താരിഫ് വര്‍ധനയ്ക്ക് ശേഷം രാജ്യത്തെ മൂന്ന് ടെലികോം കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇതേകാലയളവില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ വരിക്കാരുടെ എണ്ണവും ലാഭവും വര്‍ധിപ്പിച്ചു. താരിഫ് വര്‍ധനയ്ക്ക് ശേഷമുള്ള ആദ്യരണ്ട് മാസങ്ങളില്‍ (ജൂലൈ, ഓഗസ്റ്റ്) ബി.എസ്.എന്‍.എല്ലിലേക്ക് 54.64 ലക്ഷം പുതിയ വരിക്കാരെത്തി. കേരളത്തിലും ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ക്ക് വരിക്കാരെ നഷ്ടപ്പെട്ടു. എന്നാല്‍ ബി.എസ്.എന്‍.എല്ലിന് 91,444 വരിക്കാരെ പുതുതായി ലഭിച്ചു. ജിയോയ്ക്ക് 1.73 ലക്ഷം വരിക്കാരെയാണ് കേരളത്തില്‍ നഷ്ടമായത്. രാജ്യത്താകെ 47.77 ലക്ഷം വരിക്കാരെ ജിയോയ്ക്ക് നഷ്ടമായി. എയര്‍ടെല്ലിന് 41.03 ലക്ഷവും വി.ഐയ്ക്ക് 32.88 ലക്ഷവും വരിക്കാരെ രാജ്യത്ത് നഷ്ടമായി. അതേസമയം, ടെലികോം വിപണിയില്‍ ഇപ്പോഴും ജിയോയുടെ ആധിപത്യം തുടരുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് 40.5 ശതമാനം വിപണി വിഹിതമാണ് ജിയോക്കുള്ളത്. എയര്‍ടെല്ലിന് 33 ശതമാനവും വി.ഐക്ക് 18 ശതമാനവും ബി.എസ്.എന്‍.എല്ലിന് 8 ശതമാനവും വിപണി വിഹിതമുണ്ടെന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
47.77 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് ജിയോ
