുൻ സർക്കാർ സംഘടിപ്പിച്ച നവകേരള സർവേയിൽ കെഎസ്എഫ്ഇയ്ക്കും നഷ്ടം. സർവേയ്ക്ക് ഇറങ്ങിയ സന്നദ്ധ പ്രവർത്തകർക്ക് ബുക്കും പേനയും നൽകാനുള്ള ചെലവിനായി 46 ലക്ഷം രൂപ കെഎസ്എഫ്ഇ കുടുംബശ്രീക്ക് നൽകിയെന്നാണ് വിവരാവകാശ രേഖ.

‎എൻഎസ്‍എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ എം എൽ എ. ഓരോരുത്തർക്കും ഓരോ ശൈലികൾ ആണ്. ജി സുകുമാരൻനായരെ അപമാനിക്കാൻ നീചമായ ശ്രമമുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

‎കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. 50% ബസുകളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന പരാതിയിലാണ് നടപടി.

‎കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തെ തുടർന്നുണ്ടായ സമരത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച അഞ്ചിന ആവശ്യങ്ങൾ കോളേജ് മാനേജ്മെന്‍റ് അംഗീകരിച്ചു. വിദ്യാർത്ഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കാനും തീരുമാനമായി.

‎സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. എന്നാൽ സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിനാൻസ് സ്ഥാപനത്തിന്റെ വിശദീകരണം.

‎മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. ജോസ്ക്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികൾ.

‎അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ് എച്ച് ഓ തയാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് കൈമാറിയത്.

‎കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്.

‎പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിൻ്റെ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന്  കർശ്ശന നിർദ്ദേശം നൽകി കോൺഗ്രസ്.  സ്വാതന്ത്ര്യ ദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നിർദ്ദേശം.

‎രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

‎തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം.

‎ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ച യുവതി അറസ്റ്റിൽ. 27 വയസ്സുകാരിയായ നാദിറ സുൽത്താന ആണ് മുംബൈ പൊലീസിൻ്റെ പിടിയിലായത്. ഒരു മാസം മുമ്പ് ഇവരെ ഇന്ത്യയിൽനിന്ന് നാടുകടത്തിയിരുന്നു.

‎തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്, സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.

‎റിയാദിൽ നടക്കുന്ന 2026-ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ ‘മത്‌ലൂഥ് ഗൈർ’ ഇനത്തിൽപ്പെട്ട വേട്ടപ്പരുന്ത് 13 ലക്ഷം റിയാലിന് വിറ്റുപോയി, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന തുകയാണ്.

‎ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ റിഷഭ് പന്തും അഞ്ച് റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *