ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ പോലീസ്ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷാവസ്ഥ ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് കർഷക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ സഹകരിച്ചാൽ സമാധാന പരമായി മാർച്ച് നടത്തുമെന്നും അവർ അറിയിച്ചു.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സീറ്റ് ധാരണയിൽ എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് എത്തുന്നു. പഞ്ചാബ് ഒഴികെ, മറ്റുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി.കേരളത്തിൽ സീറ്റ് ധാരണയുണ്ടാകില്ല, കോൺഗ്രസിന്റെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കും.
എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷയ്ക്ക്, സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. എസ്എസ്എല്‍സി ഐടി പരീക്ഷ,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താൻ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ വഴി തേടിയത്. സര്‍ക്കാരിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾക്ക് ചിലവാകുന്ന പണം തിരികെ നൽകുമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ് .
കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് യുഡിഎഫ്. ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍റേത് ഹീനമായ ഭാഷയെന്ന് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. രാഹുല്‍ഗാന്ധിക്കെതിരെ എന്തെങ്കിലും പറയാമെന്ന് കരുതിയാണ് കേന്ദ്രമന്ത്രി വരുന്നതെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.
സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം . ജീവനക്കാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്, മുന്‍കൂര്‍ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുo. സപ്ലൈക്കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമനാണ് സര്‍ക്കുലര്‍ ഇറക്കിയത്.
സപ്ലൈക്കോ ഔട്ട്‍ലെറ്റുകളിൽ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ. സപ്ലൈക്കോയിൽ വന്ന്ദൃശ്യങ്ങൾ എടുത്ത്, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മറുപടി.
നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളി. അന്വേഷണ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
പാലാ നഗരസഭയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. യുഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർ പോഡ് മോഷണത്തിലെ പരാതിക്കാരൻ ജോസ് ചീരങ്കുഴിയാണ് തോറ്റത്. എയർ പോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സി പി എം അംഗങ്ങൾ തോൽപ്പിച്ചതെന്ന് ജോസ് ചീരങ്കുഴി കുറ്റപ്പെടുത്തി.
മരട് കൊട്ടാരം ക്ഷേത്ര വെടിക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ, ആചാര കാര്യങ്ങളിൽ തടസ്സം ഉണ്ടാകുന്നെങ്കിൽ അക്കാര്യത്തിൽ വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹർജിക്കാർക്ക് ഹൈക്കോടതി നിർദേശം നൽകി. വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് പൊലീസിന്‍റെതുൾപ്പെടെയുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലല്ലേ എന്ന് കോടതി ആരാഞ്ഞു.
ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം. കേരളം,കർണാടക,തമിഴ്നാട് സംസ്ഥാന ങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേരണം. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണ്ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകി.
തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു. സബ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.കോളേജിന്‍റെ നിലവിലെ ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി.
എറണാകുളം കളക്ടേറ്റിൽ വൈദ്യുതി പുനസ്ഥാപിച്ച് കെ എസ് ഇ ബി. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
മുസ്ലിം ലീഗിന് അഞ്ചോ ആറോ ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ. മുസ്ലിം ലീഗ് സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. സമരാഗ്നി യാത്രക്ക് ശേഷം സീറ്റ് വിഷയത്തിൽ തീരുമാനമുണ്ടാകും എന്നും കെ മുരളീധരൻ പറഞ്ഞു .
തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായി പിന്നീട്കണ്ടെത്തിയ കുട്ടിയുടെ കുടുംബം എസ്.എ.ടി ആശുപത്രിയിൽ ബഹളം വെച്ചു. കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടത്. കുട്ടിയെ ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ വെക്കണമെന്ന് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടതിനെതിരെയാണ് പ്രതിഷേധം.
തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ഭർത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്.പ്രസവത്തെ തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേക്ക് നയിച്ചത്.
മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ മരിച്ചത് കൃത്യമായ പരിചരണം കിട്ടാതെയെന്ന് കുടുംബം ആരോപിച്ചു. മലപ്പുറം മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് വെള്ളിയാഴ്ച മരിച്ചത്. ചികിത്സ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.
ആലപ്പുഴ കലവൂരിൽ 13കാരൻ ആത്‍മഹത്യ ചെയ്ത കേസിൽ, സ്കൂൾ അധികൃതരുടെ മൊഴിയെടുക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ചശേഷം വിദ്യാഭ്യാസ വകുപ്പ്, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് സിഡബ്ല്യൂസി റിപ്പോർട്ട് നൽകുമെന്നും കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം ചെയർപേഴ്സൺ അറിയിച്ചു.
ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ചെന്നൈയിലാണ് സംഭവം. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പൊലീസ് സ്ഥലത്തെത്തിയാണ് എഞ്ചിനീയറെ അക്രമികളില്‍ നിന്ന് രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശങ്കർ നഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മണിപ്പൂരിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി മനോജ് കുമാര്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി. സര്‍ക്കാരും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു, അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നല്കി ആദരിച്ചിട്ടുണ്ട്.
സ്വർണമോഷണ സംഘത്തെ പിടികൂടാനായി രാജസ്ഥാനിലെ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.