Screenshot 20241026 141546 1

കൂറുമാറ്റത്തിനായി രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണി. ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചര്‍ച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്ന് എകെ ശശീന്ദ്രനും പറഞ്ഞു.

 

 

ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.

 

 

100 കോടി കോഴ ആരോപണങ്ങൾ തള്ളി തോമസ് കെ. തോമസ്. ആരോപണത്തിൽ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകുമെന്നും , തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

 

തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറ‍ഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.

 

 

വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെൻഷനില്‍ സംസാരിക്കവെ വിമതര്‍ക്കെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരൻ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും, കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരൻ പറഞ്ഞു. കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്.

 

 

തന്റെ ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ചു. തന്നെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തിയെന്നും തന്റെ വികസന പദ്ധതികൾ റിയാസ് അട്ടിമറിച്ചുവെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾക്ക് പരാതി കത്തായി നൽകിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും റസാഖ് പറഞ്ഞു.

 

 

കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെക്കാൻ നിർദ്ദേശം നൽകിയതായി സൂചന. റസാക്ക് വീണ്ടും പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാൽ തന്നോട് രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കിൽ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാക്ക്.

 

 

സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങൾ വിമർശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താൻ ഒരിക്കലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.

 

 

മാധ്യമപ്രവർത്തകരോടുള്ള സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസിന്‍റെ മോശം പരാമർശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും എൻ.എൻ.കൃഷ്ണദാസിന്റെ മോശം പരാമർശം അദ്ദേഹത്തിന്‍റെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു.

 

 

പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. സന്ദർശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും ആയിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരണം.

 

 

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

 

 

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങില്ലെന്ന് സൂചന. മുൻ‌കൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് വിവരം.ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതര ജാതിയിൽനിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്.

 

 

വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നത് സിഐടിയു തൊഴിലാളികൾ തടയുകയായിരുന്നു. തുടർന്ന് വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് സിമന്റ് കട്ടകൾ ഇറക്കിവെച്ചത്. സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയെന്നും തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുമെന്നും വിശ്വനാഥൻ പറഞ്ഞു.

 

 

പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പന്നിയങ്കര എസ്.ഐ, സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്ക്യു സെന്‍ററിലേക്ക് മാറ്റി. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

 

 

വീടിന് പിന്നിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയിൽ. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്. ഇയാൾ താമസിക്കുന്ന വീടിന് പിന്നിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

 

 

കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള കടനാട്ടിലാണ് 60 വയസുള്ള ഭർത്താവും 55 കാരിയായ ഭാര്യയേയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണംകൊമ്പിൽ റോയി ഭാര്യ ജാൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഏകമകനും 3ാം ക്ലാസ് വിദ്യാർത്ഥിയുമായ 9 വയസുകാരൻ സ്കൂളിലായിരുന്ന സമയത്താണ് സംഭവം.

 

 

 

ദില്ലിയിൽ വായുമലിനീകരണ തോത് വരുംദിവസങ്ങളിൽ കൂടുതൽ ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ്. നിലവിൽ വായുമലിനീകരണ തോത് അൽപം മെച്ചപ്പെട്ട് 272ലെത്തി നിൽക്കുകയാണ്. എന്നാൽ വരുംദിവസങ്ങളിൽ അത് 300 ന് മുകളിലെത്തുമെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

 

 

 

യമുനയിൽ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ ആശുപത്രിയിൽ. കനത്ത ചൊറിച്ചിലും, ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നാണ് ദില്ലി ബിജെപി നേതൃത്വം വിശദമാക്കുന്നത്. വ്യാഴാഴ്ചയാണ് എഎപിക്കെതിരെ പ്രതിഷേധിച്ച് യമുനാ നദിയിൽ മുങ്ങി സച്ദേവ പ്രതിഷേധിച്ചത്.

 

 

 

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകൾ ഗുണനിലവാരമില്ലാത്തതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. സെപ്തംബറിൽ 3000 മരുന്നുകളുടെ സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് കാൽസ്യം 500, വിറ്റാമിൻ ഡി 3 അടക്കമുള്ള മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്സ് കാൻസർ ലാബോറട്ടറീസ് നിർമ്മിക്കുന്ന വൈറ്റമിൻ ഡി 3, കാൽസ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.

 

 

 

 

കേന്ദ്രമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ നൽകിയ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി. പുതുക്കോട്ട എം എം അബ്ദുല്ല എംപിയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകിയത്. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയിൽ തുടരുന്നുവെന്ന് എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

 

 

അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയി ജയിലായിരിക്കെ സ്വകാര്യ ചാനലിൽ അഭിമുഖം പ്രക്ഷേപണം ചെയ്ത സംഭവത്തിൽ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. പഞ്ചാബ് പൊലീസിലെ ഏഴ് പേരെയാണ് സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ.

 

 

 

ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ഒക്‌ടോബർ 24നാണ് ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്.

 

 

 

 

ദില്ലി – ലഖ്നൌ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരമുള്ള മരത്തടി വച്ചതായി കണ്ടെത്തി. ബറേലി-വാരണാസി എക്സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു. പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലഖ്നൗ-ഹർദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു.

 

 

 

 

ഉത്തർ പ്രദേശിലെ അംറോഹയിൽ സ്വകാര്യ സ്കൂൾ ബസിന് നേരെ വെടിയുതിർത്ത് അജ്ഞാതർ. 28 വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ വാനിന് നേരെയാണ് മുംഖം മൂടി ധാരികൾ വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

 

 

ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തക്കതായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടെന്നും എന്നാൽ ചില സ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാൻ അറിയിച്ചു. മാസങ്ങളായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ ഇന്ന് പുലർച്ചെ വൻ സ്ഫോടനമാണ് ഉണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *