പാർലമെൻ്റിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും, അമേരിക്കയിലെ നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ലോക് സഭയിലും രാജ്യസഭയിലും ആവശ്യപ്പട്ടു. ലോക് സഭയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി. 12 മണിവരെ ആദ്യം പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളമുണ്ടായതിനെ തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. അതോടൊപ്പം രാജ്യസഭയിലും സമാനകാഴ്ചകളാണ് കണ്ടത്. ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ നേരിട്ട ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ഒന്നും രേഖകളിലുണ്ടാകില്ലെന്നും വ്യക്തമാക്കി.
നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരുമെന്നും പാർലമെന്റിന് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് നഗരസഭയിലെ അതൃപ്തരായ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി സൂചന. സന്ദീപ് വാര്യര്‍ വഴിയാണ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം. അതേസമയം, അതൃപ്തരായ നേതാക്കളെ പാളയത്തിലെത്തിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചന നൽകികൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ഐക്യപ്പെടാൻ തയ്യാറുള്ള ആരും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ലെന്നും നയംമാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനേയും വെറുതെവിടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ ഭീഷണി മുഴക്കി. പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തുവന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും തുടരന്വേഷണത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നൽകിയിട്ടില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയൽ വ്യക്തമാക്കി.
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കവെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. വ്യജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കുമെതിരെ അന്വേഷണമില്ലെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന അധിക്ഷേപങ്ങള്‍ നോഡല്‍ ഓഫീസറെ അറിയിക്കാം. മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയുണ്ടെന്ന് ഡബ്യുസിസി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദർശനത്തിനെത്തുന്നില്ലെന്ന് റിപ്പോർട്ട്. ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല. വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് റിപ്പോർട്ട് .
ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം നൽകി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോര്‍ട്ട് നൽകും.
പത്ത് ലക്ഷം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള നഗരം തിരുവനന്തപുരമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നഗരം കാര്‍ബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ഫേസ്ബുക്കിൽ ആര്യ കുറിച്ചു. ഈജിപ്തിലെ അലക്സാണ്ടറിയയിൽ യുഎൻ ഹാബിറ്റേറ്റ് ഷാങ്ഹായ് മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച വേൾഡ് സിറ്റീസ് ഡേ 2024 ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നുവെന്നും അവര്‍ അറിയിച്ചു.
സഹപ്രവര്‍ത്തകനായ പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. ഷഫീഖ്, എസ്എച്ച്ഒയുമായി സംസാരിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നിൽ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല. സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്.
സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും പിൻവാങ്ങുന്നുവെന്നും അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ചില മലയാളം സീരിയലുകള്‍ എൻഡോസള്‍ഫാൻ പോലെ മോശമാണെന്ന് നടൻ പ്രേം കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സീരിയലുകള്‍ക്ക് സെൻസറിംഗ് ആവശ്യമാന്നെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതലയും ഉള്ള താരം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പ്രേം കുമാറിന്റെ പ്രസ്‍താവനയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ധര്‍മ്മജൻ ബോള്‍ഗാട്ടി. സീരിയലിനെ എൻഡോസള്‍ഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണെന്നും പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ എന്നും പറയുന്നു ധര്‍മ്മജൻ ബോള്‍ഗാട്ടി.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പിതാവ്. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.
തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്നാണ് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചുവെന്നും അപ്പോൾ നിലവിളി കേട്ടു അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.
30 വർഷത്തിലേറെയായി കേരളത്തിലും തമിഴ്നാട്ടിലുമായി ചന്ദനക്കടത്തും വിൽപ്പനയും നടത്തിയിരുന്ന അന്തർ സംസ്ഥാന മാഫിയ തലവൻ മണ്ണാർക്കാട് സലീം പിടിയിലായി. ചന്ദനം ഏജന്റുമാരിൽ നിന്നും വാങ്ങി വിൽക്കുകയും, കാട്ടിലേക്ക് ആൾക്കാരെ മുൻകൂർ കാശ് കൊടുത്ത് ചന്ദനം വെട്ടിക്കുകയും ചെയ്തിരുന്ന ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സലീം.
കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവൻ സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നിൽ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും ജിമ്മിൽ നിന്ന് കണ്ടെത്തി.
പത്തനംതിട്ടയിൽ മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി പഠിച്ച സ്കൂളിൽ കെഎസ്‌യു പ്രവർത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‍യുവിന്‍റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം.
ദില്ലിയിലെ ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്‍ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് മരിച്ചത്. ദില്ലിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്‌സ് അംഗമായിരുന്നു.
തൃശൂര്‍ നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് (23) മരിച്ചത്.ഇന്നലെ രാത്രി 8.45ഓടെ നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പൊലീസ് വീണ്ടെടുത്തു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായ തെന്ന് പൊലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിന് പിന്നാലെ ചിറ്റഗോംഗിൽ നടന്ന സംഘർഷത്തിൽ അഭിഭാഷകനായ സൈഫുൽ ഇസ്‌ലാം അലിഫ് ചിറ്റഗോങ്ങിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . സൈഫുൽ ഇസ്‌ലാം ആരിഫിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ചിറ്റഗോംഗ് ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് ഹുസൈൻ റസാഖ് പറഞ്ഞത്.
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഇസ്ലാമാബാദിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇമ്രാന്‍റെ ഭാര്യ ബുഷ്റയും റാലിയിൽ അണിചേർന്നു. അതിനിടെ ആയുധം കയ്യിലുള്ള പ്രക്ഷോഭകരെ കണ്ടാൽ വെടിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന ശ്വാസം വരെ പോരാടാൻ ഇമ്രാൻ ഖാൻ അണികളോട് ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ആണ് പ്രക്ഷോഭം നടത്തുന്നത്.