ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ കേരളാ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നുമാണ് വിശദീകരണം.
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഉപജീവനമാർഗ്ഗം ഇല്ലെന്ന സത്യവാങ്മൂലം ദുരന്തബാധിതർ നൽകണമെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 19 മുതൽ സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം.
ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്ന് ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത് ‘വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.
എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്, കാലു കുത്താൻ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനർഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടത്തിയ പരാമർശത്തിലാണ് പ്രശാന്ത് ശിവൻ്റെ പ്രതികരണം.
താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി വിൻസി അലോഷ്യസ്‍. നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണെന്നും വിൻസി പ്രതികരിച്ചു. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചുവെന്നും സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നുവെന്നും വിൻസി പ്രതികരിച്ചു.
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്സൈസ് കൈക്കൊള്ളുമെന്നും എക്സൈസ് മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ലെന്നും വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്നാണ് അമ്മ വിശദമാക്കിയത്. ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ. സംഘടന അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തി. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള തീരുമാനും ഉടൻ ഉണ്ടായേക്കും.
നടി വിൻസി അലോഷ്യസിന്റെ പരാതി വളരെ ഗൗരവമായി എടുക്കുന്നുവെന്നും ഷൈൻ ടോം ചാക്കോയുടെഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നും അമ്മ അഡ് ഹോക്ക് കമ്മറ്റി അംഗം ജോയ് മാത്യു പ്രതികരിച്ചു. വിൻസിയുടെ രേഖാ മൂലമുള്ള പരാതി കിട്ടിയിരുന്നു. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം നടപടിയെന്നും പരാതിക്കാരിയുടെ കൂടെയാണ് സംഘടനയെന്നും നടന്ന കാര്യങ്ങളെ കുറിച്ച് ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടുമെന്നും ജോയ് മാത്യു വിശദമാക്കി.
ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടുകയാണെന്ന് കുടുംബം പറഞ്ഞു. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ടെന്നും ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും അത്ര അടുപ്പമുള്ളവരാണ് ഇരുവരുമെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം പറഞ്ഞു. സിനിമാ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബത്തിൻ്റെ പ്രതികരണം.
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ രംഗത്ത് എത്തിയ നടി വിൻസി അലോഷ്യസിനെ പ്രശംസിച്ച് ഡബ്ല്യൂസിസി. സഹനടനിൽ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ശബ്ദമുയര്‍ത്തിയ വിന്‍സിയുടെ ആത്മധൈര്യത്തിന് അഭിവാദ്യങ്ങളെന്നും സിനിമ സെറ്റുകളിൽ വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്ന നഗ്നസത്യത്തെയാണ് ഇതിലൂടെ അവർ ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും സംഘടന പറഞ്ഞു.
എന്തൊക്കെ സംഘർഷം നടന്നാലും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ വ്യക്തമാക്കി,ഭിന്ന ശേഷിക്കാർക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം . രാഹുൽ മാങ്കൂട്ടത്തിൽ MLA ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ.കൃഷ്ണദാസ് പറഞ്ഞു.
ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കലൂരിലുള്ള ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി ശേഷം സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷൈനിനു വേണ്ടി പൊലീസ് അന്വേഷണം വിപുലമാക്കി.
വഖഫ് ഭേദഗതികളിൽ ഗൗരവത്തിൽ ഇടപെടൽ നടത്തണമെന്ന് സുപ്രീം കോടതി ചിന്തിക്കുന്നു എന്നാണ് ഇന്നലത്തെ കോടതി നിരീക്ഷണത്തിൽ നിന്നും വ്യക്തമായതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. വഖഫ് വസ്തുവിൽ തർക്കം ഉന്നയിച്ചു പരാതി നൽകുന്ന മുറയ്ക്കുതന്നെ വസ്തു വഖഫ് അല്ലാതായി മാറുന്ന വകുപ്പിന് എതിരെ കോടതി എടുത്ത നിലപാട് സുപ്രധാനമാ ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.
അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. –
മണലടിഞ്ഞ മുതലപ്പൊഴിയിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഡ്രഡ്ജിംഗ് കാര്യക്ഷമമാക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഹാർബർ എഞ്ചിനിയറിംഗ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സമരക്കാരുമായി ചർച്ച നടത്തും.
മലപ്പുറത്തെ സിഐടിയു നേതാവായിരുന്ന ഷംസു പുന്നയ്‌ക്കലിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച എൻഡിഎഫുകാർക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ പുനഃസ്ഥാപിച്ച് സുപ്രീംകോടതി. സംഭവം നടന്ന് 24 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചത്. പ്രതികൾക്ക് നൽകിയ ആറ് വർഷം തടവ് പുനഃസ്ഥാപിച്ച് ഹൈക്കോടതി ഒരു മാസം തടവാക്കിയ ശിക്ഷ കുറച്ചിരുന്നു.
തെരുവ് നായയുടെ ആക്രമണത്തില്‍ 12കാരിക്ക് ഗുരുതര പരിക്ക്. വയനാട് കണിയാമ്പറ്റയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. പള്ളിത്താഴെ മദ്രസയിലേക്ക് പോകുമ്പോഴാണ് നാല് നായ്ക്കള്‍ ചേർന്ന് പാറക്കല്‍ നൗഷാദിന്‍റെ മകള്‍ സിയ ഫാത്തിമയെ ആക്രമിച്ചത്. കുട്ടിയുടെ തലക്കും ദേഹത്തുമെല്ലാം നായയുടെ ആക്രമണത്തില്‍ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.
ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ബീജാപൂര്‍ ജില്ലയിലെ ടെക്മെല്‍ട്ട ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയവരില്‍ 19 നും 45 നുമിടയില്‍ പ്രായമുള്ളവരുണ്ടെന്നാണ് വിവരം.
ചൈനയ്ക്കെതിരായ യുദ്ധ പദ്ധതികളെ കുറിച്ച് എലോൺ മസ്‌കിന് പെന്‍റഗണിൽ നിന്ന് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രോഷാകുലനായെന്ന് റിപ്പോർട്ട്. ചൈനയിൽ കോടിക്കണക്കിന് ഡോളറിന്‍റെ ബിസിനസ് മസ്കിന് ഉള്ളതിനാൽ ചൈനക്കെതിരായ രഹസ്യ പദ്ധതികളെ കുറിച്ച് മസ്കിനെ അറിയിക്കരുതെന്ന് ട്രംപ് കർശന നിർദേശം നൽകിയെന്നാണ് വിവരം.
സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്, ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്.ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്, അതിന്‍റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച പ്രമോഷൻ ഉടനടി നൽകണമെന്നും അദ്േഹം ആവശ്യപ്പെട്ടു.
എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ ടാങ്കുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് രാത്രിയോടെ തീപിടിച്ചത്. വടക്കൻ പറവൂരിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.
കർണാടകയിൽ മുസ്ലീംകൾക്കിടയിൽ 99 ഉപജാതികൾ ഉള്ളതായി ജാതി സെൻസസ് വിശദമാക്കുന്നു. ക്രിസ്ത്യൻ വിഭാഗത്തിനുള്ളിൽ ബ്രാഹ്മണ, വൊക്കലിംഗ അടക്കം ഉപജാതികൾ ഉള്ളതായാണ് ജാതി സെൻസസ് വിശദമാക്കുന്നത്. 2015 ലെ സർവേ പ്രകാരം, 76.99 ലക്ഷം മുസ്ലീംകളാണ് കർണാടകയിലുള്ളത്, അവർക്ക് നിലവിൽ ഒബിസി ക്വാട്ടയിൽ നിലവിലുള്ള കാറ്റഗറി 2 ബിയിൽ 4 ശതമാനം സംവരണം ലഭിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ;ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന
സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന
ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും വ്യക്തമാക്കി ഇസ്രയേല്‍. ഈജിപ്ഷ്യൻ അതിർത്തിയോടുചേർന്ന റാഫയ്ക്കും തെക്കൻ ഗാസയിലെ വലിയ നഗരമായ ഖാൻ യൂനിസിനുമിടയിലാണ് ഇടനാഴി നിര്‍മ്മിച്ചിട്ടുള്ളത്.