രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്.
ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടത്തിലെത്തിയ ഇസ്രൊ, വരാനിരിക്കുന്ന ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് പിന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. സ്പേഡെക്സ് ഡോക്കിംഗ് വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്ക് ഈ വിജയം പ്രചോദനമാകും എന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകർ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സ്തുതി ഗീതമെഴുതിയ കവിക്ക് സർക്കാർ സഹായം നൽകിയതായി റിപ്പോർട്ട്. ക്ലറിക്കൽ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പിൽ സ്പെഷ്യൽ മെസഞ്ചറായി നിയമനം നൽകുകയായിരുന്നു. പുനർ നിയമനം ആവശ്യപ്പെട്ട് ചിത്ര സേനൻ അപേക്ഷ നൽകുന്നത് കഴിഞ്ഞ വർഷം ഏപ്രിൽ 25 നാണ്. നിയമനം നൽകി ഉത്തരവിറക്കിയത് 24 നും. അപേക്ഷ നൽകുന്നതിന് മുമ്പ് ദിവസ വേതന നിയമനം നൽകിയിരുന്നുവെന്നുമാണ് റിപ്പോർട്ട്.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധികാരമേറ്റപ്പോൾ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു.
മന്ത്രിസഭാ യോഗം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോൾ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവരാവകാശ നിയമം സര്‍ക്കാരിലേക്ക് പണം വരുത്താനുള്ള മാര്‍ഗമായി ഉദ്യോഗസ്ഥര്‍ കാണരുതെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്‍ദുൾ ഹക്കീം. വിവരാവകാശ അപേക്ഷകളില്‍ 30 ദിവസം കഴിഞ്ഞ് മറുപടി നല്‍കിയാല്‍ മതിയെന്ന ധാരണ തെറ്റാണെന്നും ജീവനും സ്വാതന്ത്ര്യവുമായി ബന്ധമുണ്ടെങ്കില്‍ വിവരം 48 മണിക്കുനിനകം നല്‍കണം. മറ്റ് അപേക്ഷകളില്‍ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിലെ അന്വേഷണത്തിനായി ജയിൽ ആസ്ഥാനത്തെ ഡിഐജി കാക്കനാട് ജില്ലാ ജയിലിൽ നേരിട്ടെത്തി. മധ്യ മേഖല ഡിഐജി അജയ് കുമാർ ബോബി ചെമ്മണൂരിനെ ജയിലിൽ നേരിട്ട് എത്തി കണ്ടെന്നും കൂടെ ബോബി ചെമ്മണ്ണൂരിന്റെ സഹായികളായ മൂന്ന് പേർ ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. അതോടൊപ്പം സോഷ്യൽ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യും. പരാമർശങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെയും നടപടിയുണ്ടാവും.
സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ 62 വർഷമായി പാർട്ടിയിലെന്നും ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് പോക്സോ കേസ് എടുത്തു. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.
കണ്ണൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരമുൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്.
ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ. അദ്ദേഹത്തിൻ്റെ 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്ത് ഇറക്കി. പൊള്ളാച്ചിയിലെ ബലൂൺ ഫെസ്റ്റിൽ പറത്തിയ ബലൂൺ കനത്ത കാറ്റിൽ ദിശ തെറ്റിയതോടെ പട്ടഞ്ചേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.
തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. അരുൺ കുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ .
കോഴിക്കോട് വളയത്ത് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനൽകുമാർ(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനൽകുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെൽ ഗ്രാമത്തിന് സമീപം മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായും പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ടുള്ള അടുത്ത കോടതി സിറ്റിങ് ഫെബ്രുവരി 2 ന് ഞായറാഴ്ച രാവിലെ സൗദി സമയം 8 മണിക്ക് ആയിരിക്കുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഡിവിഷൻ ബഞ്ച് ആണ് കേസ് പരിഗണിക്കുക. അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ആറാം തവണയും റിയാദ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ജമ്മു കശ്മീരിൽ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയി. ബുധനാഴ്ച ഒമ്പത് വയസ്സുകാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരിച്ചവരിലെല്ലാം ഛർദ്ദിയും, ബോധക്ഷയവും പോലെയുള്ള സമാനമായ ലക്ഷണങ്ങളാണ് കാണാനായത്. അസ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസ് എസ്ഐടി രൂപീകരിച്ചിരിക്കുകയാണ്. എന്നാൽ, മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും രോഗമല്ലെന്ന് ജമ്മു കശ്മീർ ആരോഗ്യമന്ത്രി സക്കീന മസൂദ് അറിയിച്ചു.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുംബൈ പൊലീസാണ് വീട്ടിൽ ജോലിചെയ്യുന്ന മൂന്നുപേരെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയെടുത്തു.ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
മുംബൈയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വിഷയം ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ.
മുംബൈയിൽ സെലിബ്രിറ്റികൾ വരെ സുരക്ഷിതരല്ലെങ്കിൽ പിന്നെ ആരാണ് സുരക്ഷിതരെന്ന് ശിവസേനയുടെ രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു.
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദമാണെന്നും വോട്ടർമാരുടെ പട്ടിക പുറത്തു വിടാനുള്ള കടമ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് വിവരങ്ങൾ വേണമെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ വർഷം നഗര പരിധിയിൽ നിന്ന് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ച് മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുൾകി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകൾ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
ആറ് കൊലപാതക കേസുകൾ ഉൾപ്പെടെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ പിടികൂടി തമിഴ്നാട് പൊലീസ്. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡിൽ ഒരു ഗോഡൗണിൽ ഒളിവിൽ കഴിയുമ്പോഴായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷൻ. ഗോഡൗൺ വളഞ്ഞ പൊലീസ് സംഘം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശരവണന്റെ ശ്രമം.
തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒബാമയുടെ ഓഫീസ് സ്ഥിരീകരണം നല്‍കിയിരുന്നു.
പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച ഇസ്രായേൽ ഹമാസ് സമാധാന കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ബന്ദികളെ മോചിപ്പിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കാൻ ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്റ്റേഡിയത്തിന് പുറത്തെ ആരാധകരുടെ പ്രതിഷേധത്തിലും മുദ്രാവാക്യത്തിലും പോലീസ് ഇടപെടലുണ്ടായതില്‍ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ക്രമസമാധാനപാലത്തില്‍ പോലീസിന് നിര്‍ദേശം നല്‍കാന്‍ ക്ലബിന് അധികാരമില്ലെന്നും പോലീസ് ഇടപെടലിന് ക്ലബ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റായപ്രചാരണമാണ് നടക്കുന്നതെന്നും വാർത്താക്കുറിപ്പിലുണ്ട്.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റിന്‍റെ ആദ്യ സെമിയില്‍ ഹരിയാനക്കെതിരെ അര്‍ധസെഞ്ചുറി നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കി കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഹരിയാനക്കെതിരായ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ 113പന്തില്‍ 86 റണ്‍സെടുത്ത് കര്‍ണാടകയുടെ ടോപ് സ്കോററായി.