mid day hd 1

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റിലുള്ള ആം ആദ്മി പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ ശ്രമിച്ചതിനിടെ ഇന്നും സംഘർഷം. പഞ്ചാബ് മന്ത്രി ഹർജോത് സിങ്ങ് ബയസിനെ ഉൾപ്പെടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും അടച്ചു. പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

ദില്ലിയിൽ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിര്‍ദ്ദേശം നൽകിയെന്ന് വ്യക്തമാക്കി. ദില്ലിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.

 

 

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ.ആന്‍റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, എന്നാൽ അത് ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടല്ല. ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്നും. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്‍റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി വ്യക്തമാക്കി.

 

 

 

മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സര്‍ക്കാര്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ ഭൂരിഭാഗം കേസുകളും പിൻവലിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം പൗരത്വം എന്ന് പറഞ്ഞ മുഖ്യമന്ത്രി വരണ്ടെന്നും, യുഡിഎഫ് എംപിമാർ സിഎഎക്കെതിരെ പാർലമെന്റിൽ സംസാരിച്ചതിന് തെളിവുണ്ട്. എന്നിട്ടും പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി. സിഎഎയിൽ കോൺഗ്രസിന്റെ സമരവും പരിപാടികളും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണ് പലതും അറിയാത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

 

 

 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. ഹർജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും വേണമെന്നും ഹർജിയിൽ ഇതേവരെ സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ ഹഫീസ് കോടതിയെ സമീപിക്കുകയായിരുന്നു.

 

 

പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കി. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹർഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഎമ്മിന്‍റെ വാർത്താസമ്മേളനം. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും മുന്‍ എംഎല്‍എ എ പത്മകുമാര്‍ പ്രതികരിച്ചു. യോഗത്തിൽ കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വിഎൻ വാസവനും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രചരണ യോഗം എവിടെ നടത്തണമെന്ന കാര്യത്തിൽ കമ്മിറ്റിയിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വേണമെങ്കിൽ ബഹളമെന്ന് തോന്നാവുന്ന തർക്കം മാത്രമായിരുന്നു അതെന്നും അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രിയും വ്യക്തമാക്കി.

 

 

മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യപ്പെടുത്തി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ പങ്കെടുത്തുകൊണ്ട് പിണറായി സംസാരിച്ചത്. ഇതിനെതിരെയാണിപ്പോള്‍ ബിജെപി പ്രതിഷേധം ശക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം രാജ്യദ്രോഹപരമാണെന്നും ഇതിനെ ബിജെപി നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

 

 

 

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും, യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി.

 

 

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. അതോടൊപ്പം കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്ന് ബന്ധുക്കളും ആരോപിച്ചു.

 

 

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥിന്‍റെ പിതാവ് ജയപ്രകാശ് കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി പ്രതിപക്ഷനേതാവ് വീഡി സതീശനെ സന്ദര്‍ശിച്ചു. കൊലയാളികളെ സര്‍ക്കാരും പൊലീസും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ടെന്നും കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതോടൊപ്പം കേസ് സി.ബി.ഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകള്‍ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സര്‍വകലാശാലയും സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിഡിസതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

 

 

സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും, കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്നും അച്ഛന്‍ ജയപ്രകാശ്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരകാര്യങ്ങളെ കുറിച്ചൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.

 

 

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത ശേഷം പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെൻഷൻ നൽകി. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് വീണ്ടും സസ്‌പെൻഷൻ നൽകിയിരിക്കുന്നത് . ഇത് സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു.

 

 

 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. എന്നാൽ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും, യുഡിഎഫിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

 

മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സർക്കാരിനെ പുകഴ്ത്തിയും പിന്തുണ പ്രഖ്യാപിച്ചും സമസ്ത പ്രതിനിധി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ. സർക്കാരിൻ്റേത് ധീരമായ നിലപാടാണെന്നും, നിയമ നടപടികൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് സമസ്ത പ്രതിനിധി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്.

 

 

 

കേരള ഓപ്പൺ സര്‍വകലാശാലയുടെ വൈസ് ചാൻസലര്‍ മുബാറക് പാഷയുടെ രാജി ഉപാധികളോടെ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇദ്ദേഹത്തിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാന പ്രകാരം തുടര്‍ നിലപാട് സ്വീകരിക്കുമെന്നും, മുബാറക് പാഷയുടെ ഒഴിവിൽ വിപി ജഗദിരാജിനെ പുതിയ വിസിയായി നിയമിക്കുമെന്നും രാജ്ഭവൻ വ്യക്തമാക്കി.

 

 

തീരസുരക്ഷക്കായി തീരദേശ പോലീസിന്റെ ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം. സ്വകാര്യ ഹെലികോപ്റ്ററിൽ തിരുവനന്തപുരം പൂവാർ മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ഒരു മണിക്കൂറിലെ ആകാശപ്പറക്കൽ നടന്നത്. എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാർ, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹെലികോപ്റ്റർ പട്രോളിംഗ്.

 

 

നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് കോൺഗ്രസ് പാര്‍ട്ടി നേതൃത്വം. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞിട്ടുള്ളത്. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾക്ക് വ്യക്തിപരമായി ഉണ്ടാകുന്ന ബാധ്യത ആദായ നികുതി വിലക്ക് നീക്കിയാൽ പരിഹരിക്കാമെന്ന ഉറപ്പാണ് പിസിസികൾക്ക് എഐസിസി നേതൃത്വം നൽകിയിരിക്കുന്നത്.

 

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാർട്ടിയെന്ന് വിഡി സതീശൻ പറഞ്ഞു. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചരണ രംഗത്തിറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോലും പണമില്ല. ജനങ്ങൾ സഹായിക്കും എന്നാണ് പ്രതീക്ഷയെന്നും, പ്രതിസന്ധി കൂടിയാൽ ക്രൗഡ് ഫണ്ടിങിലേക്ക് പോകും. വോട്ടും പണവും തന്ന് ജനങ്ങൾ കോൺഗ്രസിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

വയനാട്ടിൽ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ സുരേന്ദ്രൻ. വയനാട്ടിൽ കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടെന്ന് പറയുന്നത് പ്രതികൂലമാവില്ലെന്നും, നെഹ്റു കുടുംബത്തിന്റെ കുത്തകയായിരുന്ന അമേഠിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നിർദ്ദേശപ്രകാരമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

 

 

 

ശബരിമല പ്രക്ഷോഭത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നവർ എന്തുകൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടാത്തതെന്നും, വിഷയത്തിൽ ഇരട്ടനീതി ആണെന്നും അദ്ദേഹം ആരോപിച്ചു.

 

 

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിനിടെ ഓഫീസിൽ കഞ്ചാവ് കൃഷി നടന്നുവെന്ന് മൊഴി നൽകിയ ഫോറസ്റ്റ് വാച്ചർ തന്റെ മൊഴി തിരുത്തി. തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴി നൽകിപ്പിച്ചതെന്ന് ഫോറസ്റ്റ് വാച്ചർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം കഞ്ചാവ് കൃഷി നടന്നിരുന്നു എന്ന് തെളിയിക്കുന്നതിനായി താനും പാച്ചേരി ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറും തമ്മിലുള്ള ഫോൺ സംഭാഷണം, റെയിഞ്ച് ഓഫീസർ ബിആര്‍ ജയൻ അന്വേഷണ സംഘത്തിന് കൈമാറി. സംഭവത്തിൽ ഇന്നോ നാളെയോ അന്വേഷണ സംഘം വനം വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.

 

 

ആലത്തൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പ്രചരണ ബോർഡ് കത്തിനശിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കുണ്ടുകാട് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് ആരാണ് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടി വരുകയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരിൽ കേരളം കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കർണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് അറ്റോർണി ജനറലിന്റെ പ്രതികരണം.

 

 

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് അദ്ദേഹം ജനമധ്യത്തിലേക്ക് എത്തിച്ചത്.

 

 

മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവിന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണനല്ലൂർ മൈതാനത്ത് ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിന് പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.

 

 

തമിഴ്നാടിന് പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ബില്ലുകൾ തടഞ്ഞു വച്ചപ്പോഴും, കെ. പൊന്മുടിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചപ്പോഴും ഗവർണർക്കെതിരെ നിയമപോരാട്ടത്തിലൂടെ ജയം നേടിയത് ഇവിടെയും ആവർത്തിക്കുമെന്നും തമിഴ്നാടിനോട് ബിജെപിക്ക് ഇത്ര വെറുപ്പ് എന്തുകൊണ്ടെന്നും സ്റ്റാലിൻ ചോദിച്ചു.

 

 

ഹംഗറിയിൽ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *