ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.
രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആരോഗ്യമന്ത്രാലയുമായി ചർച്ചക്ക് പോകുന്നത് ആശ പ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആശ പ്രവർത്തകരുടെ വിഷയം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യമെന്നും ആശ പ്രവർത്തർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു. എന്നാൽ കെ വി തോമസിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.
ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് ഞങ്ങൾ കാണുന്നില്ലെന്നും ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തിൽ സമരം ശക്തമാക്കി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കോഴിക്കോട് മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗർത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി.
അരൂക്കുറ്റിയിൽ ഗുണ്ടയുടെ സുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയിവീട്ടിൽ കെട്ടിയിട്ട് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിൻ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് സഹോദരൻ പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി ഇന്ധന ചോർച്ച. രണ്ട് മിനിറ്റിലേറെയാണ് മേഖലയിൽ ഇന്ധന ചോർച്ചയുണ്ടായത്. തൊഴിലാളികൾ വിവരം നൽകിയതിന് പിന്നാലെ വാൽവുകൾ അടച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്.
മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി. കണ്ടെത്തിയയത് മെഗാലിത്തിക് കാലത്തെ നിർമിതികളാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ കണ്ടെത്തിയവയിലുണ്ട്. മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.
സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി.
സിപിഎമ്മിന്‍റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗവും ജയന്‍റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്‍റെ മകന്‍ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡൻ്റായി ചുമതലയേറ്റു.
ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. തുടർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം വൈകുന്നേരമായിരിക്കും പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.
കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. ആറു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
കോട്ടയം പനമ്പാലത്ത് ലോൺ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു. ഹൃദയരോഗിയായ സുരേഷിനെയാണ് ബെൽസ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സൺ ആക്രമിച്ചത്. പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്.
സ്കൂളിൽ വച്ച് ഉണ്ടായ തർക്കത്തിന്‍റെ പേരിൽ പിടിഎ പ്രസിഡൻ്റും മക്കളും സ്കൂളിന് പുറത്ത് വച്ച് വിദ്യാർത്ഥിയെ മടൽ കൊണ്ട് മർദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാടിൽ അൻസിൽ (16) നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ ഹയർസെക്കൻ്ററി സ്കൂളിൻ്റെ മുൻവശത്ത് വച്ചാണ് മർദ്ദനമുണ്ടായത്.
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തിൽ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല.
പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അൻസലാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം. വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അൻസിൽ.
തെലുങ്ക് സിനിമകളിലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നൃത്തച്ചുവടുകൾക്കെതിരെ ഇടപെട്ട് തെലങ്കാന വനിത കമ്മീഷൻ. ഇത്തരം ഗാനങ്ങളും രംഗങ്ങളും തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.
നാഗ്പുരിൽ യു.പി മോഡൽ ബുൾഡോസർ ആക്ഷനുമായി മെട്രോപോളിറ്റന്‍ മുന്‍സിപാലിറ്റി. നാഗ്പുർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. വീടിന്‍റെ നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.മാർച്ച് 20 ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ അത് 1966 ലെ മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിംഗ് ആക്റ്റിന്‍റെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു.
ഷോപ്പിംഗ് ഫെസ്റ്റിവൽ റാഫിൾ നറുക്കെടുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ തുടർന്നാണിത്. നറുക്കെടുപ്പിൽ കൃത്രിമം കാട്ടിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത്.
വടക്കൻ മെക്സിക്കോയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. പിന്നാലെ കാട്ടുതീ പടർന്നു. യന്ത്രത്തകരാറിനെ തുടർന്ന് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മേഖലയിൽ വലിയ രീതിയിൽ കാട്ടുതീ പടരാൻ അപകടം കാരണമായെന്നാണ് റിപ്പോർട്ട്.
ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി.