Untitled design 20241217 141339 0000

ഐഎസ്ആര്‍ഒ നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.

 

 

 

 

ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്ന് ഐഎസ്ആര്‍ഒയുടെ നിയുക്ത ചെയർമാൻ ഡോ. വി നാരായണൻ. ചുമതല ഏല്‍പിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2040 വരെ കൃത്യമായ സ്പെയ്സ് വിഷൻ ഇസ്രൊയ്ക്കുണ്ട്. ഐഎസ്ആര്‍ഒ ഒരു വ്യക്തിയുടെ വിജയമല്ല, ഒരു ടീമിന്‍റെ വിജയമാണ്’ എന്നും ചെയര്‍മാന്‍ പദവിയിലെത്തിയ ശേഷം വി നാരായണൻ കൂട്ടിച്ചേര്‍ത്തു.

 

 

 

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സമാപന സമ്മേളനം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികൾ ആകും. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്.

 

 

 

 

കാസർകോട് പെരിയ ഇരട്ടക്കൊല കേസിലെ മുൻ എംഎൽഎ കെവി കു‍ഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു . 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

 

 

 

 

മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 15 വരെ ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരമായി നിജപ്പെടുത്തി. തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് ജനുവരി 13 മുതൽ 15 വരെ എല്ലാതരം ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിൽ നിരോധിച്ചുവെന്ന് കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ.എ.എസ് വാർത്താകുറിപ്പിൽ അറിയിച്ചു.

 

 

 

രാഷ്ട്രീയ നേതാവിന്‍റെ മകൻ ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നത് ശരിയല്ലെന്ന് പി ജെ ജോസഫിൻ്റെ മകൻ അപു ജോസഫ്. പുതുതായി ഏൽപ്പിച്ച ദൗത്യം ആത്മാർത്ഥയോടെ നിർവഹിക്കുമെന്നും തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ യുഡിഎഫിലെ കക്ഷികൾ പ്രവർത്തനം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ. പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ പറഞ്ഞു. നേരത്തെ നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നുവെന്നും അന്ന് പ്രതിഷേധിച്ചവർക്ക് നേരെ കേസ് എടുത്തവരാണ് എൽഡിഎഫും അൻവറും. അൻവറിന്‍റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

സുരേഷ് കുറുപ്പിനെയും സിന്ധു ജോയിയേയും സിപിഎം നേതൃത്വം ക്രൂരമായി വഞ്ചിക്കുകയാണുണ്ടായതെന്ന് ചെറിയാൻ ഫിലിപ്പ്. സംഘടനാ രംഗത്തെ തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ചാണ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയിൽ നിന്നും സ്വയം ഒഴിവായതെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. സമര പോരാളിയെന്ന നിലയിൽ ഏറ്റവുമധികം ജയിൽവാസം അനുഭവിച്ച വനിതയാണ് സിന്ധു ജോയിയെന്നും എന്നാൽ കോളജ് അദ്ധ്യാപികയായിരുന്ന ടി.എൻ. സീമയ്ക്ക് ത്രിബിൾ പ്രമോഷൻ ഒറ്റയടിക്ക് നൽകിയപ്പോൾ സിന്ധുവിന് ഡിവൈഎഫ്ഐ ഭാരവാഹിത്വം പോലും നൽകിയില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

 

 

 

 

കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ അടക്കം എട്ട് പേരാണ് ഇന്ന് കർണാടക ചിക്മംഗളുരുവിൽ കീഴടങ്ങുകയെന്നാണ് വിവരം, ഇതേ തുടർന്ന് എന്ത് കൊണ്ട് സായുധ പോരാട്ടം ഉപേക്ഷിച്ചുവെന്ന് പ്രസ്താവന നൽകും.

 

 

 

 

 

സ്ത്രീകൾക്കായുള്ള പരാതി പരിഹാര സെല്ലിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ ജെ മനുവിനെ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിൽ വിവാദം. അഭിഭാഷകൻ്റെ ആർഎസ്എസ് പശ്ചാത്തലവും ഇദ്ദേഹത്തിനെതിരായ കേസുകളും ഉയർത്തിക്കാട്ടി ഇടത് സംഘടനകൾ രംഗത്ത് വന്നതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ കമ്മിറ്റിയുണ്ടാക്കി.

 

 

 

കൊച്ചിയിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. എംഎൽഎ സ്റ്റാഫംഗങ്ങളോട് ഫോണിൽ വിളിച്ച് സംസാരിച്ചതായി ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിൻ ടീം അറിയിച്ചു.

 

 

 

 

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗീകച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സഹപ്രവ‌ർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

 

 

 

 

ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടത്തിയ അശ്ലീല പരമർശത്തിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.

 

 

 

ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

 

 

 

 

യൂ ട്യൂബ് വഴി മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് നടി മാലാ പാർവതി സൈബർ പൊലിസിൽ പരാതി നൽകി. ഇതേ തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു.

 

 

തൃശൂർ പാണഞ്ചേരി പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ പ്രതിഷേധവുമായി മാടക്കത്തറ നിവാസികൾ. മാലിന്യ കൂമ്പാരവുമായി പ്ലാന്‍റിലേക്ക് പോകുന്ന ലോറികളിൽ നിന്നുള്ള അസഹനീയ ദുർഗന്ധവും മാലിന്യ അവശിഷ്ടങ്ങളും കാരണം ഒരു വർഷത്തിലേറെയായി ദുരിതത്തിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

 

 

 

 

തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്.

 

 

 

തൃശൂരിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഓട്ടുപാറയിൽ 4 വയസുകാരി നൂറ ഫാത്തിമയാണ് മരിച്ചത് ഫാത്തിമ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ പിന്നിൽ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

 

 

നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. കടമേരി സ്വദേശി മുഹമ്മദ് സാബിത്ത്(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

 

 

 

 

 

 

 

 

 

 

 

മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു.

 

 

 

 

തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും, കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ബി ജെ പി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേദ്കറും സർദാർ വല്ലഭായ് പട്ടേലും കോൺഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്. ഇതേ തുടർന്നയിരുന്നു ഷഹ്സാദിൻ്റെ പ്രതികരണം.

 

 

 

സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ പ്രധാന വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു. വിമത സായുധ സംഘം അധികാരം പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസാദ് ദമാസ്കസിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൊവ്വാഴ്ച വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.

 

 

 

 

വാഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവായി പരമാവധി 1.5 ലക്ഷം രൂപ സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ് എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി.

 

 

 

അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

 

 

 

 

ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. താഴ്ന്ന് പറക്കുന്നതിനിടയിൽ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

 

 

 

 

ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളുമായാണ് സല്‍മാൻ ഖാന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ നേരത്തെ തന്നെ വര്‍ദ്ധിപ്പിച്ചിരുന്നു.

 

 

 

ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ബീജിങ്ങ് സന്ദർശിക്കും. നാല് ദിവസത്തെ സന്ദർശനമാണ് പ്രസിഡന്‍റ് നടത്തുകയെന്ന് ലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. സമുദ്ര ഗവേഷണ കപ്പലുകൾക്ക് അനുമതി നൽകാൻ ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം. ലങ്കൻ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ദിസനായകെ ഉറപ്പ് നൽകിയിരുന്നു.

 

 

 

കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ആദ്യമായാണ് വനിത തെരഞ്ഞെടുക്കപ്പെടുന്നത്. വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ഇതാദ്യമാണ്.

 

 

 

 

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യൻ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതംഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *