പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ നടന്നു. നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിച്ചു. വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തിയത്.
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. രാസലഹരി ഉള്‍പ്പെടെ ലഹരിയുടെ വേരറുക്കാന്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കും, എക്‌സ്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ചാകും പദ്ധതികള്‍. സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടപ്പാക്കും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപനമുണ്ട്.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 13 മിനുട്ട് നീണ്ടു.
ഗവർണറുടെ നയപ്രഖ്യാപനത്തിൽ സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന് അറിയിപ്പ്. സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.
ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെതിരെ പരാമർശങ്ങൾ ഇല്ല. കേന്ദ്ര സർക്കാറുമായി പരമാവധി സഹകരിച്ച് പോകുമെന്നും ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
നയപ്രഖ്യാപനം തുടങ്ങുന്നതിന് മുമ്പും ശേഷവും വന്ദേ മാതരം മുഴുവൻ വായിച്ചില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യമെന്ന് അഭിപ്രായപ്പെട്ട പിണറായി വിജയൻ കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനമെന്നും വിമർശിച്ചു. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനമല്ല. പ്രധാന പദ്ധതികളെക്കുറിച്ച് പരാമർശിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മുഴുവൻ വന്ദേമാതരം പാടണമെന്നിരിക്കെയാണ് പൂർണമായി പാടാത്തതെന്നും ഗവർണർ പ്രതികരിച്ചു.
ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്ന് വി മുരളീധരൻ എംഎൽഎ. ഇത് ലോക്ഭവനോടും ബഹുമാനപ്പെട്ട ഗവർണറോടുമുള്ള അവഹേളനമാണെന്നും മുരളീധരൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ജീവിതം അഴിമതിയിലും അവസരവാദത്തിലും അധിഷ്‌ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനത്തിലൂടെ ഈ രാഷ്ട്രീയത്തിന് അന്ത്യമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ.
കേരള സിലബസ് കാലഹരണപ്പെട്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതെന്തടിസ്ഥാനത്തിലാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കേരള സിലബസ് മോശമാണെന്നും പറഞ്ഞ് മറ്റു ചില കോഴ്സുകളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്.
സിഎംആർഎൽ എക്സാലോജിക് ഇടപാടു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നും ഇഡി പറയുന്നു.
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. ഇ.ഡി അന്വേഷണം ഉടൻ തടയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിലും സുരക്ഷാ വീഴ്ചയിലും ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ക്ഷേത്രം ഭരണ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും.
ഇടുക്കി ചിന്നക്കനാലിൽ വനംവകുപ്പിൻറെ കൈവശമുള്ള ഭൂമിയിൽ കയ്യേറ്റം. കെഎസ്ഇബിയുടേതുൾപ്പെടെ പത്ത് ഹെക്ടറോളം സ്ഥലം കയ്യേറി. മൂന്നരയേക്കർ സ്ഥലത്തെ കയ്യേറ്റം വനംവകുപ്പ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു.
ഭിന്നശേഷി സൗഹൃദമായ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്തിനാൽ തുടർ പഠനം മുടങ്ങുമോ എന്ന് ആശങ്കപ്പെട്ട മീനാക്ഷി ഇടപ്പള്ളി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠിക്കും. സ്കൂളിൽ റാമ്പ് ഉടൻ പണിയും. സ്കൂൾ അധികൃതരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിച്ചു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . 6 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തിൽ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഭീഷണിപ്പെടുത്തി.
ടെറ്റ് പരീക്ഷയിൽ പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീംകോടതി. എന്നാൽ, 2010 ന് മുമ്പ് നിയമിതരായവർ രണ്ടു കൊല്ലത്തിനുള്ള ടെറ്റ് പാസാക്കണമെന്ന് ഉത്തരവിൽ ചെറിയ പരിഷ്കാരവും വരുത്തി. സമയപരിധി ഒരു വർഷം കൂടി നീട്ടി മൂന്നുവർഷമാക്കി.
പശ്ചിമ ബംഗാളിലെ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ കർശനമായ പരിശോധനകളും നടപടികളും ആരംഭിച്ചു.
കർണാടകയിൽ ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കി സിദ്ധരാമയ്യയും ഡി. കെ. ശിവകുമാറും സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിലെത്തി. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ തവര്‍ ചന്ത് ഗഹലോട്ട് അംഗീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകും.
ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്.
നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ വലിയ നാശനഷ്ടമുണ്ടായ എട്ട് ജില്ലകളിൽ 14 പുതിയ സ്‌കൂളുകൾ നിർമിക്കുമെന്ന് ഇന്ത്യ. ഇതിനായുള്ള ധനസഹായവും പ്രഖ്യാപിച്ചു. കരാറുകളിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവെച്ചു.
കുവൈത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണം രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് യുഎഇ കുറ്റപ്പെടുത്തി.
ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിൽ നിന്നും ഇസ്രയേലിനെതിരെ എതിർപ്പുയരുമ്പോഴും ഇന്ത്യയിൽ അതില്ലെന്നും മറ്റെവിടെ നിന്നുള്ളതിനേക്കാളും കൂടുതൽ പേർ ഇന്ത്യയിൽ നിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡാളസിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ശക്തമായ സ്‌ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന് നേരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല. ഇറാന്റെ നീക്കം എല്ലാ രാഷ്ട്രങ്ങളും തള്ളിക്കളയണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ഫിഫ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ജേതാക്കള്‍ ആയ അര്‍ജന്റീനയുടെ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. പരിക്ക് സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും നായകന്‍ ലിയോണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്തി. എമിലിയാനോ മാര്‍ട്ടിനസും ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും അടക്കം 2022ല്‍ ലോകചാംപ്യന്മാര്‍ ആയ ടീമിലെ 17 പേരെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
