വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എൽസ്റ്റോൺ എസ്റ്റേറ്റിന് നൽകുക.
വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂര്‍ പറഞ്ഞു. ദില്ലിയിൽ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.
നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടെന്നും ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നയതന്ത്ര ചര്‍ച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ശശി തരൂരിന്‍റെ മോദി പ്രശംസയിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല.
തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് മുൻ മന്ത്രി ജി സുധാകരൻ. ഓരോ പാലവും അതിമനോഹരമായ കവിത പോലെയാണെന്നും പണ്ടൊക്കെ പാലം സിമന്‍റ് കട്ട മാത്രമായിരുന്നുവെന്നും താൻ സന്ദർശനം നടത്തിയത് കൊണ്ട് പാലം നിർമ്മാണം നല്ല രീതിയിൽ നടന്നുവെന്നും സുധാകരൻ അവകാശപ്പെട്ടു. പെരുമ്പളം പാലം ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ നിർമാണം പൂർത്തിയായ അഞ്ച് പാലങ്ങൾ ജി സുധാകരൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങൾ ഉദ്ഘാടനത്തിന് മുൻപ് കാണണമെന്നു തോന്നിയതു കൊണ്ടാണ് എത്തിയതെന്ന് സുധാകരൻ പ്രതികരിച്ചു.
സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി.സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുക്കുക.
കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.
സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിതിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡാണ് ഇടപെടേണ്ടതെന്നും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് അംഗീകരിച്ചത്. 1482.92 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയാണ് യാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസർ ഇന്നലെ ഉച്ചക്കും വീട്ടിലെത്തിയിരുന്നതായാണ് വിവരം. ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇയാൾ കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം.
ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. പ്രതി യാസിർ എത്തിയത് ബാഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നാസർ ആണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേ സമയം ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
.
ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദു റഹ്മാന്റെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
ഉളിയക്കോവിലിൽ കോളേജ് വിദ്യാർത്ഥി ഫെബിൻ ജോർജിൻ്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിൻ്റെ ആക്രമണം ഫെബിൻ്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിൻ്റെ സംസ്കാരം ഇന്ന് രാവിലെ തുയ്യം പള്ളി സെമിത്തേരിയിൽ നടക്കും.
സ്കൂളിലെ പ്രധാനാധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും ഉൾപ്പെടെ നാല് പേരെ വിജിലൻസ് പിടികൂടി. പരാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയത്, ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂളിലെ പിടിഎ പ്രസിഡന്റും ഉൾപ്പെടെയുള്ളവരുമാണ് പണം വാങ്ങവെ പിടിയിലായത്.
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ചർച്ച നടത്തി. സംസ്ഥാനത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ ടൂറിസം വികസനത്തിൽ കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ സന്നിഹിതനായിരുന്നു.
കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പൊലീസ് വ്യക്തമാക്കി.
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്.
ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’ എന്ന് സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി സമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്ന് കുടുംബം. സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ വ്യക്തമാക്കി.
പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മത സംഘടനകളുടെ ചടങ്ങുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, പരിപാടിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തടയൽ തുടങ്ങിയവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന സൂചന നല്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ച യോഗം ഇതിനായുള്ള നിയമ, സാങ്കേതിക കടമ്പകൾ ചർച്ച ചെയ്തു. ആവശ്യമായ തുടര്‍ നടപടിയുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. ഭരണഘടനയ്ക്ക് അനുസൃതമായും സുപ്രീംകോടതി വിധി പാലിച്ചുമാകും നടപടികൾ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
1981-ൽ ദിഹുലിയിൽ 24 ദലിതരെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശ് മെയിന്‍പുരിയിലെ പ്രത്യേക കോടതി. 70 വയസ്സുള്ള മൂന്ന് പ്രതികളായ കപ്താൻ സിംഗ്, രാംസേവക്, രാംപാൽ സിംഗ് എന്നിവരെയാണ് ശിക്ഷിച്ചത്. സ്ത്രീകളും ആറ് മാസവും രണ്ട് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളും ഉൾപ്പെടെ 24 ദലിതരെയാണ് മേല്‍ജാതിക്കാരുടെ സംഘം കൊലപ്പെടുത്തിയത്.
ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. സായുധസേനയിൽനിന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ ഒഴിവാക്കിയ ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി മരവിപ്പിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നെതർലാൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്.
അങ്കാറ അഴിമതി, ഭീകര ബന്ധങ്ങൾ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ഇസ്താബുൾ മേയറും തുർക്കിയിലെ പ്രമുഖ പ്രതിപക്ഷ നേതാവും പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പ്രധാന വിമർശകനുമായ എക്രെം ഇമാമോഗ്ലുവിനെ ബുധനാഴ്ച തുർക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. മേയറെയും ഏകദേശം 100 പേരെയും കസ്റ്റഡിയിലെടുക്കാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടതിനെ തുടർന്നായിരുന്നു നടപടി.
നഷ്ടത്തിലായ അര ഡസനോളം വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്‍റെ മൂന്നാം ഘട്ടമാണിത്. ഇത്തവണ ആകെ 11 വിമാനത്താവളങ്ങള്‍ ആയിരിക്കും സ്വകാര്യവല്‍ക്കരിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
യെമനിലെ ഹൂതികൾ അന്താരാഷ്ട്ര കപ്പൽ പാതയിൽ ആക്രമണം തുടർന്നാൽ ഇറാൻ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൂതികൾ ചരക്കു കപ്പലുകൾക്ക് നേരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യെമനിൽ വ്യോമസേനാ 30 ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു.