WhatsApp Image 2026 07 02 at 1.32.53 PM

‎ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാർഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

‎ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.

‎ശബരിമല തന്ത്രി നിയമനത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ അഭിപ്രായം തേടും. നിയമനത്തില്‍ കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന്‍ ബ്രഹ്മദത്തനെ നിയമിക്കണമെന്ന അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കുന്നത്.

‎ആറന്മുള വിമാനത്താവളത്തിന് എതിരല്ലെന്നും എന്നാൽ പഠനങ്ങൾ ഈ തരത്തിൽ അല്ല വേണ്ടത്, നല്ല പദ്ധതി വന്നാൽ പിന്താങ്ങുമെന്നും ആറന്മുള എംഎല്‍എ അബിൻ വർക്കി. എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല. സർക്കാർ ഔദ്യോഗികമായി ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‎വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, കേരളത്തിലെയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് നടക്കും.

‎വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, ടിപി രാമകൃഷ്ണനും.

വിഴിഞ്ഞത്തിനെതിരല്ല വ്യവസ്ഥകളാണ് പ്രശ്‌നമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

‎വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ, ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലെന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

‎അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനം ഉണ്ടെന്ന അമിത് ഷായുടെ പരമാർശം സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

‎വിഴിഞ്ഞം എംഡി സ്ഥാനത്തു നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്ന് തോമസ് ഐസക്. എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

‎സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച ജി സുധാകരൻ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ. സർക്കാർ ഏറ്റെടുത്തുകഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകുവാൻ കഴിയുമെന്ന് പറയാൻ സാധിക്കുമോയെന്ന് മനു സി പുളിക്കൽ ചോദിച്ചു.

‎കോറോ ഹെൽത്തിന് പിന്നാലെ കൂട്ടവിരിച്ചുവിടലുമായി കൊച്ചി ആസ്ഥാനമായ ടാൽറോപ്. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം.

‎ആഭ്യന്തര മന്ത്രിയെ ഫോണിൽ വിളിച്ചത് തന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടാനല്ലെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണെന്നും നടി അൻസിബ ഹസൻ.

‎കെഎസ്ആർടിസി പ്രിയദർശിനി ബസ് സമയം തെറ്റിച്ച് സർവീസ് നടത്തിയതിനെത്തുട‍ർന്ന് ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ച ഉടമക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധിക്ഷേപിക്കുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉപ്പുതറ പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.

‎ഇടുക്കി കഞ്ഞിക്കുഴിയിൽ ആദിവാസി യുവാവായ അജീഷിന്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളോട് വനംവകുപ്പ് മന്ത്രി പരിഹാസ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി. വി. വർഗീസ്. ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‎സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനു താഴെ വിമർശനവുമായി അണികൾ. കെകെ രാഗേഷിൻ്റെയും, ടിഐ മധുസൂദനൻ്റെയും പോസ്റ്റുകൾക്ക് താഴെയുള്ള കമൻ്റുകളിലാണ് വിമർശനം ശക്തമാവുന്നത്. ധനരാജ് രക്തസാക്ഷിത്വ ഫണ്ട്‌ തിരിമറി ആരോപണം ഉയർത്തിയാണ് വിമർശനം.

‎കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണ്ണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വി ഡി സതീശൻ പങ്കെടുത്തു.

‎മന്ത്രി കെഎ തുളസിയുടെ ഡ്രൈവർ ഡിവൈഎഫ്ഐ നേതാവെന്ന ആരോപണവുമായി യൂത്ത്കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ. സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് സതീഷ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് നിതിൻ എന്ന് മന്ത്രി കെ തുളസി പ്രതികരിച്ചു.

‎കോഴിക്കോട് പെരുവ‌യലിൽ പൊലീസിനെ ആക്രമിച്ച് ഗുണ്ടാസംഘം. തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞായിരുന്നു ആക്രമണം. പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആട് ഷെമീറും സംഘവുമാണ് ആക്രമണത്തിന് പിന്നിലുള്ളത്.

‎മലപ്പുറം കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകൻ വടകര സ്വദേശി ബൽരാജിനെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിൻ്റെ എല്ല് പൊട്ടിയെന്നാണ് പരാതി.

‎വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്.

‎പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.

‎ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയതായി കുടുംബത്തെ അറിയിച്ചു.

‎കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

‎തെലങ്കാനയിൽ പോക്സോ കേസ് ഇരയായ 16കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി റായ്‍വാലഗുഡ സ്വദേശിയായ രാജു കുമാർ. കൊല്ലപ്പെട്ടവരിൽ ഇയാളുടെ സ്വന്തം ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട 16കാരിയുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് ചുമ കേസെടുത്തിരുന്നു.

‎ബഹിരാകാശനിലയത്തിലെ എക്സ്പെഡിഷൻ 74ൻ്റെ ഭാഗമാകാൻ പാതിമലയാളിയായ അനിൽ മേനോൻ. എട്ട് മാസം നീളുന്ന ദൗത്യത്തിനായി ജൂലൈ പതിനാലിന് സൊയൂസ് ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന അനിലിൻ്റെ എട്ട് മാസത്തെ ദൗത്യ ശേഷം മടക്കം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും.

‎ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരും.

‎തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി വിജയ്‍യുടെ പ്രസംഗം സംപ്രേഷണം ചെയ്ത സംഭവത്തിൽ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി.

‎ഒഡീഷയിലെ ബാലസോറിൽ എടിഎം മെഷീൻ മോഷ്ടിച്ചു കൊണ്ടു പോയി. കാറിലെത്തിയ സംഘം എടിഎം ബൂത്ത്‌ തകർക്കുകയും, പിന്നാലെ മെഷീൻ വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടു പോകുകയുമായിരുന്നു. പണം കവർന്ന ശേഷം എടിഎം മെഷീൻ വഴിയിൽ ഉപേക്ഷിച്ചു.

‎അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാജ്യവ്യാപക ഒപ്പുശേഖരണത്തിന് ആം ആദ്മി പാർട്ടി. ക്ഷേത്രത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം.

‎മധ്യപ്രദേശിൽ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നരോത്തം മിശ്രയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി വൻ പ്രതിഷേധം. നരോത്തം മിശ്രയുടെ അനുയായികളായ മൂവായിരത്തോളം പേർ 12 മണിക്കൂറോളം നേരം ദേശീയപാത ഉപരോധിച്ചത് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു.

‎ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പ്രൊജക്റ്റ് 17എ -യുടെ ഭാഗമായി നിർമ്മിച്ച അവസാനത്തെ യുദ്ധക്കപ്പലാണ് ഐഎൻഎസ് മഹേന്ദ്രഗിരി.

‎അയോധ്യ ക്ഷേത്രക്കൊള്ളയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി മൗനം പാലിക്കുന്നതിൽ കോൺഗ്രസിലും, ഇന്ത്യ സഖ്യത്തിലും ചോദ്യങ്ങൾ ഉയർന്നു. വിഷയത്തിൽ എക്സിലൂടെയോ, നേരിട്ടോ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

‎ഭീഷണിയും തിരിച്ചടിയുമായി യുഎസും ഇറാനും. തന്നെ വധിക്കാൻ നോക്കിയാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായുമെന്നും, തനിക്കെതിരെ വധശ്രമത്തിന് ഇറാൻ മുതിർന്നാൽ രാജ്യം കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

‎സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ. ഈ ലോകകപ്പിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെ മാത്രമാണെന്ന് യമാൽ വ്യക്തമാക്കി. ജൂലൈ 14-ന് ഡാളസിലാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം.

‎ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ഇന്ന് നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി രണ്ടരക്കാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്‍റെയും ലക്ഷ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *