പഹൽഗാമിലെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.
പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്ന് എൻഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി എൻഐഎ കണ്ടെത്തി.
പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും നിർദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്. ഭീകരർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് ഇതിലൂടെ കഴിയും.
ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാൻ ഇടപെടൽ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിൽ കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്നും വാർത്താ സമ്മേളനത്തിൽ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിൽ പൊതുവികാരം. അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാർട്ടി വിലയിരുത്തൽ.
ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.09 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനവും ആണ് വിജയം. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് പറഞ്ഞ് സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ് എന്നാണ് മുരളീധരന്റെ ആരോപണം. ലഹരിക്കെതിരായ കുട്ടികളുടെ സൂംബ പരിപാടിക്ക് വിതരണം ചെയ്ത ടീ ഷർട്ടിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് വലിയ വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയുടെ സംഘാടകർ.
വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. അതെസമയം ആറ് വർഷത്തോളം കെ എം ഏബ്രഹാം സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെഎസ്യു നേതാവ് മുഹമ്മദ് ഹാഷിം. സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നൽകിയത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായ ചികിത്സ നൽകിയില്ല എന്നാണ് ആരോപണം.
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആറുമാസം മുമ്പാണ് ഇയാളെ സസ്പെന്റ് ചെയ്തിരുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ ജോലിയിൽ നിന്ന് ആറുമാസം മുൻപാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒന്നാം പ്രതി തസ്ലിമ, ഭർത്താവ് സുൽത്താൻ അക്ബർ അലി എന്നിവരുടെ ജാമ്യപേക്ഷ തള്ളി. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
റാപ്പർ വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹൻലാലിന്‍റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്ന് വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി.
റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനം. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. പുലിപ്പല്ല് കേസിൽ വേടനെ വീട്ടിലും ലോക്കറ്റ് നിർമിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അതോടൊപ്പം വിവാദങ്ങൾക്കിടെ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ആദ്യ ലവ് സോംഗ് റിലീസ് ചെയ്തു. ‘മോണോലോവ’ എന്നാണ് ഗാനത്തിന്റെ പേര്.
സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഫ്ലാറ്റുടമ സംവിധായകൻ സമീർ താഹിറിന് എക്സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകർക്കു നൽകിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്‍റ്എക്സൈസ് കമ്മീഷണർ എംഎഫ് സുരേഷ് പറഞ്ഞു.
കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്സൈസ്. കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പ്രതിഭയുടെ മകൻ കനിവിൻരെ പേരില്ല. ഒന്പത് പേരായിരുന്നു കേസിൽ പ്രതി ചേർക്കപ്പെട്ടത്. നലവിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്.
മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തിയ മലയാള സിനിമകളുടെ കണക്ഷന്‍ കണക്കുകള്‍ പ്രസിദ്ധീകരിച്ച് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. മാര്‍ച്ച് മാസത്തില്‍ മലയാളത്തില്‍ നിന്ന് 15 സിനിമകളാണ് തിയറ്ററുകളില്‍ എത്തിയത്. ഇത് പ്രകാരം കാര്യമായ നേട്ടം ഉണ്ടാക്കാനായത് മോഹന്‍ലാല്‍ ചിത്രം എമ്പുരാന് മാത്രമാണെന്നാണ് വിവരം.
മലയാള സിനിമകളുടെ കണക്ഷന്‍ കണക്കുകളുടെ ലിസ്റ്റ് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ഇത്തരത്തില്‍ കണക്കുകള്‍ പുറത്തുവിടുന്നത് “ഏഭ്യത്തരം” എന്നാണ് നിര്‍മ്മാതാവ് വിശേഷിപ്പിക്കുന്നത്. അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി ” എന്നും നിര്‍മ്മാതാവ് പറയുന്നു.
പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. നെടുമങ്ങാട് എസ്ഇഎസ്ടി കോടതിയുടേതായിരുന്നു വിധി.2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്.
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും. സംഭവത്തിൽ ഷീലയുടെ മകൻ സംഗീതിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യാൻ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഗീത് ഹാജരായിട്ടില്ല. ഇന്നലെ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയെയും അന്വേഷണ സംഘം പ്രതി ചേർത്തിരുന്നു.
മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഷൂട്ടിംഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ സംസ്കാരം നാളെ നടക്കും. എറണാകുളം സെൻ്റ് മാർട്ടിൻ ഡീ പൊറസ് ദേവാലയത്തിലായിരിക്കും സംസ്കാരം നടക്കുക. ഇന്ന് ഉച്ചക്ക് 3 മണിമുതൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളജിൽ പൊതു ദർശനം ഉണ്ടാകും. നാളെ പള്ളി പാരിഷ് ഹാളിലും പൊതു ദർശനത്തിന് ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ.
രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ വ്യാപക പോസ്റ്ററുകൾ. തീവ്രവാദികളുടെ കൂട്ടാളിയെന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് വിമർശനത്തിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.രാഹുൽ ഇന്ന് അമേഠി സന്ദർശിക്കാനിരിക്കേയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ എക്സ്പേജിൽ മോദിക്കെതിരായ വിമർശന പോസ്റ്റിട്ടത് സമൂഹമാധ്യമ അക്കൗണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് ആണെന്ന് വിവരം. മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ എന്നെഴുതിച്ചേർത്ത ചിത്രമായിരുന്നു കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പങ്കുവെച്ചത്.ഇതോടെ സുപ്രിയക്ക് ശക്തമായ താക്കീത് നൽകി കോൺഗ്രസ് നേതൃത്വം പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ച കോൺഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികൾ. നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ദില്ലിയിൽ തന്നെയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകൾ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഈ ഘട്ടത്തിൽ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. രാജ്യം ഒന്നിച്ച് നിൽക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്ന് മായാവതിയും ആവശ്യപ്പെട്ടു.
പാകിസ്ഥാൻ പ്രതിനിധികൾക്ക് വേദിയൊരുക്കിയ ഹാർവാർഡ് സർവകലാശാല നടപടിക്കെതിരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹാർവാർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറിൽ, പാകിസ്ഥാൻ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്.
പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേർക്ക് ദാരുണാന്ത്യം. 14 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയുമായുള്ള തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിയെന്നും അത് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അന്തിമ അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് സൂചിപ്പിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പരാമര്‍ശം.