മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് ഈ സംസ്ഥാനമെന്നും, കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

 

 

 

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നു. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാവില്ലെന്ന് ഉറപ്പു വരുത്താമെന്നും പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണ്ണമാക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

 

 

 

ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്നും, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും സതീഷ് പറഞ്ഞു. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും, കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും വ്യക്തമാക്കി .സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി.

 

 

 

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നും, കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

 

 

കൊടകര കള്ളപ്പണക്കേസിൽ മറച്ചു വച്ച കാര്യങ്ങൾ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം- ബിജെപി ബാന്ധവം വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശൻ പറഞ്ഞു.

 

 

 

തെളിവില്ലാത്ത കാര്യങ്ങള്‍ക്ക് ഒരാവശ്യവുമില്ലാതെ എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ സമയമില്ലെന്ന് കൊടകര കുഴല്‍പ്പണക്കേകേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കുഴല്‍പ്പണ കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താനാകുന്ന ഒന്നുമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 346 കേസുകളിൽ താന്‍ പ്രതിയാണെന്നും ഒരു കേസില്‍ പോലും താന്‍ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

 

 

 

 

 

കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കർണാടകയിലെ ബിജെപി എംഎൽഎയെന്ന് കേരള പൊലീസ്. കേസിൽ അറസ്റ്റിലായ ധർമ്മരാജൻ്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ കള്ളപ്പണ കണക്ക് അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

 

 

 

 

2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നതെന്നും അവർ പറഞ്ഞു. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റായ പ്രശാന്ത് മലവയലിൻ്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തിയെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി.

 

 

 

കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരി പഞ്ചായത്ത്‌ അംഗം സിതാര ശശി, ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.

 

 

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് ഉപതരെഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവർത്തിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതേ സമയം കെപിസിസി നേതൃത്വം ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് കെ മുരളീധരൻ വ്യക്തമായ ഉത്തരം നൽകിയില്ല. തൻ്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു

 

 

 

 

 

കൊച്ചിയിലെ അമ്മ ഓഫിസിൽ കേരള പിറവി ആഘോഷം സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് താര സംഘടന അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത് .

അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്നും, അമ്മയിൽ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയെന്നും പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

 

 

 

 

എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. അതിനിടെ ദിവ്യയുടെ ജാമ്യ ഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹർജിയിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും.

 

 

 

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

 

സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് വെനസ്വേലയിൽ ചേരുന്ന വേൾഡ് പാർലമെന്ററി കമ്മറ്റി യോഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലോകത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തെ കുറിച്ചായിരുന്നു ഇത്തവണത്തെ യോഗം. ശിവദാസൻ എംപിയുടെ യാത്രാനുമതി നിഷേധിച്ചതിൽ കേന്ദ്രം കാരണം വ്യക്തമാക്കിയിട്ടില്ല.

 

 

 

താമരശ്ശേരിയിൽ സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂൾ അധ്യാപകനെ കള്ളനോട്ടുകളുമായി പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടി. സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

 

 

 

മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല. അടുത്തിടെ ചേർന്ന പള്ളി കമ്മിറ്റി ജനറൽ ബോഡി യോഗമാണ് ഖാസിയായി പാണക്കാട് തങ്ങളെ നിശ്ചയിച്ചത്.

 

 

 

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമർശിച്ചു.

 

 

 

 

അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ തുടക്കമായി. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻ്ററിലെത്തിക്കും.നാളെ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ മാർ അത്തനേഷ്യസ് കത്ത്രീഡൽ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ ആണ് സംസ്കാരം .

 

 

 

 

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിന് തീപിടിച്ചു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്. തുടര്‍ന്ന് ചകരിക്ക് പിടിച്ച തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വേണു പറഞ്ഞു. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

 

 

 

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

 

 

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ ( 24 ), സഞ്ജയ് (22), കേശവൻ (24) എന്നിവർ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

 

 

തൃശൂർ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

 

 

മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്ലസ് വൺ വിദ്യാർത്ഥി മറ്റൊരു പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് കത്തി കൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് പുറത്ത് വന്നത്. പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകിൽ നിന്ന് വന്ന പതിനാറുകാരൻ തുടർച്ചയായി കുത്തുകയാണ് ചെയ്യുന്നത്.പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം പൊലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു.

 

 

 

പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനുമായ ബിബേക് ദെബ്രോയ് അന്തരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു.

 

 

 

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം ആർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്.

 

 

 

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞ്‌ അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

 

 

തമിഴ്നാട്ടിലെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് ഹൗസ് സർജൻമാർക്ക് സസ്പെൻഷൻ. ഡിഎസ്പിയുടെ മകൻ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചെന്ന ജൂനിയർ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ആഴ്ച കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.

 

 

 

വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനും സൗദി അറേബ്യയിലെത്തി. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.

 

 

 

ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇൻറലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. എന്നാൽ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.

 

 

 

 

വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണ്. ഇതിനിടെ, മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.

 

 

 

 

ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങൾ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന നിഗമനത്തിൽ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാൻ ഖമേനി നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *