Screenshot 20260423 140814

‎സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത.

‎

‎വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാൽ ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി. മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

‎

‎പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും കെ മുരളീധരൻ. പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

‎

‎ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും യുഡിഎഫ് തീരുമാനം എടുക്കുകയെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും സാദിഖലി തങ്ങൾ. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്നും,അദ്ദേഹം അഭിപ്രായപ്പെട്ടു.

‎

‎എൽ ഡി എഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ യു ഡി എഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് അധികാരത്തിൽ വരുമെന്നാണ്. പിണറായിയും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ യു ഡി എഫിന് അനുകൂലമാണെന്നും ഹസൻ പറഞ്ഞു.

‎

‎കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെയെന്നാണ് സർവെ വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദൻ. സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

‎

‎എക്സിറ്റ് പോൾ തള്ളുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. കേരള സർക്കാരിനെതിരായ വികാരം ഇല്ലെന്നും ഭരണ വിരുദ്ധ വികാരം ഇല്ലെന്നും എകെ ബാലൻ പറഞ്ഞു.

‎

‎എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു.

‎

‎പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ ഇടുക്കി തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

 

‎കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരന്‍റെ അനന്തരവൻ അജിത് കുമാർ. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രതികരണം.

‎

‎ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും എന്ന് പി വി അൻവർ. മറിച്ചുസംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചു.

‎

‎ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പരിഹസിച്ചു. സസ്പെൻഷൻ ഓർഡറിൽ നടപടിയുടെ കാരണം വ്യക്തമല്ല. അതിനാൽ കോടതിയിൽ പോകാൻ ഉദ്ദേശമില്ല. പുതിയ സർക്കാർ സ്വാഭാവികമായും തീരുമാനം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‎

‎ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസിൽ 99.18 ശതമാനവും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ -99.13 % വിജയവുമാണ് ഉള്ളത്.

‎

‎അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിനെതിരായ ഹർജി തള്ളി. തിരുവനന്തപുരം അഡീഷ്ണൽ സിജെഎം കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തള്ളിയത്.

‎

‎കെ എസ് ആര്‍ ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിൽ ഇടിച്ച് കൈ അറ്റുപോയ യുവാവിന് 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാന്‍ വിധി. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്‌ലം (19) നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

‎

‎തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കൊളജിലേക്കുളള ഡെപ്യൂട്ടേഷൻ പരീക്ഷ പേപ്പർ ചേർന്നുവെന്ന് പരാതി. ഡിജിപിക്കാണ് പൊലിസുകാർ പരാതി നൽകിയത്. പലർക്കും ലഭിച്ച മാർക്കുകളിൽ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.

‎

‎ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച എറണാകുളം രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

‎

‎പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് എളേരിത്തട്ടിലെ നാലര വയസുകാരി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഋതു ചന്ദ്രയാണ് മരിച്ചത്.

‎

‎ദില്ലി – മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് മരണം. രാജസ്ഥാനിലെ അൽവാറിലാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

‎

‎പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ തർക്കമുണ്ടായ ബൂത്തുകളിൽ മെയ് 2നകം വോട്ടെടുപ്പ് നടക്കും. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.

‎

‎ഖത്തറിലേക്കുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്‌, ഇൻഡിഗോ സർവീസുകൾ മെയ്‌ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

‎

‎റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി പറഞ്ഞു.

‎

‎ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്ക നാവിക ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.

‎

‎ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. യു.എസ് നടപ്പിലാക്കുന്ന സാമ്പത്തിക തന്ത്രങ്ങൾ തികച്ചും പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് 140 ഡോളറായി ഉയരുമെന്നും പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *