39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
കേരളത്തിൽ സംഘടനാ ദൗർബല്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന നിർദ്ദേശം മറ്റന്നാളത്തെ യോഗത്തിൽ മുന്നോട്ടു വയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ. രണ്ട് ഏജൻസികളുടെയും എഐസിസി സെക്രട്ടറിമാരുടെയും വിലയിരുത്തൽ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് നല്കും. കെപിസിസിയിലെ നേതൃമാറ്റത്തിൽ ഏപ്രിലിനു മുമ്പ് തീരുമാനം വന്നേക്കും. കേരളത്തിലെ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാനാണ് മറ്റന്നാൾ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗം വിളിച്ചിരിക്കുന്നത്.
റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല.
സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും
ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു.
വെഞ്ഞാറമൂടിലെ കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതയെന്ന അഫാന്‍റെ മൊഴി സാധൂകരിച്ച് അന്വേഷണ സംഘവും. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്‍റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഫാന്‍റെ മൊഴിയെടുത്ത് സ്ഥരികരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ ‘ നിലവിൽ അവർക്ക് ബോധം വന്നിട്ടുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാർക്കെതിരെ വീണ്ടും പരിഹാസവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു.
ആലപ്പുഴയിൽ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനിൽ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്‍റ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ശശി തരൂരുമായുള്ള പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നും എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണമെന്നും വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല, തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി.
കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവർക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം.
ആംഡ് പൊലീസ് ഇൻസ്‌പെക്ടർ നിയമന വിവാദത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ബോഡി ബിൽഡിങ് താരം ഷിനു ചൊവ്വ. കായികക്ഷമത പരീക്ഷയിൽ കരുതിക്കൂട്ടി പരാജയപ്പെടുത്തിയെന്നും 0.69 സെക്കന്റ് വ്യത്യാസത്തിന്റെ പേരിലാണ് അയോഗ്യനാക്കിയതെന്നും ഷിനു ചൊവ്വ പറഞ്ഞു. കായികക്ഷമത പരീക്ഷ സുതാര്യമല്ലെന്നും താന്‍ തോറ്റെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇനിയും തന്നെ മനപ്പൂർവം കുടുക്കുമെന്ന് സംശയമുണ്ടെന്നും ഷിനു പറഞ്ഞു.
വയനാട് ജില്ലാ ആർച്ചറി പരിശീലന കേന്ദ്രത്തിലെ ഹോസ്റ്റലിൽ കായിക താരങ്ങളുടെ ഭക്ഷണത്തിന് മെനു ഉണ്ടെന്നിരിക്കെ, പല ദിവസങ്ങളിലും കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും എന്ന് പരാതി. ഹോസ്റ്റലിലെ വനിതാ വാർഡനിൽ നിന്ന് മാനസിക പീഡനവും നേരിടേണ്ടി വരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കുന്ന കായിക താരങ്ങളാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്.
കോഴിക്കോട് പന്നിയങ്കര എസ്‌ഐ കിരണ്‍ ശശിധരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ സി മുരളീകൃഷ്ണൻ സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി എന്നിവര്‍ക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഫറോക്ക് അസി. കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷിനെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ വർഷം ഏറ്റവുമധികം തവണ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 84 തവണയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. 2018 മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ തള്ളി ഇത്തവണ മ്യാൻമാറാണ് പട്ടികയിൽ ഒന്നാമത്. പ്രശ്ന ബാധിത സ്ഥലങ്ങളിൽ അടിയന്തരസാഹചര്യവും സുരക്ഷയും കണക്കിലെടുത്താണ് ഒരു പ്രദേശത്തെയോ ഒരു കൂട്ടം പ്രദേശങ്ങളിലോ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നത്.
തെലങ്കാനയയിൽ സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. 2018-ലെ തെലങ്കാന ആക്ട് കര്‍ശനമായി നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലുള്ള ബൊർഗാവ്, കൽവാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളിൽ നിരവധിപ്പേർക്ക് വലിയ രീതിയിൽ മുടി കൊഴിച്ചിലിന് കാരണമായത് റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഗോതമ്പെന്ന് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച ഗോതമ്പിലുള്ള സെലീനിയത്തിന്റെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് മുടിപൊഴിച്ചിലിന് കാരണമെന്ന് പരിശോധനകൾക്ക് ശേഷം വ്യക്തമായി.
ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തിൽ ആരംഭിച്ചു മഹാകുംഭമേള 45 ദിവസം നീണ്ട് ശിവരാത്രി ദിനമായ ഇന്ന് അവസാനിക്കും. മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്.
ബഹ്റൈനിൽ മിക്ക ഭാഗങ്ങളിലും താപനില ക്രമാതീതമായി കുറയുന്നുവെന്ന് റിപ്പോർട്ട്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്. അതേസമയം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങൾ യാന്ത്രികമായി പൂർത്തിയാക്കുന്ന 70 ഗേറ്റുകളുമായാണ് ഇ-ഗേറ്റ്സ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്.
സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്‍റെ അടുത്ത പ്രധാന പരീക്ഷണ പറക്കലിനായി സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. ബോക്ക ചിക്കയിലെ സ്‌പേസ് എക്‌സിന്‍റെ സ്റ്റാർബേസിൽ നിന്ന് വെള്ളിയാഴ്ച ഭീമൻ റോക്കറ്റ് എട്ടാം പരീക്ഷണ പറക്കലിനായി കുതിച്ചുയരും. ഏഴാം വിക്ഷേപണ പരീക്ഷണം ബഹിരാകാശത്ത് വച്ചുള്ള പൊട്ടിത്തെറിയില്‍ അവസാനിച്ചതോടെ എട്ടാം പരീക്ഷണം ഏത് വിധേയനയും വിജയിപ്പിക്കേണ്ടത് സ്പേസ് എക്‌സിന് അനിവാര്യമാണ്.
സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാന്‍ പുതിയ പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 5 മില്യണ്‍ അഥവാ 50 ലക്ഷം ഡോളര്‍ രൂപ നല്‍കിയാല്‍ സമ്പന്നര്‍ക്ക് അമേരിക്കന്‍ പൗരന്മാരാകാനാകും. ഗോള്‍ഡ് കാര്‍ഡുകള്‍ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്‍റെ ആദ്യ ദിനം ഒന്നാം സെഷനില്‍ എതിരാളികളായ വിദര്‍ഭയെ വിറപ്പിച്ച് കേരളം. ആദ്യ സെഷനില്‍ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം പിഴുതു. തിരിച്ചുവരവിന് ശ്രമിക്കുന്ന വിദര്‍ഭ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലാണ്. 88 പന്തില്‍ 38 റണ്‍സുമായി ഡാനിഷ് മലേവാറും, 48 പന്തില്‍ 24 റണ്‍സെടുത്ത് കരുണ്‍ നായരുമാണ് ക്രീസില്‍. കേരളത്തിനായി എം ഡി നിധീഷ് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.