mid day hd 1

ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വീണ്ടും നോട്ടീസ് നൽകി സുപ്രീം കോടതി. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം. പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ടാണ് സീരിയൽ നമ്പറുകൾ ഇല്ലാത്തതെന്നും, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇലക്‌ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ പുറത്തുവിട്ടാൽ ബോണ്ട് നൽകിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.

 

 

കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവർ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റു. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരുമെന്നും, വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്.

 

 

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും, കൂടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും ആലോചിക്കാൻ സാധ്യതയുണ്ട്. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്.

 

 

റബ്ബര്‍ കയറ്റുമതിക്കാർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചു. ഒരു കിലോ റബർ കയറ്റുമതി ചെയ്യുമ്പോൾ 5 രൂപ ഇൻസെന്റീവ് ലഭിക്കും. കയറ്റുമതി രാജ്യത്ത് റബ്ബർ വിലവർധനവിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കോട്ടയത്ത് ചേർന്ന റബർ ബോർഡ് മീറ്റിംഗിലാണ് തീരുമാനം അറിയിച്ചത്.

 

 

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല നാലംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതോടൊപ്പം കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു.

 

 

മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നൽകിയ ഹർജികളുൾപ്പെടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത് 237 ഹർജികൾ. ചൊവ്വാഴ്ച തന്നെ ഹർജികൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരീസ് ബീരാൻ, ഡിവൈഎഫ്ഐക്ക് വേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ എന്നിവരും, നേരത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും നിയമം ചോദ്യം ചെയ്ത് ഹർജികൾ സമർപ്പിച്ചിരുന്നു.

 

 

പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ നിയമ പ്രശ്നം ഉന്നയിച്ചും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്, നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. അതോടൊപ്പം രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടൻ എന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. രാഹുൽ ഗാന്ധിയെ പിണറായി വിജയൻ വിമർശിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

 

ആലപ്പുഴയിൽ പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടർ ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. സിപിഐ അനുകൂല ജോയിൻ്റ് കൗൺസിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ് സൂചന.

 

 

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തുടർച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58 ദശലക്ഷം യൂണിറ്റായി. അതോടൊപ്പം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ വിവിധ സ‍ർക്കാ‍ർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി.

 

 

റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്റെ സര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ. റേഷൻ കടകളിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

 

 

സര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളിൽ കെവൈസി നടപടികൾ വൈകുകയാണെന്നും, പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ മസ്റ്ററിങ് പ്രവര്‍ത്തനങ്ങൾ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. റേഷൻ വിതരണം മുടങ്ങാൻ പാടില്ല. ഈ മാസത്തെ റേഷൻ വാങ്ങാൻ പറ്റിയില്ലെങ്കിൽ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കുമെന്നും പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാമെന്നും, സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ട്. ഇപി ജയരാജന്‍റെ വാക്കിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തർധാരയാണ്. കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഇതല്ല ഉദ്ദേശമെങ്കിൽ ഇപി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു

 

 

കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജികോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പിടിച്ചുവാങ്ങിയതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം വേദി വിട്ട് ഇറങ്ങിപ്പോയി. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

 

 

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനില്‍ പങ്കെടുത്ത് പത്മജ വേണുഗോപാല്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്നും, ഇവിടെ സ്ത്രീകൾക്ക് അംഗീകാരമുണ്ടെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പത്മജ പറഞ്ഞു.

 

 

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകനായ എംഎസ്എം കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നൽകിയേക്കും. പ്രിൻസിപ്പലിന്റെ പൂർണ്ണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.

 

 

എറണാകുളം പറവൂർ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാക്കള്‍ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവിട്ടത്.

 

 

സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങൾ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

 

 

പിക്കപ്പ് വാൻ ഇടിച്ച് ഗുരുതര പരിക്കേറ്റ മണ്ണാർക്കാട് സ്വദേശി രാജൻ മരിച്ചു. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു ഇന്ന് രാവിലെയാണ് മരിച്ചത്.

 

 

ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനപാലകർക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിൽ പ്രസാദ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.

 

 

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ പോക്സോ കേസെടുത്തതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ചു. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. അത് ഇത്തരം ഒരു കേസ് ആകുമെന്ന് കരുതിയില്ലെന്ന് യെദിയൂരപ്പ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *