ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തി അടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും വീണ കൊച്ചിയില്‍ പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ വ്യക്തമാക്കി. ഒരുപാട് നാളായി എയിംസിനുവേണ്ടി കേരളം കാത്തിരിക്കുകയാണ്. എയിംസ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയിട്ടും നടപ്പായില്ല. അപ്പോഴാണ് മറ്റൊരു കേന്ദ്രമന്ത്രി എയിംസ് ആലപ്പുഴയിൽ അനുവദിക്കാൻ മുന്നിട്ടിറങ്ങുമെന്ന് പറഞ്ഞത്. പ്രഖ്യാപനം നടപ്പാക്കാൻ മുന്നോട്ടുവന്നാൽ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കസ്റ്റംസ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശോധനയിൽ ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കോഴിക്കോട് പന്നിയങ്കരയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു.
എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ പ്രതിനിധി സഭാ യോഗത്തിൽ അംഗങ്ങള്‍ പിന്തുണച്ചു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരൻ നായർ യോഗത്തിൽ വ്യക്തമാക്കി. സമദൂര നയത്തിൽ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നത്. അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തിൽ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശൻ കുറ്റപ്പെടുത്തി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശൻ പരിഹസിച്ചു. എൻഎസ്എസ്, എസ്എൻഡിപി നിലപാടിൽ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും എൻഎസ്എസ് നിലപാടിൽ യുഡിഎഫിന് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. താൻ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള 20 അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കാൻ നടപടി ആരംഭിച്ചു. അനധികൃത മൃഗക്കടത്ത് തടയാനും ഫീസ് ഉയർത്തി വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെയും ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്ക്രീനിംഗിനായി ചെക്ക്പോസ്റ്റിൽ ലബോറട്ടറികളും സ്ഥാപിക്കും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് പ്രത്യേകം പരിശീലന പരിപാടിയും സംഘടിപ്പിക്കും.
പാലക്കാട് എലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാൻ ഒയാസിസ് കമ്പനി നടപടി തുടങ്ങി. ഡിജിറ്റൽ സർവ്വേ നടത്തുന്നതിന് മുന്നോടിയായാണ് കാട് വെട്ടി തെളിക്കുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് – ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. എന്നാൽ, ഒരു നിർമ്മാണ പ്രവർത്തനവും നടത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.
രാജ്ഭവനിൽ ഞായറാഴ്ച നടക്കുന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളിൽ ഭാരതാംബയുടെ ചിത്രമുണ്ടാകുമെന്ന നിർബന്ധത്തിൽനിന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പിൻവാങ്ങി. ഈ ചടങ്ങിൽ ഭാരതാംബയുടെ ചിത്രമുണ്ടാകില്ല. പരിപാടിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശം രാജ്ഭവന് കിട്ടി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെപ്രകാശനമാണ് ചടങ്ങ്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു, ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
നടുറോഡില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഹൈക്കോടതി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് വിധിക്കെതിരെ അപ്പീല്‍ നല്കാന് നിയമോപദേശം തേടി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിലേക്ക് വരെ അഭിഭാഷകര്‍ നീങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനോട് അഭിഭാഷക സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്ഏര്പ്പെടുത്തപ്പെട്ട മാധ്യമ നിയന്ത്രണങ്ങളിലടക്കം പുതിയ സാഹചര്യത്തില്‍ പുനപരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.
ജയിൽച്ചാട്ടത്തിന് തടവുകാരുടെയോ ജയിൽ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഗോവിന്ദച്ചാമി. കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ സെൻട്രൽ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ മറുപടി. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂർ സിറ്റി പോലീസിൽനിന്ന് കഴിഞ്ഞ ഒന്നാംതീയതിയാണ് ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.
തിരുമല അനിലിൻ്റെ ആത്മഹത്യയിൽ ഭാര്യ ആശ അന്വേഷണ സംഘത്തിന് മൊഴി നൽകി. മൊഴി രേഖപ്പെടുത്തൽ തുടരും. പെട്ടെന്ന് മരണത്തിലേക്ക് പോയ കാരണം കണ്ടെത്തണമെന്ന് ആശ ആവശ്യപ്പെട്ടു. രാവിലെ പെട്ടെന്ന് ഷർട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു അനിലെന്ന് ഇവർ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം മാനസികബുദ്ധിമുട്ടിലായിരുന്നു. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
മട്ടന്നൂര്‍ മേഖലയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൗത്യം തുടരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യം പുനഃരാരംഭിച്ചത്. നിലവില്‍ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്താണ് പോത്തുള്ളത്. കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍ കണിമംഗലം വിൻസെന്റ് വധക്കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസിൽ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവരെ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തി. കേസിൽ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. 2014 നവംബർ 19 നാണ് മനോജും ഷൈനിയും പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും ചേർന്ന് കൈതക്കാടൻ വിൻസന്റിനെയും(79) നെയും ഭാര്യ ലില്ലി വിൻസന്റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തിൽ വിന്‍സെന്റ് കൊല്ലപ്പെട്ടു. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ കേസിൽ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാവിധി. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീർ എന്നു വിളിക്കുന്ന ഹസ്സൻകുട്ടിയാണ് പ്രതി.
കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങൾ നിർത്തലാക്കിയതായി അമേരിക്കൻ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
നുണകള്‍ പറയുന്നതിന് പാകിസ്താന് നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണ്. ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.
ലഡാക്കില്‍ പ്രതിഷേധം തുടരുന്നതിനിടെ സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങൾ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി. വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയത്.വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. തുർക്കിയുടെ നിലപാട് ആക്ഷേപാർഹമാണെന്നും കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മധ്യസ്ഥതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മധ്യസ്ഥത വഹിക്കാൻ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പലസ്തീൻ അനുകൂല പ്രകടനത്തിനിടെ നടത്തിയ ‘പ്രകോപനപരമായ നടപടികളുടെ’ പേരിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. അമേരിക്കൻ സൈനികരെ അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ ശ്രമിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്സിലെ പോസ്റ്റിൽ ആരോപിച്ചു.
അർജന്റീനയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ സോയാ ഓയില്‍ വാങ്ങി ഇന്ത്യ. കയറ്റുമതി തീരുവകള്‍ ഒഴിവാക്കാനുള്ള അര്‍ജന്റീനയുടെ നിര്‍ണായക നീക്കം മുതലെടുത്താണ് ഇന്ത്യയുടെ ഈ വന്‍കിട ഇടപാട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ സോയാ ഓയിലാണ് ഇന്ത്യ വാങ്ങിയത്. രണ്ടു ദിവസത്തെ ഇടപാടില്‍ ഇത്രയും വലിയ അളവില്‍ ഇന്ത്യ സോയാ ഓയില്‍ വാങ്ങുന്നത് ഇതാദ്യമായാണ് .
ഐ ലവ് മുഹമ്മദ്’ കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയെ ശനിയാഴ്ച യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബറേലിയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് നടപടി. കാമ്പയിനിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
