20250802 142259 0000

അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.

 

കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ല് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് കെസി വേണുഗോപാൽ എംപി പ്രതികരിച്ചു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം, ബില്ലിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേർന്ന് നീക്കങ്ങൾ തീരുമാനിക്കും.

 

ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു.

 

വൈദ്യുതി സുരക്ഷയുടെ ഭാഗമായി ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണം വരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കി. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം മുമ്പ് മുൻ‌കൂർ അനുമതി വാങ്ങണമെന്നും ഊർജ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും മറ്റ് നിയമപ്രകാരവും നടപടി സ്വീകരിക്കാനാണ് തീരുമാനം.

 

എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ടാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ്, മുഖ്യമന്ത്രിയുടെ നടപടി സത്യ പ്രതിജ്ഞ ലംഘനമാണെന്നും സർക്കാർ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു, വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

മലപ്പുറത്ത് ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. അതോടൊപ്പം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

 

അമീബിക്ക് മസ്തിഷ്‌ക ജ്വരം പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് അറിയിച്ചു. രാജ്യത്ത് തന്നെ അഞ്ചോളം ലാബുകളില്‍ മാത്രമാണ് അമീബ കണ്ടെത്താനുള്ള പിസിആര്‍ പരിശോധന ഉള്ളത്. വെള്ളത്തില്‍ നടത്തുന്ന പരിശോധനയില്‍ സംശയം ഉണ്ടെങ്കില്‍ റിപ്പീറ്റ് ടെസ്റ്റും കള്‍ച്ചറും ചെയ്യേണ്ടതുണ്ട്. അതിനായുള്ള സ്വാഭാവിക സമയം മാത്രമാണ് എടുക്കാറുള്ളത്. ഇതറിയാതെയാണ് പ്രചരണം നടക്കുന്നതെന്നും സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് അറിയിച്ചു

 

തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന കോൺഗ്രസ് നേതാക്കൾ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. വെള്ളനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുക. കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് പരാതി. അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കിന്‍റെ കോപ്പി മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ആരുടേയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹിയറിംഗില്‍ പരിശോധിച്ചില്ല. ഈ പഴുത് ഉപയോഗിച്ച് ചിലര്‍ എസ്എസ്എല്‍സി ബുക്കിന്‍റെ പകര്‍പ്പ് ജനന തീയതി തിരുത്തി ഹാജരാക്കി. 2007 ജനുവരി 1 ശേഷം ജനിച്ചവരും പേര് ചേര്‍ക്കാൻ അപേക്ഷ നല്‍കി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.

 

സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ്. പാർട്ടി കുടുംബം തകർത്തവനൊപ്പമെങ്കിൽ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷെർഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ആക്ഷേപങ്ങള്‍ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഷെർഷാദിനെതിരെ എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.

 

കോഴിക്കോട് യൂത്ത് കോൺഗ്രസ്‌ സമര പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ച ചാണ്ടി ഉമ്മൻ പരിപാടിക്ക് എത്തിയില്ല. ചാണ്ടി ഉമ്മൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പ്രതികരിച്ചു. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ലെന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. ടി സിദ്ദിഖ് അനുകൂലികളാണ് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.

 

കോഴിക്കോട് നടന്ന യൂത്ത് കോൺഗ്രസ്‌ സമര പരിപാടിയിൽ ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. പുലർച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതോടൊപ്പം കമ്മ്യൂണിക്കേഷന്റെ പ്രശ്നമാണ് ഉണ്ടായതെന്ന് കോഴിക്കോേട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു.

 

 

തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും കെഎസ്ഇബി ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നുവെന്ന് സോളാര്‍ പാനൽ സ്ഥാപിച്ച ഉപഭോക്താക്കള്‍. നിയവിരുദ്ധമായ ഫിക്സഡ് ചാര്‍ജ് നിര്‍ത്തണമെന്നും അധികമായ പിടിച്ച പണം പലിശ സഹിതം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് പുരപ്പുറ സോളാര്‍ ഉത്പാദകരായ ആറു പേര്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു.

 

കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസുകാരുടെ പരാതിയിൽ 25 പേർക്കെതിരെയും സിപിഎം നേതാവിൻ്റെ പരാതിയിൽ 9 പേർക്കെതിരെയും കടയ്ക്കൽ പൊലീസ് കേസെടുത്തു. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോൺഗ്രസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

 

ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ‘ബഹുമാനപ്പെട്ട’ എന്ന് അഭിസംബോധന ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സർക്കാർ. ഇതിന് പ്രത്യേകമായി ഉത്തരവിറക്കിയിട്ടില്ലെങ്കിലും പദവികളെ ആദരസൂചകമായ വാക്കുകളിലൂടെ അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥയിലെ സുജന മര്യാദയാണെന്നും പൊതുഭരണ പ്രോട്ടോക്കോൾ വകുപ്പ് വ്യക്തമാക്കുന്നു.

 

പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ അനുവദിച്ച് സർക്കാർ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോൾ അനുവദിച്ചത്. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബിജെപി കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം.

 

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു. ഗ്രാന്‍റ് വ‍ർധിപ്പിക്കണമെന്ന ആവശ്യം സർവകലാശാല സർക്കാരിന് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. വരും മാസങ്ങളിലും ശമ്പളം വിതരണത്തിലെ പ്രതിസന്ധി രൂക്ഷമായേക്കും.

 

കെഎസ്‍യു പ്രവർത്തകനെ എംഎസ്എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കെഎസ്‍യു പ്രവർത്തകനായ അജ്മൽ റോഷനാണ് പരിക്കേറ്റത്. പരിക്കേറ്റ അജ്മൽ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതാണ് മർദനത്തിന് പിന്നിലെന്നാണ് കെഎസ്‍യു ആരോപണം.

 

തിരുവനന്തപുരം ധനുവച്ചപ്പുരം ബിടിഎം കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ വിദ്യാർത്ഥി ദേവചിത്തിന് സാരമായി പരിക്കേറ്റു. ആറു വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് പാറശാല പൊലീസ് കേസെടുത്തു.

 

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐ കെ കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്‍റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

 

ബലാത്സംഗ കേസില്‍ പ്രതിയായ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ ഉള്ളതിനാലാണ് അറസ്റ്റിലേക്ക് കടക്കാത്തതെന്നും ബലാത്സംഗ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ പുരോഗമി്ക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കാക്കനാട് ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസൻ കുരുവിളയും മകൻ മിഥുൻ കുരുവിളയും നൽകിയ പരാതിയിലാണ് ഉത്തരവ്.

 

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. എറണാകുളം എലൂരിൽ പുത്തലത്താണ് സംഭവം. അബദ്ധം മനസിലായപ്പോൾ പതാക മാറ്റി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

എറണാകുളം വടക്കൻ പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതികളായ ബിന്ദുവിനെയും ഭർത്താവിനെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പറവൂർ പൊലീസ് അറിയിച്ചു. മരിച്ച ആശയും ബിന്ദുവും തമ്മിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

 

അമ്പലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിൽ തെരുവ് നായ പിടുത്തം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ചേർത്തലയിൽ നിന്നുള്ള നാലംഘ സംഘവും മൃഗ സംരക്ഷണ വകുപ്പിലെ വനിതാ ജീവനക്കാരിയും ചേർന്നാണ് അലഞ്ഞുതിരിയുന്ന നായകളെ പിടിക്കുന്നത്. വലയിലാക്കുന്ന നായ്ക്കൾക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ് എടുത്ത ശേഷം പ്രത്യക അടയാളം രേഖപ്പെടുത്തി വിട്ടയക്കും.

 

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക നല്‍കിയത്. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സി സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക നല്‍കും. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും.

 

എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയെന്ന് വൈഎസ്ആർ കോൺഗ്രസ്. സി പി രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു. സുദർശൻ റെഡ്ഡി എതിർ സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും വൈഎസ്ആർ കോൺഗ്രസ് വ്യക്തമാക്കി.

 

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെ ആക്രമണം. ഇന്ന് രാവിലെ നടന്ന സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും അദ്ദേഹം ചോദിച്ചു.

 

ഇന്ത്യൻ റെയിൽവേ ട്രെയിൻ യാത്രക്കാർക്ക് കർശനമായ ബാഗേജ് നിയമങ്ങൾ നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. യാത്രക്കാർക്ക് അനുവദനീയമായ ഭാര പരിധി നടപ്പിലാക്കുമെന്നാണ് സൂചന. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് അധിക പിഴകൾ ഈടാക്കും. കൂടാതെ, ഭാര പരിധിക്ക് താഴെയാണെങ്കിൽ പോലും വലിയ ലഗേജുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

 

കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് റോഡരികിൽ കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

രജനികാന്ത് നായകനായ ലോകേഷ് കനകരാജിന്റെ ചിത്രം ‘കൂലി’ക്ക് എ സർട്ടിഫിക്കറ്റ് ഒഴിവാക്കണം എന്ന ആവശ്യവുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ. തമിഴിൽ സമീപകാലത്തിറങ്ങിയ ചിത്രങ്ങളെവെച്ച് നോക്കുമ്പോൾ കൂലിയിൽ വയലൻസ് രംഗങ്ങൾ കുറവാണെന്നും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് നിർമാതാക്കൾ ഉന്നയിക്കുന്നത്.

 

ദില്ലിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാൾവ്യ നഗറിലെ എസ് കെ വി സ്കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു.

 

നായ്ക്കളെ നിർബന്ധമായും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിനെതിരെ തെരുവ് നായ്ക്കളുമായി പ്രതിഷേധ പ്രകടനം നടത്തി മൃഗാവകാശ സംഘടനകളും മൃഗസ്നേഹികളും. ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ പിടികൂടണമെന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെയാണ് മൃഗാവകാശ സംഘടനകളുടെയും മൃഗ സ്നേഹികളുടെയും തുടർച്ചയായ പ്രതിഷേധ പ്രകടനങ്ങളും റാലികളും തലസ്ഥാന നഗരിയിൽ നടക്കുന്നത്.

 

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഡിജിസിഎ സമഗ്രമായ വൈദ്യപരിശോധന നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിസിഎ നൽകിയ ലൈസൻസുകൾ കൈവശമുള്ള എല്ലാ ജീവനക്കാർക്കും ഈ പരിശോധന ബാധകമാണ്.

 

റഷ്യയെ സമ്മർദത്തിലാക്കാനാണ് അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് റഷ്യയ്ക്ക് മേൽ സമ്മർദം ചെലുത്താനാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശ്രമിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്.

 

ഗാസയിലെ വെടിനിർത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മർദത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ 60 ദിവസം വെടിനിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ 200 പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലുള്ള മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

 

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്‍റ് ഇന്ത്യയുടെ നടപടിയെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *