സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

 

 

 

സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്.

 

 

 

ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇന്ന് പുറത്തുവന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് താൻ കാണുന്നത് അതിനു താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങൾ, പുറത്തു വന്നവയെല്ലാം പൂർണമായും വ്യാജമാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിതെന്നും ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്‌സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് കുറിപ്പിൽ പ്രതികരിച്ചിട്ടുണ്ട്.

 

 

 

 

ഇപി ജയരാജൻ്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇപിയുടെ ആത്മകഥ വിവാദം കാലത്തിൻ്റെ കണക്ക് ചോദിക്കലാണെന്നും കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരൻ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഡിസി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ് അവരെ അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഇപി.ജയരാജൻ്റെ പുസ്തകവിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇ.പി. ജയരാജൻ പറയാനുള്ള എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വ്യക്തിയാണെന്നും അദ്ദേഹം പറയാത്ത ഒരു കാര്യവും പ്രസാധകർ പുസ്തകത്തിൽ ചേർക്കുമെന്ന് തോന്നുന്നില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

 

 

 

ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജൻ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരോപണം ഗുരുതരമല്ല, അസംബന്ധമാണെന്നും അങ്ങനെയൊന്ന് എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

 

 

 

 

 

ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികൾ. ഇപി ജയരാജൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഡോ.പി.സരിൻ പറഞ്ഞു. പുസ്തകം വായനക്കാരുടെ കൈയിൽ എത്തിയിട്ടാണ് ചർച്ചയാകേണ്ടതെന്നും തനിക്കെതിരെ പരാമർശം ഉണ്ടെങ്കിൽ ഉറപ്പായും മറുപടി പറയുമെന്നും സരിൻ പറഞ്ഞു. വിഷയത്തിൽ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്നാണ് യു.ആർ പ്രദീപ് പറഞ്ഞത്. ആദ്യം പുസ്തകം വായിക്കട്ടെയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് തന്നെ വാർത്ത വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു.

 

 

 

 

 

സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണെന്നും അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ഒന്നു കൊണ്ടും ഭയക്കേണ്ടതില്ലെന്നും സിപിഎമ്മിൻ്റെ മുതിർന്ന നേതാവാണദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമാണ് പറ‌ഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇപിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവ്‌ദേക്കർ കണ്ടിട്ടുണ്ട് എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

 

 

 

പാര്‍ലമെന്‍റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നും അക്കാര്യം ഉറപ്പ് നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാർലമെന്റിൽ തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.

 

 

 

ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും, ഇങ്ങനെ തന്നെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ സ്കൂളുകൾ മെച്ചപ്പെട്ടു പക്ഷേ റോഡുകള്‍ ഇനിയും മെച്ചപ്പെടണമെന്നും തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകുമെന്നും തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ലെന്നും ലാൽ ജോസ് പറഞ്ഞു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്കൂളിലെ 97 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

 

 

 

 

 

 

 

 

പത്തനംതിട്ട സിപിഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബർ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

 

 

സംസ്ഥാന സ്കൂൾ കായികമേള സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

 

 

 

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

 

 

 

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി അൻവറിനെതിരെ കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസെടുക്കും.

 

 

 

പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദ്ദേശം.

 

 

 

 

വടകര പുത്തൂരില്‍ റിട്ടയേര്‍ഡ് പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍. പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര്‍ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന്‍ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ സ്വദേശിയും മുന്‍ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.

 

 

എറണാകുളം ഏലൂരിൽ യുവാവിനെ പുഴയിൽ വീണ് കാണാതായി. കളമശേരി സ്വദേശി നിതിനെയാണ് (35) കാണാതായത്. ഏലൂർ മേത്താനം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. സഹോദരനോടൊപ്പം പാലത്തിനു മുകളിൽ നിൽക്കവെയായിരുന്നു അപകടം.

 

 

 

പാലക്കാട് മണ്ണാർക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിലെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചോലയിൽ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയിൽ നെഞ്ചിടിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് പാലക്കാട് തെങ്കര മെഴുകുംപാറ മിച്ചഭൂമി ഗ്രാമത്തിൽ വെള്ളക്കെട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ അമ്മയാനയുടെ ജഡം കണ്ടെത്തിയത്.

 

 

 

ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്‌നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

 

 

 

ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തെ തുട‍ർന്ന് കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ദില്ലി വിമാനത്താവളത്തിൽ പ്രതിസന്ധി. ദില്ലിയിൽ നിന്നുള്ള ഒരു വിമാനം റദ്ദാക്കുകയും 10 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. മേഖലയിൽ നിലവിൽ കാഴ്ചാപരിധി 50 മീറ്റർ മാത്രമാണ്. ദില്ലിയിൽ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.

 

 

 

ഇക്വഡോര്‍ യുവ ഫുട്‌ബോളര്‍ മാര്‍ക്കോ അംഗുലോയ്ക്ക് കാറപകടത്തെ തുടര്‍ന്ന് ദാരുണാന്ത്യം. 22കാരനായ താരം ഒക്‌റ്റോബര്‍ ഏഴിനുണ്ടായ കാറപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോര്‍ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം.

 

 

 

ഇക്വഡോറിലെ കുപ്രസിദ്ധമായ ജയിലിൽ തമ്മിലടിച്ച് 15പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തടവുകാർ തമ്മിലുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് ഇക്വഡോറിലെ ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറൽ പെനിറ്റൻഷ്യറി ജയിലിലെ കൊലപാതകങ്ങളേക്കുറിച്ച് പുറത്ത് വരുന്ന വിവരം. 2021ൽ ഇവിടെ തടവുകാർക്കിടയിലുണ്ടായ കലാപത്തിൽ 119 പേരാണ് കൊല്ലപ്പെട്ടത്.

 

 

 

തെലങ്കാനയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആയിരുന്നു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു.

 

 

 

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. ബുൾഡോസർ ഹർജികളിലാണ് കോടതിയുടെ നിര്‍ദേശം. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകുമെന്നും അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട പാർപ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.

 

 

 

 

ബാന്ദ്ര പോലീസിന്‍റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്ന് അഭിഭാഷകനായ ഫൈസാൻ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം.

 

 

 

 

ഇന്ത്യയിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആക്ടിംഗ് കോൺസലിനെ നിയമിച്ചതായി റിപ്പോർട്ട്. എന്നാൽ, വിഷയത്തിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളിൽ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തിൽ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല.

 

 

 

ചുമതലയേറ്റ് ഒരാഴ്ച പിന്നിടും മുൻപ് മെക്സിക്കോയിലെ യുവ മേയറെ തല അറുത്ത് മാറ്റി കൊല ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥനും. ചിൽപാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് കൊല ചെയ്തത്. ഒക്ടോബർ ആറിനായിരുന്നു സംഭവം. നേരത്തെ പ്രാദേശിക ലഹരിമരുന്ന് വ്യാപാരി സംഘത്തെയും പണം തട്ടിപ്പ് സംഘത്തേയും കൊലപ്പെടുത്തിയ കേസിൽ പഴി കേട്ടിട്ടുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.

 

 

 

197 രാജ്യങ്ങളും പിന്നെ യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന യുഎന്‍ സമിതിയിലെ അംഗരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്നലെ അസര്‍ബൈജാനില്‍ തുടക്കമായി. എന്നാല്‍, പരിപാടിയുടെ നടത്തിപ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് യുവ പരിസ്ഥിതി സംരക്ഷകയായ ഗ്രെറ്റ തുംന്‍ബര്‍ഗ് രംഗത്ത്. ഏകാധിപത്യ സ്വഭാവമുള്ള പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ചൂഷണം ചെയ്യുന്ന അസര്‍ബൈജാന് കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ എന്ത് ധാര്‍മ്മിതകയാണ് ഉള്ളതെന്ന് ഗ്രെറ്റ തുംന്‍ബര്‍ഗ് ചോദിച്ചു.

 

 

 

പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ പീനട്ട് എന്ന അണ്ണാനെ ദയാവധത്തിന് വിധേയമാക്കി. എന്നാൽ റാബീസ് നെഗറ്റീവെന്നാണ് പരിശോധനാ ഫലം. ഒക്ടോബർ 30നാണ് പീനട്ട് എന്ന അണ്ണാനെയും ഫ്രെഡ് എന്ന റക്കൂണിനേയും പരിസ്ഥിതി സംരക്ഷണ വകുപ്പ് ദയാവധത്തിന് വിധേയമാക്കിയത്.പരിശോധനാഫലത്തോട് മൃഗസംരക്ഷണ വകുപ്പ് പ്രതികരിച്ചിട്ടില്ല. നേരത്തെ യുവാവ് അണ്ണാനെ വളർത്തുന്നതിനെതിരേയും അണ്ണാൻ ആളുകളെ ആക്രമിച്ചതായും പരാതി ലഭിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കിയത്.

 

 

 

രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. കഴി‌ഞ്ഞ വർഷം നവംബർ മുതലാണ് ചെങ്കടലിലും ഗൾഫ് ഓഫ് ഏദനിലും കപ്പലുകൾ ലക്ഷ്യം വെച്ച് ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *