Screenshot 20260423 140814

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച മല്ലികാർജുൻ ഖർഗയുടെ വസതിയിൽ വൈകിട്ട് നാലുമണിക്ക്. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.

‎

‎കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തുമെന്നും പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

‎

‎മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തെരുവിലെ കളി, പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്, സംഘടന മര്യാദ പാലിക്കണമെന്നും തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

‎

‎കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നിലപാട് കാത്ത് മുസ്ലിം ലീഗ്. ഇനിയും തിരഞ്ഞെടുപ്പുകൾ വരാനുള്ളതാണെന്ന് ഓർക്കണമെന്നും ജനത്തെ മാനിച്ചില്ലെങ്കിൽ തിരിച്ചടി ഉറപ്പാണെന്നും, ഹൈക്കമാൻഡ് തീരുമാനം പുറത്ത് വന്ന ശേഷം നിലപാടെടുക്കുമെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.

‎

‎കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയിൽ പ്രവാഹമെന്ന് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്.

‎

‎പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു എന്നും എന്നാൽ അതിന് മുതിർന്നില്ലെന്നും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു.

‎

‎മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം.

‎

‎മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം പറഞ്ഞ മുസ്ലീം ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം. അതില്‍ അസഹിഷ്ണുതയുടെ കാര്യമില്ല, ലീഗിനോട് അഭിപ്രായം പറയരുതെന്ന് പറയാന്‍ ഈ നേതാവിന് എന്താണ് അധികാരമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

‎

‎ജീവിതം കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച നേതാക്കന്മാരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന ശൈലി കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ടി സിദ്ദിഖ്. വി ഡിയും കെസിയും ആർസിയുമെല്ലാം കോൺഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാൻഡ് നടത്തുന്നതെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.

‎

‎കേരള ഹൗസിൽ വി ഡി സതീശന് സ്വീകരണം നൽകിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി എൻഎസ്‍യുഐ. കെപിസിസി അധ്യക്ഷനെതിരെ ഭീഷണി മുഴക്കിയതിൽ കർശന നടപടി ഉണ്ടാകും എന്ന് എൻഎസ്‍യുഐ അധ്യക്ഷൻ വ്യക്തമാക്കി.

‎

‎യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. ടിക്കറ്റ് മെഷീനില്‍ അപ്പ്‌ഡേഷന്‍ വന്നിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ വിശദീകരിച്ചു.

‎

‎കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ വിമര്‍ശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെകെ ശൈലജ. ഇനിയും സര്‍ക്കാര്‍ ഉണ്ടാക്കാൻ വൈകിയാൽ ഇത് കടുത്ത അരാജകത്വത്തിലേക്ക് കേരളത്തെ നയിക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.

‎

‎നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും.

‎

‎കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ നേതൃത്വം. സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.

‎

‎ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ്, ഐപിഎസ് തലത്തിലെ മാറ്റത്തിലും സജീവ ചർച്ച. പിണറായി വിജയൻ സർക്കാരിൽ പ്രധാന പദവിയിലിരുന്ന പല മുതിർന്ന ഉദ്യോഗസ്ഥർക്കും സ്ഥാന ചലനം ഉണ്ടാകുമെന്നാണ് വിവരം.

‎

‎യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ, 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു.

‎

‎തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തു തൊഴിലാളിക്ക് ഇൻഷുറൻസ് തുക നൽകുന്നത് അപേക്ഷ വൈകിയെന്ന കാരണത്താൽ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തള്ളി.

‎

‎ഇ-ചെലാൻ അദാലത്തിലൂടെയും പിഴ അടയ്ക്കാൻ തയ്യാറാകാത്തവരുടെ വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. എഐ ക്യാമറ കണ്ടെത്തിയ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അര ലക്ഷത്തിലേറെ പേരാണ് ഇനിയും പിഴ അടയ്ക്കാനുള്ളത്.

‎

‎വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പൊലീസ്. ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലിന്‍റെ പരാതി.

‎

‎നെടുംകണ്ടം ഇരട്ടകൊലപാതക കേസിലെ പ്രതി സജിയുടെ പുരയിടം കുഴിച്ചുള്ള പരിശോധന ഇന്നും തുടരും. 2018ൽ കാണാതായ സജിയുടെ അച്ഛൻ മാത്യുവിന്റെ തിരോധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന.

‎

‎പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.

‎

‎പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്.

‎

‎തമിഴ്നാട്ടിലെ സർക്കാർ രൂപീകരണ ചർച്ചകളിൽ വിടുതലൈ ചിരുതൈകൾ കക്ഷി നിർണ്ണായക ശക്തിയായേക്കും. വിജയിന്റെ തമിഴക വെട്രി കഴകവും തോൾ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷിയും തമ്മിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.

‎

‎ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. ഇത്തവണ ഹജ്ജ് തീർത്ഥാടനവും പെരുന്നാൾ അവധിയും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി.

‎

‎ഹാൻ്റ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് എം വി ഹോണ്ടിയസ് കപ്പലിൽ നിന്നും യാത്ര അവസാനിപ്പിച്ചു ഇറങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി ആരോഗ്യപ്രവർത്തകർ.

‎

‎ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരനായ ഷിപ്പിലെ ക്രൂ മെമ്പർ കൊല്ലപ്പെട്ടുവെന്ന് വിവരം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷിപ്പില്‍ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

‎

‎റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സ്ഥിരീകരിച്ചു.

‎

‎ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാൻ ധാരണയാകുന്നതായി റിപ്പോര്‍ട്ട്. ഇറാനുമായി വളരെ മികച്ച രീതിയിൽ ചർച്ചകൾ നടന്നതായും ഒരു കരാറിലെത്താൻ വളരെയേറെ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *