കൊണ്ടോട്ടി താലൂക്കിലെ ബിഎൽഒമാർ കൊണ്ടോട്ടി തഹസിൽദാർക്ക് സങ്കട ഹർജി നൽകി. എസ്ഐആറുമായി ബന്ധപ്പെട്ട് വലിയ മാനസിക പ്രയാസം നേരിടുന്നുവെന്നും എസ്ഐആർ നടപടി ക്രമങ്ങൾ ബിഎൽഒമാരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതായി സംശയമെന്നും സങ്കട ഹർജിയിൽ പറയുന്നു. ഡിസംബർ 9ന് ഇറങ്ങുന്ന കരട് വോട്ടർപട്ടികയിൽ ഇല്ലെങ്കിൽ പൊതുജനം ബി എൽ ഓ മാർക്കെതിരെ തിരിയുമെന്ന് പോലും ഞങ്ങൾ ഭയപ്പെടുന്നുവെന്നും തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്ഐആർ നടപ്പിലാക്കുന്നത് എന്ന് പൊതുവേ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ജോലി ചെയ്യുന്നതിൽ പ്രയാസമുണ്ട് എന്നാണ് സങ്കട ഹർജിയിൽ പറയുന്നത്.
എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ. കേരളത്തിലെ എസ്ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
വ്യവസായ മേഖലയിൽ സഹകരണത്തിനായി കേരളവും തമിഴ്നാടും. വ്യവസായ മന്ത്രി പി രാജീവ് ചെന്നൈയിൽ എത്തി തമിഴ്നാട് വ്യവസായമന്ത്രി ടി ആർ ബി രാജയുമായി നടത്തിയ ചർച്ചയിലാണ് ധാരണ. ഇലക്ട്രോണിക്സ്, ധാതുസമ്പത്ത് തുടങ്ങിയ അഞ്ച് മേഖലകളിൽ സഹകരണത്തിന് സാധ്യത ഉണ്ടെന്ന് മന്ത്രിമാർ വിലയിരുത്തി. വ്യവസായ നിക്ഷേപത്തിനുള്ള തമിഴ്നാട് സർക്കാരിന്‍റെ പ്രത്യേക വിഭാഗമായ ഗൈഡൻസുമായി കേരളവും സഹകരിക്കും.
നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനില്ല,തെരഞ്ഞെടുപ്പ് കാലത്ത് നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളതെന്നാണ് സൂചന. നടപടി എടുത്ത് പ്രകോപിപ്പിച്ചാല്‍ പത്മകുമാര്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന അശങ്കയും പാര്‍ട്ടിക്കുണ്ട്.ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാർ വിഷയം ചർച്ച ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാർ. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു.
മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് സൂപ്പർ ഹിറ്റ്. ഫെബ്രുവരി 9നാണ് മൂന്നാറിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിച്ചത്. വെറും 9 മാസങ്ങൾ കൊണ്ട് റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസിന്റെ വരുമാനം 1 കോടി പിന്നിട്ടിരിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎം പ്രവർത്തകര്‍ക്ക് 20 വർഷം തടവും പിഴയും. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവർക്കാണ് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി.
കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിക്കുകയായിരുന്നു.
പാലക്കാട്ടെ സി പി എമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പോടെ യു ഡി എഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്. ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമെന്നും, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനുള്ള പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി എൽസി ജോർജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സമാന സ്വഭാവമുള്ള ഹർജികൾ ഇന്നലെ തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് സ്ഥാനാർത്ഥിക്ക് ധാരണ ഉണ്ടായിരിക്കേണ്ടതല്ലേയെന്നും ചോദിച്ചു. സ്ഥാനാർത്ഥിക്ക് ആവശ്യമെങ്കിൽ ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വയനാട് വൈത്തിരി പഞ്ചായത്തിലെ വാര്‍ഡിൽ വോട്ട് ചോദിച്ചെത്തിയ കോൺഗ്രസ് സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. വൈത്തിരി ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് തടഞ്ഞത്. വിപ്ലവഭൂമിയിൽ കയറ്റില്ലെന്നും വീടുകൾ കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു.
അട്ടപ്പാടിയിൽ അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിൻറെ ഭീഷണിയില്‍ ജില്ലാ പൊലീസ് മേധാവിക്ക് അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വിആർ രാമകൃഷ്ണൻ പരാതി നൽകിയിട്ടും അഗളി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. നിയമ പരിമിതിയുണ്ടെന്നും കോടതിയിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
മലപ്പുറം തിരൂരിൽ എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒ വാസുദേവൻ നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയതിനെ തുടർന്ന് ചുമതലയിൽ നിന്ന് മാറ്റി. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. തിരുവനന്തപുരം കീഴാരൂർ സ്വദേശി സജീവാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആയിരുന്നു സംഭവം. പൂനെ – കന്യാകുമാരി എക്സ്പ്രസ്സിൽ തൃശ്ശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി.
തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി. തിരുനെൽവേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്.
രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. വെറും ഒരു പതാകയല്ല ഇതെന്നും, ഭാരതീയ സംസ്ക്കാരത്തിന്‍റെ പ്രതീകമാണെന്നും ഇന്ത്യയുടെ സാംസ്കാരിക ഉണർവിന്‍റെ പ്രതീകം കൂടിയാണെന്നും പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. അയോധ്യയിൽ ഉയര്‍ന്ന പതാക ധർമ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.
ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നക്സലിസം അവസാനിപ്പിക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തിന് പിന്നാലെ സായുധപോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്രസർക്കാരിനും, മഹാരാഷ്‌ട്ര, ഛത്തീസ്ഘട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും കത്ത് നൽകി.
ഓസ്ട്രേലിയയിൽ പാർലമെന്റിലേക്ക് ബുർഖ ധരിച്ചെത്തിയ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ. വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ വൺ നേഷന്റെ സ്ഥാപകയും നേതാവുമായ പോളിൻ ഹാൻസണിനെയാണ് സെനറ്റിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. ഓസ്ട്രേലിയയിലെ മുസ്ലിം വിഭാഗത്തിലുള്ളവരെ അപമാനിക്കുക ലക്ഷ്യമിട്ടായിരുന്നു പോളിന്റെ ബുർഖ അണിഞ്ഞുള്ള വരവെന്ന് സെനറ്റ് വിശദമാക്കി.
അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ സർക്കാർ വക്താവ്. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്.
സുരക്ഷാ കാരണങ്ങളെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം വീണ്ടും മാറ്റിവെച്ചു. 15 പേർ കൊല്ലപ്പെട്ട ദില്ലി സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
സൈനിക നടപടികൾ കടുപ്പിക്കുന്നുവെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് വെനസ്വേലയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി ആറ് എയർലൈനുകൾ. യുഎസ് ഏവിയേഷൻ റെഗുലേറ്റർ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടിയെന്നാണ് എയർലൈൻ കമ്പനികൾ സർവ്വീസ് റദ്ദാക്കിയതിനേക്കുറിച്ച് പ്രതികരിക്കുന്നത്. എത്ര കാലത്തേക്കാണ് സർവ്വീസുകൾ റദ്ദാക്കിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന ചാര മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും ഒഴിയുമെന്നാണ് വിവരം. അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇന്ത്യിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
കാനഡയിൽ ഖാലിസ്ഥാന് വേണ്ടി സിഖ് സംഘടനയുടെ റഫറണ്ടം. അൻപതിനായിരത്തിലേറെ പേർ റഫറണ്ടത്തിൽ പങ്കെടുത്തെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ റഫറണ്ടത്തിൽ പങ്കെടുത്തവർ അപമാനിച്ചു. റഫറണ്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. റഫറണ്ടം പ്രഹസനമാണെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് പട്നായിക് വിമർശിച്ചു. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്.
