Untitled design 20250222 135156 0000

സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. എന്നാൽ തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല. ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.

 

 

 

 

 

ശശി തരൂരിൻ്റെ അഭിമുഖവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിർദ്ദേശം.

 

 

 

 

ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുതെന്നും തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു.

 

 

 

 

കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്, ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല വ്യക്തമാക്കി. തരൂർ വാദത്തിൽ അഭിപ്രായം പറയുന്നില്ലെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത് പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

 

 

 

ശശി തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ലെന്ന് കെ.മുരളീധരൻ. അതിനെക്കുറിച്ച് പാർട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അതൊരു ചർച്ചയിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി ഒരു നേതാവിനെ 51 വെട്ട് വെട്ടിക്കൊന്നവർ കോൺഗ്രസ് പാർട്ടിയിലുള്ളവരെ രക്ഷിക്കാൻ വരേണ്ടെന്നും കെ.മുരളീധരൻ പരിഹസിച്ചു.

 

 

 

 

ശശി തരൂരിന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ ദൗർഭാഗ്യകരമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മറ്റ് മാർഗങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിനോട് യോജിക്കാൻ ആവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇതുവരെയും ഒരു സ്ഥാനങ്ങളും ലഭിക്കാത്ത നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ടെന്നും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിലനിൽപ്പിന്റെതാണെന്നും ഷിബു ബേബി ജോൺ

ചൂണ്ടിക്കാട്ടി.

 

 

 

 

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി ഭാര്യ ലീല എന്നിവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും.

 

 

 

 

 

ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. ചെയ്ത ജോലിയുടെ റിപ്പോർട്ട്‌ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാൽ അത് നൽകേണ്ടെന്നാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബർ മാസത്തെ മാത്രമാണെന്നും മുഴുവൻ കുടിശിക നൽകി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി.

 

 

 

 

ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചുവെന്നും പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരംമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

ആശാ വർക്കർമാരുടെ സമരം ന്യായമെന്ന് സിപിഐ നേതാവ് ആനി രാജ. എളമരം കരീമിന്‍റെ അഭിപ്രായം എന്തുകൊണ്ട് എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സമരം ഒത്തുതീർപ്പാക്കാൻ കേരള സർക്കാർ ഇടപെടണമെന്നും ആനി രാജ പറഞ്ഞു. പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ സിപിഎം തള്ളിയിരുന്നു.

 

 

 

 

 

ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങാനാണ് വന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

 

 

 

ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി. ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചതായി സൂചനയുണ്ട്. യുജിസി കരട് ഭേദഗതിക്കെതിരെ കേരളം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചതിൽ ഗവ‍ർണ്ണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുജിസി കരടിനെതിരെയെന്ന പ്രയോഗം മാറ്റിയിരുന്നു.

 

 

 

കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ലെന്നുപറഞ്ഞ ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ മുരളീധരൻ. നരേന്ദ്ര മോദി ഫാസിസ്റ്റല്ല എന്ന് പറയുന്നത് പിണറായി വിജയനാണ് അപ്പോൾ ഇവർ തമ്മിലുള്ള ബന്ധം മനസിലായല്ലോ എന്നും ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ല അടുത്ത തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍. ഫാസിസ്റ്റ് സര്‍ക്കാരെന്ന് മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണെന്നും പിണറായി സര്‍ക്കാരിനെ കുറിച്ചും പ്രതിപക്ഷ നേതാക്കള്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ടെന്നും ബാലൻ പറഞ്ഞു.

 

 

പത്തനംതിട്ട ജില്ലയില്‍ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 43.5 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റാന്നി മഠത്തുംചാല്‍ – മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

 

 

അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം പൊളിഞ്ഞു. ഷിനു ചൊവ്വ പൊലീസ് കായിക ക്ഷമത പരീക്ഷയിൽ തോൽക്കുകയും ചിത്തരേഷ് നടേശൻ പങ്കെടുക്കുകയും ചെയ്തില്ല. SAP ക്യാമ്പിലായിരുന്നു പരീക്ഷ.

 

 

 

 

വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. സമരത്തിൽ വയനാട് കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിക്കുന്ന സമരത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പങ്കെടുക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നൽകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.

 

 

 

 

 

യു പ്രതിഭ എംഎൽഎയുടെ മകനെതിരായി കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോടാണു ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും.

 

 

 

 

കൊച്ചിയിലെ ആതിര ജ്വല്ലറി ഉടമകൾ നിക്ഷേപ ചിട്ടി വഴി നടത്തിയത് 15 കോടിയുടെ തട്ടിപ്പെന്ന് പൊലീസ്. 50ലധികം പരാതികൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളായ ആന്റണി, ജോണ്‍സണ്‍, ജോബി, ജോസഫ് എന്നിവരെ റിമാൻഡ് ചെയ്തു. നിക്ഷേപ ചിട്ടി നടത്തി നിരവധി പേരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് ജ്വല്ലറി ഉടമകൾക്കെതിരായ പരാതി.

 

 

 

 

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്.

 

 

 

 

വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെ ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയ ശേഷം പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. എന്നാൽ രാത്രി 11 മണിയോടെ താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നും നൗഷാദ് മകനെ വിളിച്ച് അറിയിക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻലാൽ അടക്കം പത്തു പേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹൻ ലാലിന് പുറമെ, ആർ മാധവൻ, ശ്രേയ ഘോഷാൽ, സുധ മൂർത്തി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ഗുള്ള, മനു ഭാക്കർ, മീരാഭായി ചാനു തുടങ്ങിയവരും ഈ പ്രചാരണം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. അമിത വണ്ണത്തിനെതിരെ അവബോധം ഉണ്ടാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യം നിലനിറുത്താൻ ആവശ്യമാണെന്ന് പ്രധാനമന്ത്രി ഇന്നലെ മൻ കി ബാത്ത് പരിപാടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ 13 എഫ്ഐആറുകൾ ഫയൽ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിൻ്റെ പിടിയിലായി. യുപി സ്വദേശിയായ 50 വയസ്സുകാരൻ ഹേമന്ദ് കുമാർ പാണ്ഡേയാണ് പിടിയിലായത്. പണത്തിന്‍റെ ഉറവിടം ഹാജരാക്കാൻ യാത്രക്കാരന് കഴിഞ്ഞില്ല. പിടിച്ചെടുത്ത വിദേശ കറൻസികളിൽ യുഎസ് ഡോളറും സൗദി റിയാലും സിംഗപ്പൂർ ഡോളറും ഉൾപ്പെടുന്നു.

 

 

 

 

ഒമാനിലെ മസ്കത്തിലുള്ള ഇന്ത്യൻ എംബസിയിൽ കോൺസുലർ, പാസ്‌പോർട്ട് & വിസ (സി.പി.വി) സേവനങ്ങൾ ഔട്ട്‌സോഴ്‌സിംഗ് നൽകുവാനുള്ള പുതിയ ടെണ്ടർ വിളിച്ചു. എംബസിയിൽ സിപിവി സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗിനായി ധാരാളം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ടെണ്ടർ പ്രകാശനം ചെയ്തിട്ടുള്ളത്.

 

 

 

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം, ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് കെര്‍ലാപെണ്ട അഥവാ പൂര്‍വതി എന്ന ഗ്രാമം. ഛത്തീസ്ഡിലെ സുക്മ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു നക്സലേറ്റ് അധീന പ്രദേശമായി തുടരുകയായിരുന്നു. ഇത് വരെ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലാത്ത ഗ്രാമവാസികള്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് പങ്കാളികളായത്.

 

 

 

ജീവനക്കാരിലൊരാളോട് മോശമായി പെരുമാറിയതിനാൽ ന്യൂസിലാൻഡിൽ വാണിജ്യ മന്ത്രി രാജി വച്ചു. ആൻഡ്രൂ ഹെന്റി ബെയ്ലിയാണ് സ്റ്റാഫ് അംഗങ്ങളിലൊരാളുടെ കയ്യുടെ മുകളിൽ കൈവച്ചതിനേ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജിവച്ചത്. അമിത അധികാരം കാണിക്കുന്നതായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നായിരുന്നു കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തേക്കുറിച്ചുണ്ടായ വിമർശനം.

 

 

 

 

പാരാലിംപിക്‌സ് മെഡലിസ്റ്റും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റിസർവ് ബഹിരാകാശ യാത്രികനുമായ ജോൺ മക്ഫാൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു. ഐഎസ്എസിലെ ദീർഘകാല ദൗത്യത്തില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ ഭിന്നശേഷിക്കാരനായി 2008-ലെ പാരാലിംപിക്‌സിൽ 100 മീറ്റർ സ്പ്രിന്‍റിൽ വെങ്കല മെഡൽ നേടിയ അത്‌ലറ്റ് കൂടിയായ ജോണ്‍ മക്‌ഫാള്‍.

 

 

 

യുഎസ് നാടുകടത്തിയതോടെ പാനമയിൽ എത്തിയ കൂടുതൽ ഇന്ത്യക്കാർ ഈയാഴ്ച മടങ്ങും. ഇന്നലെ എത്തിയവരെ സഹായിച്ചത് ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയാണ്. 50 ഇന്ത്യക്കാരിൽ 17 പേർക്ക് യാത്ര സഹായം നൽകിയെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. യുഎസ് പാനമയിലേക്ക് നാടുകടത്തിയ 12 ഇന്ത്യക്കാരാണ് ദില്ലിയിലെത്തിയത്.

 

 

 

ഗാസയിൽ ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാൻ സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‍റെ ലക്ഷ്യം ചർച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്ന് നെതന്യാഹു ഒരു സൈനിക ചടങ്ങിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദി കൈമാറ്റത്തിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് പരാമർശം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *