f26a7cef 9d84 477b a438 037f5a5d032f 20250913 140628 0000

സഭാ നടപടികൾ തീരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരും. ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

 

ശബരിമലയോട് സർക്കാർ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കർ പറഞ്ഞത്.

 

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വര്‍ണം പൂശിയ ശില്‍പം നന്നാക്കാന്‍ ചെന്നെയില്‍ കൊണ്ടുപോയപ്പോൾ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്‍റെ നാല് കിലോ സര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശന്‍ പറഞ്ഞു.

 

ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചർച്ചകൾ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തിൽ വിവിഐപികൾ അടക്കം 3000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.

 

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാല്‍ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.

 

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് വിവാദത്തിൽ. പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

 

ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പങ്കെടുക്കും. മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരാണ് അയ്യപ്പസംഗമത്തിന് എത്തുക. കർണാടക, ഡൽഹി, തെലങ്കാന സർക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ പ്രതിനിധികളെ അയച്ചിട്ടില്ല. അയ്യപ്പ സംഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണിൽ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.

 

സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്നാണ് റിപ്പോർട്ടുകൾ.പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ സ്ഥാനമൊഴിയുകയാണെങ്കിൽ ബിനോയ് വിശ്വം ആ സ്ഥാനത്തേക്കു വരണമെന്ന് ചില കേന്ദ്ര നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

 

ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ‍ഡിജിപിക്കും പരാതി നല്‍കി കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍. അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്നാണ് ആവശ്യം. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു.

 

എറണാകുളത്തെ സിപിഎം നേതാവായ കെജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍. അടിസ്ഥാനമില്ലാത്തതും വ്യാജവുമായ പ്രചാരണത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എംബി ഗോപാലകൃഷ്ണന്‍ എന്നയാളാണെന്നും, പിന്നീട് സോഷ്യല്‍ മീഡിയയും ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

 

തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈൻ. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും കെ ജെ ഷൈൻ പറഞ്ഞു.

 

സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഏതൊരു പ്രശ്നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്നത്തിൽ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാൻഡിലുകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോൺഗ്രസ് ഹാൻഡിലുകളിലും ഉണ്ടായേക്കും എന്ന് അദ്ദേഹം പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്, വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തത്. രാഹുലിന്‍റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്‍റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നും വികെ ശ്രീകണ്ഠന്‍ ചോദിച്ചു.

 

രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച രമേഷ് പിഷാരിടക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി നീതു വിജയൻ. ആരോപണങ്ങൾ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാൻ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവർത്തകയാണ് താനെന്നും വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാർട്ടിയുടെ തീരുമാനങ്ങൾക്ക് വില കല്പിക്കണമെന്നും അവർ പറഞ്ഞു. ‘

 

രാഹുൽ ഗാന്ധി വയനാട്ടിൽ വച്ച് ഇന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ കാണും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ , കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുമായി രാഹുൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. നിലവിലെ സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം. അതേസമയം രാഹുലും സോണിയയും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. നിലവിൽ പ്രിയ ഗാന്ധിയും മണ്ഡലത്തിലുണ്ട്.

 

പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം നഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇങ്ങനെ പേരിട്ടത്. സ്വാമി അയ്യപ്പൻ നഗരസഭ ബസ് സ്റ്റാൻഡ് എന്നാണ് പേര്. ഇന്നലെ അടിയന്തര കൗൺസിൽ വിളിച്ചുകൂട്ടിയാണ് തീരുമാനം. ഈ മാസം 30ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരങ്ങൾ.

 

സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ. മന്ത്രിയെ ‘ബഹു’ എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താൻ മന്ത്രിയെ ‘ബഹു’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

 

മന്ത്രി വി ശിവൻ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

ബാങ്കിന്‍റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്രയാർ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈൽ ഫോണിലുള്ള ബാങ്കിന്‍റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്.

 

അവയവദാനം പ്രധാന പ്രമേയമായി വരുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഹൃദയപൂർവം’ എന്ന ചിത്രത്തെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഇത്ര സീനിയറായ ഒരു സംവിധായകൻ വളരെ അലക്ഷ്യമായിട്ടാണ് വിഷയം കൈകാര്യം ചെയ്തതെന്നും, അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും തന്നെ ചിത്രത്തിൽ പ്രതിപാദിക്കുന്നില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ ചൂണ്ടികാണിച്ചു. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

 

വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക ക്രമക്കേടുകൾ നിരത്തി ധനകാര്യ പരിശോധന വിഭാഗത്തിൻറെ റിപ്പോർട്ട്. വനംമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധന സംഘം റിപ്പോർട്ട് ധനമന്ത്രിക്ക് സമർപ്പിച്ചു. പെരിയാർ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാര ഉപാധികളിൽ നിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപ പാർക്ക് വെൽഫെയർ ഫണ്ടിലേക്ക് മാറ്റി ചെലവഴിക്കുന്നത് സർക്കാർ അനുമതിയില്ലാതെയാണെന്നാണ് സംഘത്തിൻറെ പ്രധാന കണ്ടെത്തൽ.

 

പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടിയിൽ ഇരട്ടനീതി എന്ന് വിമർശനം. കേസ് എടുക്കാൻ വൈകി എന്ന കാരണത്തിൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയിൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി.

 

കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

പാലക്കാട് തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

യു എസിൽ ഇന്ത്യൻ പൗരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ ആണ് യു എസ് പോലീസ് വെടിവെച്ചത്. വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീൻ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്. നിസാമുദ്ദീൻ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും കുടുംബം ആരോപിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി.

 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി. കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കള്ളന്മാരെ കമ്മീഷൻ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന ഇന്നലത്തെ ആരോപണം അദ്ദേഹം ആവർത്തിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവകാശവാദം ചോദ്യം ചെയ്ത് കോൺഗ്രസ്. കർണാടക സിഐഡിയുമായി സഹകരിക്കുന്നെങ്കിൽ തെളിവും കമ്മീഷൻ കൈമാറിയ വിവരങ്ങളും നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തട്ടിപ്പിലെ എല്ലാ രേഖയും നൽകിയെന്ന് കഴിഞ്ഞ ദിവസം കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

 

കോൺഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിലെ ‘ജെൻസി’ പരാമർശം രാജ്യത്ത് അരാജകത്വം പടർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബിജെപി. വോട്ടർപട്ടിക ആരോപണം രാഹുൽ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. നേപ്പാളിൽ കഴിഞ്ഞ ദിവസം നടന്ന ജെൻസി പ്രക്ഷോഭം അയൽരാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെൻസി പരാമർശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

 

കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് ക്ലീൻചിറ്റ് നൽകി ലോകായുക്ത പൊലീസ്. ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്. ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ആരോപണം സാധൂകരിക്കാൻ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത പൊലീസ് റിപ്പോർട്ട്‌ നൽകിയത്.

 

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി. ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്ന് സുപ്രീം കോടതി വിലയിരുത്തി. ഫെഡറേഷന്‍റെ 14 അംഗ നിർവാഹക സമിതിയിൽ ഇനി മുതൽ കുറഞ്ഞത് 5 ഇന്ത്യൻ മുൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നും ഇവരില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

 

എത്തനോൾ മിശ്രിത പരിപാടി വിലയിരുത്തുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. എത്തനോൾ മിശ്രിത പരിപാടി സർക്കാർ “പുനഃപരിശോധിക്കുമെന്നും” അതിനുശേഷം മാത്രമേ കൂടുതൽ പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പെട്രോളുമായി 20 ശതമാനം എത്തനോൾ കലർത്തുന്നത് പരിസ്ഥിതിക്ക് സുരക്ഷിതമാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഡ്രൈവർമാർക്ക് വ്യത്യസ്‍തമായ അഭിപ്രായമാണുള്ളത്.

 

ബംഗളുരുവിൽ മലയാളി വിദ്യാർഥികൾ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളേജ് വിദ്യാർത്ഥികളാണ് കെ ആർ പുരത്ത് നടുറോഡിൽ ഏറ്റുമുട്ടിയത്. ജൂനിയർ, സീനിയർ വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. കോളേജിലെ ഓണാഘോഷത്തിന് പിന്നാലെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് കേസ് ഒഴിവാക്കി. വിദ്യാർത്ഥികളിൽ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി.

 

ദക്ഷിണ കന്നഡ ജില്ലയിൽ ധർമ്മസ്ഥലയിലെ തെരച്ചിലിൽ കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേതെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പമുള്ള ഡോക്ടർ മാധ്യമങ്ങളോട് വിശദീകരിച്ചു. ബംഗ്ലെഗുഡയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തിൽ പെട്ട ഫെന്റാനൈൽ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യൻ വ്യവസായികളുടെയും കോർപ്പറേറ്റ് തലവൻമാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളിൽ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചത്.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സ‍ഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്‌സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തത്. തുടർന്ന് മറ്റൊരു ഹെലികോപ്റ്ററിൽ ട്രംപും ഭാര്യ മെലനിയയും യാത്ര തുടർന്നു.

 

ഫ്രാൻസിന്‍റെ പ്രഥമ വനിത ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ അല്ലെന്ന് തെളിയിക്കാൻ ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ’ ഹാജരാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഭാര്യയും അറിയിച്ചു. യുഎസ് രാഷ്ട്രീയ കമന്‍റേറ്ററായ കാൻഡിസ് ഓവൻസിനെതിരെ ജൂലൈയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ ആണെന്നും, ജനിച്ചപ്പോൾ ജീൻ-മിഷേൽ ട്രോക്ന്യൂ എന്ന പുരുഷനായിരുന്നെന്നും പിന്നീട് സ്ത്രീയായി മാറുകയായിരുന്നുവെന്നും കാൻഡിസ് ഓവൻസ് നിരന്തരം ആരോപിച്ചിരുന്നു.

 

ഗാസയിലെ യുദ്ധ വിരാമത്തിനായുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഏകദേശം രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ യു എസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആറാം തവണയാണ്. പ്രമേയത്തിൽ ഹമാസിനെ അപലപിക്കാത്തതും ഇസ്രയേലിന്റെ ആത്മരക്ഷാ അവകാശത്തെ അംഗീകരിക്കാത്തതുമാണ് വീറ്റോയ്ക്ക് കാരണമെന്ന് യു എസ് പ്രതിനിധി മോർഗൻ ഓർട്ടഗസ് വിശദീകരിച്ചു.

 

ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ആരൊക്കെയെന്ന് നാളെ വ്യക്തമായേക്കും. പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും. ബിസിസിഐയിലെ ഉന്നത മേധാവികളും ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരെ വിവിധ ചുമതലകളിൽ നിയോഗിക്കാനാണ് നീക്കം.

 

റഷ്യയുടെ വടക്കു കിഴക്കൻ ഭാഗത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി. വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി, 10 കിലോമീറ്റർ ആഴത്തിലാണെന്ന് യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *