Screenshot 20260613 141344

വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കും, പൊതു താൽപ്പര്യം സംരക്ഷിക്കും, നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം, ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം എന്നീ അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂ എന്നും നിയമസഭയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

‎ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക ഉണ്ടെന്നും, മത്സരമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‎മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും.

‎ആസൂത്രണ ബോർഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‎ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു നടന്ന വിവാദമായ കൊച്ചിയിലെ ക്രിമിനൽ കേസ് പ്രതികളുടെ യോഗത്തിൽ കെ സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു.

‎കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാൻ യോഗം സ്വകാര്യപരിപാടി എന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസ്. ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‎സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്.

‎ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചെന്ന് കണ്ടെത്തി. സഹ തടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് കൊടി സുനി ഫോൺ വിളിച്ചത്. സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിന് തവനൂർ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു.

‎വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു.

‎കടലിൽ വീണ തൊഴിലാളികളെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി

‎നടി അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. കോടതി ഉത്തരവ് കയ്യിൽ കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

‎ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. ഡോക്ടർമാരുടെ ത്യാഗവും കാരുണ്യവും മുൻനിർത്തി, മികച്ച ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും ഈ ദിവസം ലക്ഷ്യമിടുന്നു. ഈ വർഷത്തെ ഡോക്ടേഴ്സ് ദിനത്തിന്റെ പ്രമേയം ‘ബിഹൈൻഡ് ദ മാസ്ക്: ഹൂ ഹീൽസ് ദ ഹീലേഴ്‌സ്’.

‎വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

‎അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

‎മോഷ്ടിച്ച പണം ശുചിമുറിയിൽ ഒളിപ്പിച്ച ശേഷം സൌകര്യം അനുസരിച്ച് പുറത്ത് എത്തിക്കുന്നതായിരുന്നു പതിവെന്ന് അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാനപ്രതിയായ അവനാശ് ശുക്ള വ്യക്തമാക്കി.

‎പിന്തുണ നിലനിർത്തുന്നതിന്റെ ഭാഗമായി വിജയുടെ ടിവികെ ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ചുചേർത്ത നിർണായക സഖ്യയോഗത്തിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ല. എന്നാൽ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാർട്ടി നേതാക്കൾ വിജയ് യെ കാണും.

‎ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് കയറി പൈലറ്റിന് ദാരുണാന്ത്യം. കെട്ടിടത്തിലുണ്ടായിരുന്ന 13 പേർക്ക് സംഭവത്തിൽ പരിക്കേറ്റു.

‎ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനാണ് പ്രഥമ പരിഗണനയെന്ന് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. സേനയിൽ നടപ്പാക്കുന്ന ആധുനികവൽക്കരണത്തിന് വിജയ് എന്ന് കരസേന മേധാവി പേര് നൽകി.

‎ബ്രിട്ടനിൽ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാർഥികൾക്ക് വേണ്ടി സർക്കാർ അവരുടെ താമസത്തിനും ജീവിതച്ചെലവിനുമായി വഹിച്ച തുക തിരിച്ചടയ്ക്കണമെന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടീഷ് സർക്കാർ. പുതിയ ഇമിഗ്രേഷൻ, അഭയാർത്ഥി ബില്ലിന്‍റെ ഭാഗമായാണ് ഈ പുതിയ നിർദേശം.

‎പാക് അതിർത്തിയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാൻ താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് താലിബാൻ സേന അവകാശപ്പെടുന്നത്. ബലൂചിസ്ഥാനിലും പക്തൂൺഖ്വാ പ്രവിശ്യകളിലും ആക്രമണം നടന്നതായാണ് താലിബാൻ സേന വിശദമാക്കുന്നത്.

‎2028-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അധ്യക്ഷൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബംഗാളിലേത് പോലെ ബിജെപിയുടെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഞെരിച്ചമർത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു .

‎ഇറാൻ അമേരിക്ക ധാരണാപത്രത്തിലെ അഞ്ച് വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷം മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കി. ഇറാൻ്റെ ആണവ അവകാശങ്ങൾ ഉപേക്ഷിക്കില്ലെന്നും ഗാലിബഫ് വ്യക്തമാക്കി.

‎ഇക്വഡോറിനെ വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. 22-ാം മിനിററില്‍ ഹൂലിയൻ ക്വിനോനെസിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31ാം മിനിറ്റില്‍ റൗൾ ഹിമെനെസിന്‍റെ ഗോളിലൂടെ ലീഡുയര്‍ത്തി.

‎ഫിഫ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയന്‍ എംബാപ്പെ. സ്വീഡനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ഇരട്ടഗോളുകള്‍ നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് 28-കാരനായ എംബാപ്പെ സ്വന്തമാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *