സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശൻ മേശപ്പുറത്ത് വെച്ചു. അതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
ധവളപത്രമുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ വിയോജന വാദങ്ങൾ തള്ളി മുഖ്യമന്ത്രി വിഡി സതീശന്‍ . കെ എൻ ബാലഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകളെന്നും അദ്ദേഹം പറഞ്ഞു. തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു. ബാക്കി തുക മാത്രമേ വികസന കാര്യങ്ങൾക്കായി ലഭിക്കുന്നുള്ളൂ. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് ധവളപത്രം. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, ഖജനാവിൽ 5263 കോടി രൂപ ബാലൻസ് ഉണ്ടെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്ന് ധവളപത്രം. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു.
ധനവകുപ്പ് വസ്തുത പരിശോധന നടത്തിയാണോ ധവളപത്രം ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതുയുഗ കേരളം ഒരു മുദ്രാവാക്യം മാത്രമായെന്നും വിമർശിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധവളപത്രം തയാറാക്കിയതിനെ ചൊല്ലി സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ പോര്. ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ സഭയിൽ മറുപടി പറഞ്ഞു.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികൾ 16-ാം തീയതി വരെ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി പി എമ്മും സി പി ഐയും തമ്മിലെ തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സി. പി. ഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്.
എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ റിപ്പോര്‍ട്ട് കൈമാറി.
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം.
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ മെയ് മാസം വിറ്റഴിച്ചത് 1.2 കോടിയിലധികം ലഡ്ഡു. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. ഇക്കഴിഞ്ഞ മെയ് മാസം 1,21,35,528 ലഡ്ഡു വിറ്റുപോയതായി ക്ഷേത്ര നടത്തിപ്പുകാരായ തിരുപ്പതി തിരുമല ദേവസ്ഥാനം അറിയിച്ചു.
ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം.
സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ, പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുന്നു. കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെടുകയും 12 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇനി ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
