എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്.
ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ.പി എസ് ശ്രീധരൻപിള്ള .രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ അപകടമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടതാണെന്നും രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ എന്ത് സംഭവിക്കും എന്നത് ചർച്ച ചെയ്യപ്പെടണം,ജുഡീഷ്യറിയും ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുത് എന്ന് ഭരണഘടന നിർമ്മാതാക്കൾ നിശ്ചയിച്ചിരുന്നു അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് കെ മുരളീധരൻ്റെ വിമർശനം.
ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ്. യൂത്ത് കോൺഗ്രസ് നിലപാട് ദൗർഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകൾ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമർശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
ദിവ്യ എസ് അയ്യർ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഭർത്താവും കോൺഗ്രസ് നേതാവുമായ ശബരിനാഥൻ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നാണ് ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്‍റെ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോൻ പുത്തൻപുരയ്ക്കലും മറ്റ് രണ്ട് പേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം കത്തിൽ പറയുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ദില്ലിയില്‍ കുരിശിന്‍റെ വഴി വിലക്കിയതും തൊമ്മന്‍ കുത്തില്‍ കുരിശടി തകര്‍ത്ത സംഭവവും ക്രൈസ്തവരെ വേദനിപ്പിക്കുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു. ദുഖവെള്ളിക്ക് മുൻപേ പീഡാനുഭവം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ഇരു സര്‍ക്കാരുകളും ക്രൈസ്തവരെ ദുഖവെള്ളിക്ക് മുൻപേ കുരിശിന്‍റെ വഴിയിലിറക്കി എന്ന് കുറ്റപ്പെടുത്തുന്നു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി.
ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓഫീസുകളിൽ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല.
അനർട്ടിലെ ഉദ്യോഗസ്ഥരുടെ കൈപ്പട പരിശോധിക്കാൻ വിചിത്ര ഉത്തരവുമായി അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ. മറ്റാരോ നൽകിയ പരാതിയുടെ കൈപ്പട അനർട്ടിലെ ഉദ്യോഗസ്ഥരുടേതാണോയെന്ന് പരിശോധിക്കാനാണ് ഉത്തരവിട്ടത്. അനർട്ടിലെ അഴിമതി സംബന്ധിച്ച് പരാതി നൽകിയ രണ്ടു പേർ ഹിയറിങിന് എത്താത്തതാണ് ഉത്തരവിനു കാരണം. മറ്റുള്ളവരുടെ പേരിൽ പരാതി നൽകിയത് അനർട്ടിലെ ഉദ്യോഗസ്ഥരാണോയെന്ന് പരിശോധിക്കാനാണ് നടപടി.
തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെന്‍റ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി സിപിഎം. ലീഗ് നേതാക്കൾ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങൾ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാൻ നീക്കം നടത്തിയെന്നാണ് എം.വി.ജയരാജന്‍റെ ആരോപണം. കോളേജിന്‍റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്മെന്‍റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
മുനമ്പത്തെ ബി ജെ പി ആർ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവും ഇപ്പോൾ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടുവെന്നും മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർഎസ്‌എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പ്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ തുക ക്ലാർക്കായ സംഗീത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ക്ലാർക്ക് നടത്തിയ തട്ടിപ്പ് ഓഡിറ്റിൽ പോലും ആദ്യം കണ്ടെത്തിയില്ല. തെളിവുകള്‍ സഹിതം വിജിലൻസിന് പരാതി ലഭിച്ചു. വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ക്ലാർക്കായ സംഗീത് നടത്തിയ ക്രമക്കേട് പുറത്തുവന്നത്. സെക്രട്ടറിയേറ്റിലെ ധനകാര്യ പരിശോധനവിഭാഗം മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരുകയാണെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ വ്യക്തമാക്കി.
അതിരപ്പിള്ളി കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ സ്വദേശികളായ അംബിക സതീഷ് എന്നിവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തില്‍ സെബാസ്റ്റ്യന്‍ എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. മരിച്ചവരുടെ വീട്ടുകള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
പിഎം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്‍റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും പിഎം ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ലെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഘടകങ്ങളിലൊന്നാണ് പിഎം ശ്രീ പദ്ധതി. മോദി സര്‍ക്കാരിന്‍റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പിഎം ശ്രീയിൽ ചേരാത്തതിനാൽ എസ്എസ്എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം.
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് അലുവ അതുൽ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുൽ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ.
ആലപ്പുഴയിൽ അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയ അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ഒളിവിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിന് നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു.
നാഷണൽ ഹെറാൾഡ് തട്ടിപ്പ് രാജ്യം കണ്ട വലിയ കൊള്ളയെന്ന് ബിജെപി.രാഷ്ട്രീയ പാർട്ടിയുടെ പണം സ്വകാര്യ സ്വത്തു കൈക്കലാക്കാൻ ഉപയോഗിച്ചെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.അഴിമതിയുടെ ഗാന്ധി കുടുംബ മാതൃകയ്ക്കെതിരെയാണ് കേസെന്നും അത് റദ്ദാക്കാനുള്ള കോൺഗ്രസ് അപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ഛത്തീസ്ഗഢിലെ ബസ്തറില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹല്‍ദാര്‍, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
ഭാഷ മതമല്ലെന്നും ഭാഷ ജനങ്ങളെയും സമൂഹത്തെയും പ്രദേശത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സുപ്രീംകോടതി. ഉറുദു സൈൻ ബോർഡുകൾക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നും നാനാത്വത്തിലെ ഏകത്വത്തിൽ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരായാനയിലെ പഞ്ച്കൂല സിവില്‍ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.
ഓൺലൈൻ ഷോപ്പിംഗ് ബ്രാൻഡായ മിന്ത്രയ്‌ക്കെതിരെ പകർപ്പവകാശ ലംഘന ആരോപണങ്ങൾ ഉന്നയിച്ച് സോണി മ്യൂസിക്. മുംബൈ ഹൈക്കോടതിയിൽ ഹർജിയിൽ നിരവധി കോപ്പിറൈറ്റ് കേസുകൾ പരാമർശിച്ചുകൊണ്ട് സോണി മ്യൂസിക് മിന്ത്രയിൽ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിൻ്റെ വിവിധ ഗാനങ്ങൾ നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു.
ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് തുടങ്ങിയത്.
ഇസ്രയേലികള്‍ താമസിക്കുന്ന ഗാസ അതിര്‍ത്തിയില്‍ അബദ്ധത്തില്‍ ബോംബിട്ട് സൈന്യം. ഗാസ അതിര്‍ത്തിയില്‍ 550 ഇസ്രയേലികള്‍ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേല്‍ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബ് വര്‍ഷിച്ചത്. സാങ്കേതിക തകരാറുമൂലമാണ് ഇത്തരം ഒരു അബദ്ധം പറ്റിയത് എന്നാണ് സൈന്യം സംഭവത്തെ തുടര്‍ന്ന് പുറത്തുവിട്ട വിശദീകരണത്തില്‍ പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കു പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല