പച്ചമുട്ട ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന പ്രതീതി പണ്ടുകാലം മുതലുള്ളതാണ്. എന്നാല്‍ നേരെ തിരിച്ചാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പച്ചമുട്ട കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീഷണി ഭക്ഷ്യവിഷബാധയാണ്. ‘സാല്‍മൊണല്ല’ പോലുള്ള മാരകമായ ബാക്ടീരിയകള്‍ പച്ചമുട്ടയില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ശരീരത്തിലെത്തിയാല്‍ കടുത്ത വയറിളക്കം, പനി, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാകാം. സാധാരണക്കാര്‍ക്ക് ഇത് പെട്ടെന്ന് ഭേദമാകുമെങ്കിലും ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സാല്‍മൊണല്ല ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പച്ചമുട്ടയുടെ വെള്ളയില്‍ അവിഡിന് എന്നൊരു പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പച്ചമുട്ട സ്ഥിരമായി കഴിക്കുന്നത് ശരീരത്തില്‍ ബയോട്ടിന്‍ ആഗിരണം ചെയ്യപ്പെടുന്നതിനെ തടസപ്പെടുത്തും. ഇത് ശരീരത്തില്‍ ബയോട്ടിന്റെ കുറവിനും അതുവഴി മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. എന്നാല്‍ മുട്ട പാകം ചെയ്യുമ്പോള്‍ അവിഡിന് പ്രോട്ടീന്റെ ഈ ദോഷഫലം ഇല്ലാതാകുന്നു. മാത്രമല്ല, പാകം ചെയ്ത മുട്ടയിലാണ് ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത്. മുട്ട ചൂടാക്കി പാകം ചെയ്യുമ്പോള്‍ അതിലെ പ്രോട്ടീനുകളുടെ ഘടനയില്‍ വ്യത്യാസം വരുന്നു. ഇത് നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് പ്രോട്ടീനുകളെ എളുപ്പത്തില്‍ ദഹിപ്പിക്കാനും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങള്‍ പൂര്‍ണമായി ലഭിക്കുന്നതിനും ഒപ്പം ആരോഗ്യ സുരക്ഷിതത്വത്തിനും മുട്ട എപ്പോഴും പാകം ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
പച്ചമുട്ട കഴിച്ചാല്‍ ഭക്ഷ്യവിഷബാധയോ?
