സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാൻ താൽപര്യമറിയിച്ചത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സ്തുത്യർഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്.

 

സർവ്വീസിൻ്റെ തുടക്കം മുതൽ പിന്തുണ നൽകിയവർക്ക് നന്ദിയെന്ന് പടിയിറങ്ങുന്ന ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് തിരുവനന്തപുരത്ത് യാത്ര അയക്കൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കി. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്നാണ് താൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം താൽക്കാലികമാണ് യൂണിഫോം ഇല്ലെങ്കിലും കർതവ്യബോധമുള്ളവരാകണമെന്നും ഡിജിപി പറഞ്ഞു. കേരള പൊലീസ് മികച്ച സേനയാണ് തുടർച്ചയായി കേന്ദ്ര അവാർഡ് ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

പുതിയ സംസ്ഥാന പൊലീസ് മേധാവികളുടെ മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി വിവരം. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്നും നിയമനം അതിൻ്റെ നടപടിയ്ക്ക് പോകുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിലും പ്രതികരിച്ചു. അതോടൊപ്പം ഡിജിപി നിയമനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. എഡിജിപി എച്ച് വെങ്കിടേഷിന് ഡിജിപിയുടെ താൽക്കാലിക ചുമതല നൽകും.

 

സംസ്ഥാന പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതിൽ അതൃപ്തി പരസ്യമാക്കി പി ജയരാജന്‍. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ യെന്നും മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിതിന്‍ അഗര്‍വാള്‍ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയതാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ കോടതി തീരുമാനം എടുത്തതാണ്.റവാഡ വെടിവെപ്പിന്റെ രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. രവാഡക്ക് കാര്യമായ അറിവോ പരിചയമൊ ല്ലെന്നും പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണ് ഈ വിഷയത്തില്‍ പി ജയരാജന്‍റെ പ്രതികരണം വിമർശനമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ജാനകി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡ് തീരുമാനത്തിനെതിരെ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലേക്ക് സിനിമ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രൊഡ്യൂസർ അസോസിയേഷന് വേണ്ടി രഞ്ജിത്തും അമ്മ സംഘടനയ്ക്ക് വേണ്ടി ജയൻ ചേർത്തലയും ആത്മയ്ക്ക് വേണ്ടി പൂജപ്പുര രാധാകൃഷ്ണനും പ്രതിഷേധത്തിൽ പങ്കെടുത്തു.

 

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറയ്ക്കൽ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നും ഡോ ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രഡ്, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

 

കേരള സര്‍വ്വകലാശാലയുടെ ഗവര്‍ണര്‍ ആർലേക്കർ പങ്കെടുത്ത പരിപാടിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസി യുടെ റിപ്പോർട്ട്. ഗവർണ്ണറെ ബോധ പൂർവം തടഞ്ഞു എന്നു റിപ്പോർട്ടില്‍ പറയുന്നു. വിസി ഗവർണ്ണർക്ക് റിപ്പോർട്ട് നൽകി രജിസ്ട്രാർ ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോർട്ട് ശുപാര്‍ശ ചെയ്തു.

 

 

ട്രെയിൻ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് നാളെ മുതല്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി റെയില്‍വേ. ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ മാറ്റം ഉണ്ടാകും.നാളെ മുതല്‍ ആധാര്‍ ഉപയോഗിച്ച് വേരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ് വഴിയുള്ളബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമായിരിക്കും.

 

കീം പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ പരീക്ഷകളുടെ മാർക്ക് ഏകീകരണത്തിനുള്ള പുതിയ ഫോർമുലക്ക് സർക്കാർ അംഗീകാരം നൽകി. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത വിധത്തിൽ എൻട്രൻസ് കമ്മീഷണർ തയ്യാറാക്കിയ നിർദ്ദേശമാണ് അംഗീകരിച്ചത്. ഈ ആഴ്ച തന്നെ ഫലം പ്രസിദ്ധീകരിക്കും.

 

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിൽ കയറിയ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്ന 5 പേരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം കടക്കുകയായിരുന്നു. എലത്തൂരിൽ വെച്ചാണ് സംഭവം മൂന്ന് തവണ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത് അനുസരിക്കാതെ വന്നതോടെ വെസ്റ്റിൽ ചുങ്കത്ത് വെച്ച് വാഹനവും അതിൽ ഉണ്ടായിരുന്ന 5 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്.

 

പുതുക്കാട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന ആരംഭിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിക്കുന്നുണ്ട്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

 

ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാർക്ക് ക്ഷാമം. ജനറൽ സർജറി വിഭാഗത്തിൽ 18 ഡോക്ടർ വേണ്ട ഇടത്ത് ആകെയുള്ളത് 9 ഡോക്ടർമാരാണ്. റേഡിയോളജി വിഭാഗത്തിൽ 9 ഒഴിവുകളാണ് ഉള്ളത്. ജനറൽ മെഡിസിനിൽ 6 ഒഴിവുകളാണ് ഉള്ളത്. ഉദരരോഗ വിഭാഗത്തിൽ സ്ഥിരം ഡോക്ടർ ഇല്ല. വർക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് ആണ് ഉദരരോഗ വിഭാഗത്തിൽ ഡോക്ടർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തുന്നത്.

 

 

റോഡിലെ അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ കൗൺസിലർമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മേയർ എം.കെ.വർഗീസ്. കൗൺസിലർമാരോട് ചേമ്പറിലേക്ക് വരാൻ മേയർ ആവശ്യപ്പെട്ടു. അതേ സമയം ചർച്ച എന്ന ഉറപ്പ് ലഭിച്ചതോടെ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷം. നേരത്തെ മേയറുടെ കസേരയ്ക്ക് ചുറ്റും കൂടി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം നടത്തിയിരുന്നു.

 

 

സൂംബ വിഷയത്തിൽ ഫേസ്ബുക്കിൽ വിവാദ കമന്റിട്ട സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മൂലങ്കാവ് ലോക്കൽ കമ്മിറ്റി അംഗം കെ ജി ഷാജിക്കെതിരെയാണ് ബത്തേരി പൊലീസ് കേസ് എടുത്തത്. മത വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പോസ്റ്റ് ഇട്ടു എന്ന് ആണ് എഫ്ഐആർ. യൂത്ത് ലീഗിന്റെ പരാതിയിൽ ആണ് പൊലീസ് നടപടി. കമൻറ് വിവാദമായതിന് പിന്നാലെ ഷാജിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തിരുന്നു.

 

 

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് എയുപി സ്കൂളിന് മുന്നിൽ ടി ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂറ്റൻ വാകമരമാണ് കടപുഴകി വീണത്. കല്ലടിക്കോട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 

ട്രേഡ് യൂണിയനിലെ ആളുകൾ രാത്രി വിളിച്ചത് കൊണ്ടാണ് കാർ ഇറക്കാൻ റോഷൻ പോയതെന്ന് കൊച്ചിയിൽ ആഢംബര കാർ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച റോഷൻ ആന്‍റണിയുടെ ഭാര്യ ഷെൽമ. മുൻപും കാർ ഇറക്കാൻ യൂണിയൻ അംഗങ്ങൾ വിളിച്ചിട്ട് റോഷൻ പോയിട്ടുണ്ടെന്നും പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കിൽ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെൽമ പറഞ്ഞു.

 

ബിജെപി കോർകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പുന:സംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗത്തിൽ വി. മുരളീധരനെയും കെ.സുരേന്ദ്രനെയും ക്ഷണിക്കാത്തതിൽ വിവാദമുണ്ട്. പുതിയ അധ്യക്ഷന്റെ ശൈലിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.

 

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യക്ക് പിന്നാലെ താൽക്കാലികമായി അടച്ചിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂൾ തുറന്നു. പുതുതായി തെരഞ്ഞെടുത്ത പിടിഎ ഭാരവാഹിളുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ തുറന്നത്. പുതിയ പ്രിൻസിപ്പാളായി സിസ്റ്റർ പൗലിയും, വൈസ് പ്രിൻസിപ്പാളായി സിസ്റ്റർ ജൂലിയും ചുമതലയേറ്റെടുത്തു.

 

 

ഒന്നര വര്‍ഷം മുന്‍പ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്‍റെ തീരോധാനം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതികളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുൻപ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നാണ് പുതിയ വിവരം. പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറിയാണ് തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

 

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. ഒഡീഷയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ 10 ജില്ലകളിലും ഉത്തരാഖണ്ഡിൽ 7 ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

 

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം നടത്തിയത്.

 

 

അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തില്‍ പെട്ട കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി.സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവിക കപ്പൽ ഐഎൻഎസ് ടബാറാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.ഐഎൻഎസ് ടബാറിലെ 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം തുടരുകയാണ്

 

 

കൊൽക്കത്ത കൂട്ട ബലാത്സംഗക്കേസിൽ പൊലീസിനെതിരെ ദേശീയ വനിത കമ്മീഷൻ. കമ്മീഷൻ്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കുന്നില്ലെന്ന്‌ ദേശീയ വനിത കമ്മീഷൻ ആരോപണം. സംഭവം നടന്നയിടം സന്ദർശിക്കാൻ അനുവദിക്കുന്നില്ല. ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്നും വിലക്കുന്നു. അന്വേഷണ വിവരങ്ങൾ കൈമാറുന്നില്ലെന്നും വനിത കമ്മീഷൻ അംഗം ഡോ. അർച്ചന മജുംദാർ ആരോപിക്കുന്നത്.

 

 

ഇറാനെതിരെ ഇസ്രയേൽ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങൾ. അമേരിക്കയിൽ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വൻതോതിൽ വിമാനങ്ങളെത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് ഇസ്രയേൽ വലിയ തോതിൽ ആയുധങ്ങൾ സംഭരിക്കുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇരുപക്ഷവും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് വൃത്തങ്ങൾ അറിക്കുന്നത്. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ സാധ്യമാകുന്നത്.

 

 

വിംബിള്‍ഡണ്‍ ടെന്നിസിന് ഇന്ന് തുടക്കമാവും. പുരുഷന്‍മാരിയില്‍ യാനിക് സിന്നറും വനിതകളില്‍ അറിന സബലെന്‍കയുമാണ് ഒന്നാം സീഡ് താരങ്ങള്‍. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ നേരിടും. അറിന സബലെങ്ക കനേഡിയന്‍ താരം കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനാണ് എതിരാളി. അലക്‌സാണ്ടര്‍ സ്വരേവിനും ടൈലര്‍ ഫ്രിറ്റ്‌സിനും ഡാനില്‍ മെദ്‌വദേവിനും ഇന്ന് മത്സരമുണ്ട്. വനിതകളില്‍ ബാര്‍ബോറ ക്രൈജിക്കോവയാണ് നിലവിലെ ചാമ്പ്യന്‍.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *