Screenshot 20260331 1339472

കേരളത്തിൽ നാളെ വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്.

 

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.

 

കേരളത്തിൽ പോളിംഗ് കണക്കുകൾ മനപ്പൂർവം വൈകിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

 

പി സി ജോർജിനും മകൻ ഷോൺ ജോർജിനും മുന്നറിയിപ്പുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

 

അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി.

 

രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽപിജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.

 

കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് അട്ടിമറിക്കാനെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹോസ്റ്റൽ മുറി പോലും വിദ്യാർത്ഥിക്ക് നൽകിയിരുന്നില്ല. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണൽ മാർക്കിനെ മാറ്റുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു.

 

നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി.

 

നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

നിതിൻ രാജിന്റെ വീട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല. ജാതി അധിക്ഷേപം കേരളത്തിൽ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇടുക്കി ഉടുമ്പന്നൂരിൽ സ്വന്തം മകനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരനായ മകനാണ് പിതാവിന്റെ അതിക്രമത്തിൽ പരിക്കേറ്റത്.

 

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. ഏപ്രിൽ 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞത്.

 

വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്തിക്ക് വേണ്ടി ഈ തീരുമാനം സമർപ്പിക്കുന്നുവെന്നും 16 ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ വനിത സംവരണം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് സോണിയ ഗാന്ധി. വനിതാ സംവരണത്തെ മണ്ഡല പുനർ നിർണയവുമായി ബന്ധിപ്പിക്കുന്നതിനെയും സോണിയ ഗാന്ധി വിമർശിച്ചു.

 

ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വൻ അറസ്റ്റ്. ഇന്ന് നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. അന്വേഷണത്തിലും പരിശോധനയിലും 165 പേർ അറസ്റ്റിലായി.

 

ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

 

ലിയോ പതിനാലാമൻ മാർപാപ്പക്കെതിരെ അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നുമാണ് ട്രംപിന്റെ വാദം. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പ് യുദ്ധത്തെ ശക്തമായി വിമർശിക്കുകയും ലോക സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

 

ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ഫോണിൽ വിളിച്ചത് ചർച്ചകൾ വഴിമുട്ടാൻ കാരണമായതായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ആരോപിച്ചു.

 

സമാധാന ചര്‍ച്ച അലസിപിരിഞ്ഞതോടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറാനിലെ തുറമുഖ ഉപരോധം ഇന്നാരംഭിക്കും. ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് പ്രഖ്യാപനം.

 

ഇറാനിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. അമേരിക്കയിലെ നിലവിലെ പെട്രോൾ വിലയുടെ ചിത്രം പങ്കുവെച്ചാണ് പരിഹാസം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *