താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ലെന്നും തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗം. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടുവെന്നും സർജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടർ ചൂണ്ടിക്കാട്ടിയത് ഡോക്ടർ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതായിരുന്നെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെന്നും ഉന്നയിക്കപ്പെട്ട പ്രശ്നം പരിഹരിച്ചുവെന്നും ദേശാഭിമാനി മുഖ പ്രസംഗത്തിൽ പറയുന്നു. എന്നിട്ടും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നുവെന്നും ഇത് തിരുത്തൽ അല്ല തകർക്കൽ എന്നും വിമർശനമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച് പ്രതികരിച്ച ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല പക്ഷേ നിരവധിപേർ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടർ എന്ന് തന്നെയാണ്, കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെ പറഞ്ഞതായിരിക്കണം എന്നും കുനിഷ്ട് ഉള്ളതായി തോന്നുന്നില്ലെന്നും സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഭീഷണിപ്പെടുത്താനുള്ള ശ്രമവും വിരട്ടലും വേണ്ടെന്ന്
ഡോ. ഹാരിസിനെതിരായ സിപിഎം വിമർശനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ട് ഇനിയാരും പറയാതിരിക്കാൻ ആണ് ഭീഷണിയുമായി ഇപ്പോൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ മുതിർന്ന നേതാവ് അജയ് തറയിൽ. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ വ്യക്തമാക്കി.
അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ, ഏത് വസ്ത്രം വേണമെങ്കിലും ആർക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
യുവതലമുറക്ക് ഖദറിനോട് എന്തിനിത്ര നീരസം എന്ന അജയ് തറയിലിന്റെ ചോദ്യത്തിന് മറുപടിയുമായി കെ എസ് ശബരീനാഥൻ. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്‍റെ പ്രതീകമായി ഇപ്പോൾ കാണാനാവില്ല വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ് കളർ ഷർട്ട് എന്നാലോ എളുപ്പമാണ്. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്ന് ശബരീനാഥൻ കൂട്ടിച്ചേര്‍ത്തു.
പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ പരോക്ഷമായി തള്ളിയ പി ജയരാജന്‍, പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ വാക്കുകൾ തിരുത്തി. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്നും മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി.
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തില്‍ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബത്തിൻ്റെ പരാതി. ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. നിയമോപദേശം തേടിയ ശേഷം അധ്യാപകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തില്‍ ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്. പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യ അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരും ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം പാൽവില വർദ്ധന ആദ്യം മിൽമ ആലോചിച്ച് തീരുമാനമെടുക്കും അതിനുശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
മതേതരത്വത്തിന് വിരുദ്ധമായി നിലനിൽക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് അപകടകരമെന്ന് നേരത്തെ വിലയിരുത്തിയിട്ടുണ്ട് എന്നാൽ വയനാട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയെന്നും തെരഞ്ഞെടുകളിൽ ജയിക്കാൻ കോൺഗ്രസ് എത് വഴിയും തേടുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ മതേതരത്വമോ, മറ്റ് മൂല്യങ്ങളോ പരിഗണിക്കപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘം കോട്ടയം സിജെഎം കോടതിയിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ ഡി സി ബുക്ക്സ് മുൻ എഡിറ്റർ എ വി ശ്രീകുമാറിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം.
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകനെതിരെ നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെൻറിന് നിർദ്ദേശം നൽകിയത്.
കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി. കേസിൽ ആകെ 13 പ്രതികളാണുള്ളത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി.
ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ മരം ഒടിഞ്ഞു വീണു. മരം വീണപ്പോൾ എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളിൽ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകൾക്കും നാശനഷ്ടങ്ങളുണ്ടായി. ഫയർഫോഴ്സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി. നെടുമങ്ങാട് തഹസിൽദാർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കാല് തല്ലി ഒടിച്ച ചരിത്രം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച് സിപിഎം നേതാവ് കൂടിയായ വടകര നഗരസഭ മുൻ ചെയർമാൻ കെ ശ്രീധരൻ. സിപിഐഎം ഭരിക്കുന്ന നഗരസഭയുടെ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ നടത്തിയ ആശംസ പ്രസംഗത്തിലാണ് പ്രസ്താവന. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർ നഗരസഭയിൽ ഉണ്ട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍റെ കാലടിച്ച് തകർത്ത പാരമ്പര്യം വടകരക്കാർക്ക് ഉണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഹേമചന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ എത്തിയതാണെന്നും നൗഷാദ് പറയുന്നു. വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് പറയുന്നു. നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നു ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.
വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിന്‍റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കിരൺ കുമാറിന് ജാമ്യം ലഭിക്കും. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്.വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം.
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ഡാര്‍ക്ക് നെറ്റിലെ തിമിംഗലമെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖലയായ കെറ്റാമെലോണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10000 എൽഎസ്ഡി ബ്ലോട്ടുകളെന്ന് എൻസിബി അറിയിച്ചു. പണമിടപാടിനായി ഉപയോഗിച്ചത് മൊനേറോ ക്രിപ്റ്റോ കറന്‍സി ആണെന്നും എൻസിബി കണ്ടെത്തി. എഡിസനെയും സഹായിയെയും എന്‍സിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ച് പൊതുമരാമത്ത് വകുപ്പ്. രാജ് നിവാസ് മാർഗിലെ ബംഗ്ലാവ് നമ്പർ ഒന്നിൽ ഇലക്ട്രിക് ഉപകരണങ്ങൾ സജ്ജീകരിക്കുന്ന ജോലികളാണ് പ്രധാനമായും ടെണ്ടറിലുള്ളത്. ജൂലെ നാലിന് ടെണ്ടർ തുറന്നാൽ ജോലി എൽപ്പിക്കപ്പെടുന്ന കരാറുകാർ രണ്ട് മാസത്തിനകം എല്ലാം പൂർത്തിയാക്കണം.
മഹാരാഷ്ട്രയിലെ അമരാവതിയിൽ അധ്യാപകൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ജയ് ബജ്‌രംഗ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തിൽ. മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം. ഇതിനായി ഡിആർഡിഒ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന. കെ 6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാനാകും. മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ എന്നതാണ് മിസൈലിന്റെ വേഗം. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ഭേദിക്കാനാകും.
അടിയന്തിര വൈദ്യ സാഹചര്യങ്ങളിൽ രക്തം ഡ്രോണുകള്‍ വഴി സുരക്ഷിതമായി എത്തിക്കാമെന്ന് ഐസിഎംആര്‍ പഠനം. ദില്ലിയിലെയും എൻസിആറിലെയും മൂന്ന് സ്ഥാപനങ്ങളായ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- ഗ്രേറ്റർ നോയിഡ, ജെയ്പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുമായി സഹകരിച്ചാണ് ഐസിഎംആര്‍ പഠനം നടത്തിയത്.
സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട് നൽകാൻ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ഒരു സ്വകാര്യ മെഡിക്കൽ മെഡിക്കൽ കോളേജിന് വേണ്ടിയായിരുന്നു ഇവർ പണം വാങ്ങി റിപ്പോർട്ട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ നാൽപതിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
തനിക്കായി തയ്യാറാക്കിയ കാറിൽ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് കണ്ട് വാഹനം ഉപയോഗിക്കാതെ ഉത്തർപ്രദേശ് മന്ത്രി അസിം അരുൺ. വാഹനത്തിൽ കയറിയില്ലെന്ന് മാത്രമല്ല പൊലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.
ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്നാണ് സമൂഹമാധ്യമമായ എക്സ് പോസ്റ്റിലൂടെയുള്ള ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിർദേശങ്ങൾ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാന്‍റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോൾ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. ഇക്കാര്യങ്ങളിൽ സ്വാധീനമുള്ള യുഎന്‍അംഗരാജ്യങ്ങൾ ഇടപെടണം എന്നാണ് ഇറാന്‍റെ ആവശ്യം.