വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ ശേഷിക്കുന്നത് 181 കോടി രൂപ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ടില്‍ 120 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കണമെന്നും സര്‍ക്കാർ ആവശ്യപ്പെട്ടു. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇതേ തുടർന്ന് വയനാട് കേസ് ജനുവരി 10 ലേക്ക് മാറ്റുകയും ചെയ്തു.
തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എ.കെ. ശശീന്ദ്രന്‍. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നതുപോലെയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്കൊരു പിടിവാശിയുമില്ലെന്നും വിഷയം ദേശീയനേതൃത്വം ആദ്യം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍ പറഞ്ഞകാര്യമാണ് തോമസ് കെ. തോമസ് മന്ത്രിയാകാന്‍ വേണ്ടി മാറാന്‍ ഞാന്‍ തയ്യാറാണ് എന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തേയും ഔട്ടർ റിംഗ് റോഡിനേയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ക്ലോവർ ലീഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുപ്പിനുള്ള പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ആയെങ്കിലും കോടികൾ ആര് കണ്ടെത്തുമെന്നതിൽ പ്രതിസന്ധി. 20 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുരുങ്ങിയത് 250 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരട് രേഖ.
ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ വെർച്വൽ അറസ്റ്റിൽ നിന്ന് ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ബാങ്കിൽ നിന്ന് കൂടുതൽ തുക ട്രാൻസാക്ഷൻ നടക്കുന്നത് ബാങ്കിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. കൊറിയർ സർവീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തിയെന്നും അറസ്റ്റ് ചെയ്യാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്.
അങ്കമാലി അതിരൂപതയിലെ നാലു വൈദികരെ ചുമതലകളിൽ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവർത്തനത്തിന്റെ പേരിലാണ് നീക്കിയത്.
ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്ര മേളകളിൽ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങൾ ഐഎഫ്എഫ്കെ യിൽ ആറാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ദി സബ്സ്റ്റൻസ്, അനോറ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോൺക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് എന്നിവയടക്കമുള്ള ചിത്രങ്ങളാണ് വിവിധ തീയേറ്ററുകളിലെത്തുന്നത്.
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. എന്നാൽ നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മകൾ ആശ ലോറൻസ് പറഞ്ഞു.
എസ്ഒജി കമാൻഡോ വിനീതിന്റെ ആത്മഹത്യ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകി വിനീതിൻ്റെ സഹപ്രവർത്തകർ. അസിസ്റ്റൻ്റ് കമാൻഡൻ്റ് അജിത്തിന് വിനീതിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
കോഴിക്കോട് സർക്കാർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ലക്ഷ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഞായറാഴ്ചയാണ് നാട്ടിൽ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു.
വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. താൽക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതിൽ മറ്റ് ട്രൈബൽ പ്രമോട്ടർമാർ ഇന്ന് പ്രതിഷേധിക്കും.
കാട്ടാന ആക്രമണത്തിൽ എൽദോസ് കൊല്ലപ്പെട്ട കോതമംഗലം കുട്ടമ്പുഴയിൽ എട്ട് കിലോമീറ്റർ ദുരത്തിൽ കിടങ്ങ് നിർമ്മാണം പുരോഗമിക്കുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്നും വഴിവിളക്കും ഫെൻസിംങുമടക്കം സുരക്ഷ അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം.
മലപ്പുറം മങ്കടക്ക് സമീപം വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. മുമ്പിൽ പോയ വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്‍റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
തിരുവമ്പാടിയിൽ യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചു. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കാളാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം.
കോഴിക്കോട് കൊയിലാണ്ടിയിൽ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശി ശരവണകുമാർ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു. ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്. മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള വിക്ഷേപണ വാഹനത്തിന്‍റെ നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലാണ് എച്ച്എല്‍വിഎം3 റോക്കറ്റിന്‍റെ നിർമാണം.
വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ താക്കീത് ചെയ്ത് സുപ്രീംകോടതി കൊളീജീയം. തൻ്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അടർത്തി മാറ്റി വിവാദമാക്കിയെന്നാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് കൊളീജിയത്തെ അറിയിച്ചത്. ഇത് അംഗീകരിക്കാത്ത കൊളീജിയം പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി.
പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണംകാണിക്കൽ നോട്ടീസ് നൽകി ഹൈദരബാദ് പൊലീസ്. 10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തീയറ്ററിന് നല്‍കിയ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. തീയറ്ററിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചതായി പൊലീസ് നോട്ടീസില്‍ പറയുന്നു. അതോടൊപ്പം പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകൻ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജിന്റെ മസ്തിഷ്ക മരണം ആശുപത്രി സ്ഥിരീകരിച്ചു .
മണിപ്പൂരിൽ കലാപകാരികൾ സ്റ്റാർലിങ്ക് ഇന്‍റര്‍നെറ്റ് സേവനങ്ങൾ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ച് ഇലോണ്‍ മസ്ക്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ലൈസൻസില്ല. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ ഖുനൂവിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്‌സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിലാണ് സ്റ്റാർലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്.
സംഭലിൽ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗം താമസക്കാർ സ്വന്തം വീടുകൾ പൊളിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കയ്യേറ്റ വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവർ സ്വന്തം വീടുകൾ പൊളിച്ചു തുടങ്ങിയത്. ജില്ലാ അധികൃതർ എന്തായാലും വീടുകൾ പൊളിക്കുമെന്നും നമ്മൾ തന്നെ അതു ചെയ്താൽ വിലപിടിപ്പുള്ള വല്ലതും സംരക്ഷിക്കാമെന്നും അധികൃതർ പൊളിച്ചാൽ എല്ലാം നശിപ്പിക്കുമെന്നും താമസക്കാര്‍ പറഞ്ഞു.
ക്രിസ്‌തുമസിന് മുന്നോടിയായി ബഹിരാകാശത്തെ സാന്‍റാക്ലോസുമാരായി സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെടിടും. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സാന്‍റാമാരായി മാറിയത്. നാസ തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ചിത്രം മറ്റൊരു ദിവസമെന്ന ക്യാപ്ഷനോടെ നാസ എക്സിൽ പങ്കുവെച്ചു.
ചില അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തിയ ഉയർന്ന താരിഫിന് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ചുമത്തുമെന്ന് ട്രംപ്. ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ, ഞങ്ങളും അതേ രീതിയിൽ അവർക്കും നികുതി ചുമത്തും. മിക്കവാറും എല്ലാ കേസുകളിലും, ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തുകയാണ്. അതേ സമയം, ഞങ്ങൾ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.