രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതിവ്യക്തമാക്കി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്. എന്നാൽ സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് കേരള ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഭരണഘടന മാറ്റാനുള്ള അധികാരം പാർലമെൻറിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാർക്കിരുന്ന് ഇത് മാറ്റിയെഴുതാനുള്ള അധികാരമില്ലെന്നും രാജേന്ദ്ര അർലേക്കർ വിമര്‍ശിച്ചു.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിർമാണ നടപടികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തുടങ്ങി. എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്തിന് പിന്നാലെ നിലം ഒരുക്കുന്ന നടപടികളാണ് ഊരാളുങ്കല്‍ തുടങ്ങിയത്. എന്നാല്‍, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ നല്‍കാതെ തങ്ങളെ ഒഴിപ്പിക്കുന്നതില്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നിർമാണ സ്ഥലത്ത് പ്രതിഷേധിച്ചു. നാളെ മുതല്‍ നിർമാണം തടയുമെന്നാണ് മുന്നറിയിപ്പ്.
വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ പാലക്കാട് ബിജെപി രണ്ട് തട്ടിലെന്ന് റിപ്പോർട്. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിർമിച്ച ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എസ്പിക്ക് പരാതി നൽകി.
വീണാ വിജയന്‍റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാമെന്നും വി ശിവന്‍കുട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂർണ്ണ പിന്തുണ എൽഡിഎഫ് പിണറായിക്ക് നൽകിയിട്ടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് അട്ടപ്പാടി താഴെത്തുടിക്കിയിൽ ആദിവാസികള്‍ക്കായി നടപ്പാക്കിയ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയിൽ ക്രമക്കേടെന്ന് എജി. ഒരു കോടി 43, 38,800 രൂപയ്ക്കാണ് തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് അനർട്ടുവഴി പദ്ധതി കരാർ നൽകിയത്. രണ്ടു കമ്പനികള്‍ മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. അതിൽ ഒരു കമ്പനിയെ സാങ്കേതിക അയോഗ്യരാക്കി. വീണ്ടും ടെണ്ടർ വിളിക്കുന്നതിന് പകരം തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് നൽകിയത് ചട്ടവിരുദ്ധമെന്നാണ് എജിയുടെ കണ്ടെത്തൽ. ശാസ്ത്രീയ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സദസ്സിൽ ആളില്ലാത്തതിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട് ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു. സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്. തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു. വെയിലും ചൂടും ആയത് കൊണ്ട് ആളുകൾക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു
ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. പൗരസാഗരത്തിൽ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു ആശമാർക്കൊപ്പം ചേർന്നത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഐക്യപ്പെടൽ. സമരം ചെയ്യുന്നത് സ്ത്രീകൾ എന്ന പരിഗണന പോലും സർക്കാർ നൽകുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ മറുപടികൾ നിർഭാഗ്യകരമെന്നും കെ സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ കുറ്റപത്രം ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി എന്നയാൾ 15 ലക്ഷം രൂപ കവർന്നത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ ആശാരിപ്പാറയിൽ നിന്നുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. അക്രമത്തിൽ പത്തോളം പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഗവർണർ സിവി ആനന്ദ ബോസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ബി ജെ പി ഭീഷണിയിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളം കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ വച്ച് ആർ എസ് എസിനെതിരെ സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാൽ എം എൽ എയെ പാലക്കാട് കാല് കുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി.
പിവി അൻവർ സിപിഎമ്മിനോട് നന്ദികേട് കാണിച്ചെന്ന് സിപിഎം മുതിർന്ന നേതാവ്പാലോളി മുഹമ്മദ് കുട്ടി വിമര്‍ശിച്ചു. ഉപതെരഞ്ഞെടുപ്പിന് കാരണമായ സംഭവങ്ങളിൽ വോട്ടർമാർക്ക് പ്രതിഷേധമുണ്ടെന്നും പിവി അൻവറിനുള്ള പ്രതിഫലം തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകുമെന്നും പാലോളി പറഞ്ഞു. നല്ല പ്രതീക്ഷയോടെ സഖാക്കൾ പ്രചാരണത്തിനിറങ്ങുമെന്നും രണ്ട് തവണ അൻവറിനെ സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിന് വീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ പ്രശാന്ത് ഐ എ എസിന്‍റെ ആവശ്യം നിരസിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പഴയ സിനിമാ രംഗം പോസ്റ്റ് ചെയ്ത്, ഐഎഎസ് ഓഫീസർമാർ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്നാണ് പരിഹാസം. നസീർ, ഷീല തുടങ്ങിയവർ അഭിനയിച്ച സിനിമയിലെ ഭാഗമാണ് പോസ്റ്റ് ചെയ്തത്. അതിൽ ഷീല ഭയചകിതയായി പെരുമാറുന്നത് പോലെ ഐഎഎസ് ഓഫീസർ പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാണ് പരിഹാസം. ഹിയറിങിനായി ഏപ്രിൽ 16ന് ഹാജരാകാനാണ് എൻ പ്രശാന്തിന് ചീഫ് സെക്രട്ടറി നൽകിയ നിർദേശം.
ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിൽ വിമർശനം. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റിയെന്നും സമരത്തിൽ ഉയർത്തിയത് ബ്രദർഹൂഡ് നേതാക്കളുടെ ചിത്രമുയർത്തിയെന്നും വഖഫ് പ്രതിഷേധവും ഇസ്ലാമിക് ബ്രദർഹൂഡും തമ്മിൽ എന്ത് ബന്ധമെന്നും ചോദ്യമുണ്ട്. മുസ്ലിം ഇതര സംഘടനകളെ സമരത്തിൽ നിന്നും മാറ്റി നിർത്താൻ ഇടവരുത്തുമെന്നും സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകൾക്കും കൈയ്യിൽ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എഡിറ്റോറിയലിൽ പറയുന്നു.
കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശ് തിരികെ ജോലിക്ക് കയറി. ഇന്നലെ ബ്രത്ത് അനലൈസർ പരിശോധനയിൽ ജയപ്രകാശ് മദ്യപിച്ചെന്ന് കണ്ടെത്തിയത് വിവാദമായിരുന്നു. പാലോട് ഡിപ്പോയിലെ ഡ്രൈവറാണ് ജയപ്രകാശ്. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഡിപ്പോ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഗതാഗത മന്ത്രി ഇടപെട്ട് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
കൊട്ടിയത്ത് ശക്തമായ മഴയിൽ ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിർമാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സർവീസ് റോഡിലാണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങിയത്. റോഡിൻ്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഓടകൾ അടഞ്ഞതിനാൽ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതായി. മണ്ണുമാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ച് വെള്ളം ഒഴുക്കിവിടാനുള്ള മാർഗം ഒരുക്കിയതോടെയാണ് യാത്രാദുരിതത്തിന് പരിഹാരമായത്. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നാണ് ആരോപണം.
മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവർഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയും വിവാഹിതരായത്.
പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായാണ് സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയതെന്നാണ് വിവരം.
ഹിന്ദി ബോർഡുകൾക്ക് പകരം മറാത്തി ഉപയോഗിച്ച് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി. ഡോംബിവ്‌ലിയിലെ മെട്രോ 12 നിർമ്മാണ സ്ഥലത്ത് സ്ഥാപിച്ച ബാരിക്കേഡുകളിലാണ് ഹിന്ദിക്ക് പകരം മറാത്തി ഉപയോഗിച്ചത്. ഇംഗ്ലീഷും ഉപയോഗിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രതിഷേധിച്ചതിന് പിന്നാലെയാണ് എംഎംആർഡിഎയുടെ നടപടി. എംഎംആർഡിഎ ഉദ്യോഗസ്ഥർ കരാറുകാരനോട് ഇംഗ്ലീഷിനൊപ്പം മറാത്തി എഴുതാനും നിർദേശിച്ചു.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഒടുവില്‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ചലച്ചിത്രനിർമ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീർഘകാലമായി ഉള്‍പ്പെട്ടവരായിട്ടും വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമായ സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം എന്നാണ് അക്കാദമി പറയുന്നത്.
ഐഎസ്എൽ കിരീടപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങുക. 162 മത്സരങ്ങൾക്കും 465 ഗോളുകൾക്കും ഒടുവിൽ ഐഎസ്എൽ പതിനൊന്നാം സീസണിലെ കിരീടപ്പോരിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബെംഗളൂരു എഫ്സിയും നേർക്കുനേർ എത്തുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എൽ ഷീൽഡ് ഷെൽഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടം. സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചപ്പോൾ ജംഷെഡ്പൂർ എഫ്സിയെ മറികടന്നാണ് മോഹൻ ബഗാൻ കിരീടപ്പോരിനിറങ്ങുന്നത്.