Screenshot 20250705 135848 2

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 സംഘം ഭൂമിയിലേക്ക് ഇന്ന് മടങ്ങും. സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിലാണ് ഭൂമിയിലേക്ക് തിരിക്കുന്നത്. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ തുടർന്ന് സ്പേസ്എക്‌സിന്‍റെ റിക്കവറി കപ്പല്‍ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഒരാഴ്‌ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന് ഇവര്‍ വിധേയരാകും.

 

ശബരിമലയിലേക്ക് പോലീസ് ഉന്നതൻ ട്രാക്ടർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ നിർദേശം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമം ലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം.

 

ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്നും തൻ്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ ആവർത്തിച്ചു. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ്, എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കാര്യം നോക്കി തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത് ഇപ്പോഴും തന്റെ അഭിപ്രായം അതാണെന്ന് പി ജെ കുര്യൻ വിശദീകരിച്ചു.

 

യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നതെന്നും അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു .

 

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും സുപ്രീംകോടതി പറഞ്ഞു.

 

കേരള സർവകലാശാലയിലെ വിസി രജിസ്ട്രാർ പോരിൽ ഫയൽ നീക്കം സ്തംഭനത്തിൽ. വി സി യുടെ ഒപ്പിനായി കാത്ത് നില്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകളിണ്. നിരവധി അക്കാഡമിക കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകളാണ് തീരുമാനമാകാതെ കിടക്കുന്നത്.

 

സി സി മുകുന്ദന്‍ എംഎല്‍എയെ സി പി ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍. സി പി ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് സി സി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ഒഴിവാക്കിയതെന്നാണ് വിവരം.

 

രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറേറ് ചെയ്ത ആർഎസ്എസ് നേതാവ് സദാനന്ദനെതിരെ പി ജയരാജൻ. സദാനന്ദന്റെ പ്രാവീണ്യം ഏതു മേഖലയിൽ ആണെന്ന് അദ്ദേഹം ചോദിച്ചു.സദാനന്ദൻ കറകളഞ്ഞ ആർഎസ്എസ് നേതാവായിട്ടും മാധ്യമങ്ങൾ ഇത് ആഘോഷിക്കുന്നു.പാനൂരിൽ ബോംബക്രമത്തിൽ പരിക്കേറ്റ അസ്നയുടെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. ബോംബെറിഞ്ഞത് ആർഎസ്എസ് ആണെന്ന് UDFകാരോ മാധ്യമങ്ങളോ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു

 

കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്ന വിമർശനവുമായി കത്തോലിക്ക മുഖപത്രം ദീപിക. ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ

ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി

ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത‍്യൻ

സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്‌ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക്

ഒത്താശക്കാരായി നിലകൊള്ളുന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

 

പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പാടിയിൽ പോയതും കെഎസ്ആർടിസി ബസിലായിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാകും.

 

ഷാർജയിൽ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്‍റെ അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുണിൻ്റെ ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

 

പ്രശസ്‍ത സ്റ്റണ്ട്‍മാൻ രാജുവിന് ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. ആര്യ നായകൻ ആകുന്ന ചിത്രമാണിത്.

 

 

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ നിലവിലെ സ്ഥിതി അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്നാണ് വിവരം.

 

നഗരത്തിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെതാഴെ ചൊവ്വ മുതൽ കാൾടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നിൽ സഞ്ചരിച്ചത്. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

കഴിഞ്ഞ ദിവസം സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ജനറല്‍ മാനേജറുടെ മാനസിക പീഡനം മൂലമാണെന്ന് ആരോപണം. കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇയാളെ മാനേജ്‌മെന്‍റ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം അടിവാട് സ്വദേശിനി അമീനയാണ് (20) കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

 

 

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി നാല് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ച് എംകെ സ്റ്റാലിൻ സർക്കാർ. ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാർ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ്. ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

 

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിൻ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെ ആണ്‌ ഇപ്പോൾ ട്രെയിൻ പോകുന്നത്. ചെന്നൈ സെൻട്രൽ – അറക്കോണം ലൈനിൽ എമു സർവീസ് പുനസ്ഥാപിച്ചു.

 

 

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ബീജിങിൽ ചൈനീസ് വൈസ് പ്രസിഡൻറ് ഹാൻ ഷെങുമായുള്ള കൂടിക്കാഴ്ചയിലാണ് എസ്. ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം സാധാരണനിലയിലാകുന്നതിനുള്ള നടപടികൾ തുടരണമെന്നും എസ് ജയശങ്കർ നിർദ്ദേശിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടാക്കിയ ധാരണ നടപ്പാക്കണമെന്ന് ചൈനീസ് വൈസ് പ്രസിഡൻറും നി‍ർദ്ദേശിച്ചു.

 

ആഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടന തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യൻ പൗരന്മാരുടെ വിശദാംശങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശിയായ പ്രകാശ് ചന്ദ് ജോഷി, തെലങ്കാനയിൽ നിന്നുള്ള അമരലിംഗേശ്വര റാവു, ഒഡീഷ സ്വദേശി പി വെങ്കടരാമൻ എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.ജൂലൈ ഒന്നിനാണ് മാലിയിലെ കെയ്സ് മേഖലയിലെ ഡയമണ്ട് സിമന്‍റ് ഫാക്ടറിയിൽ വച്ച് ഇന്ത്യക്കാരെ ഭീകരർ ബന്ദികളാക്കിയത്.

 

ഹരിയാനയിലെ നൂഹിൽ ഇന്‍റർനെറ്റ് സേവനങ്ങൾ, ബൾക്ക് എസ്എംഎസ് സേവനങ്ങൾ എന്നിവ റദ്ദാക്കി. ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകി. മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം. 2500 സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. രണ്ടു വർഷം മുമ്പ് നടന്ന സംഘർഷം കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് അധികൃതർ അറിയിച്ചു.

 

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങൾ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോൺ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടൻ ഹർജി നൽകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും.

 

 

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സർക്കാർ പൈലറ്റുമാരുടെ സംഘടനകളെ കാണും. കോക്പിറ്റിലെ സംഭാഷണവുമായി ബന്ധപ്പെടുത്തി പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ബാലിശമാണെന്നും, ഇന്ധന സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്ര തകരാര്‍ സംഭവിച്ചോയെന്നത് പരിശോധിക്കണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോക്പിറ്റിലെ സംഭാഷണം മാത്രം കണക്കിലെടുക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ വശങ്ങളെക്കുറിച്ചും അന്വേഷണം തുടരുമെന്ന് സഹമന്ത്രി മുരളി മഹോൾ വിശദീകരിച്ചു.

 

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ അവ്യക്തത തുടരുന്നു. അഹമ്മദാബാദിൽ തകര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനത്തിലെ ത്രോട്ടിൽ കണ്‍ട്രോള്‍ മൊഡ്യുള്‍ രണ്ടു തവണ മാറ്റിവെച്ചിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയാണ് രണ്ടു തവണ മാറ്റിവെച്ചതെന്നതിലാണ് സംശയം ഉയരുന്നത്.

 

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിൽ സംഘടനയിലെ വിദഗ്ധ പൈലറ്റുമാരെ ഉൾപ്പെടുത്തണമെന്ന് പൈലറ്റുമാരുടെ സംഘടനയുടെ ആവശ്യം. തുടരന്വേഷണത്തിലും സുതാര്യതയുണ്ടാകില്ലെന്ന് സംഘടന ആവശ്യപ്പെടുന്നു. അതേസമയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായി എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഇന്ന് കൂടിക്കാഴ്ച നടത്തും. സംഘടനയുടെ ആശങ്കയറിയിക്കും.

 

വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.

 

ഗാസയില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുളള ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണം സാങ്കേതിക തകരാറിനെ തുടര്‍ന്നാണെന്ന് ഇസ്രയേൽ. ആക്രമണത്തിൽ കുട്ടികളടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രായേലിന്‍റെ ഏകപക്ഷീയ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് ജനക്കൂട്ടത്തിനുനേരെ ആക്രമണം ഉണ്ടായത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *