തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാർശ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം സംസ്ഥാനത്തെ പൊലീസ് സംവിധാനം തകർത്തതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡിജിപി പറഞ്ഞാൽ എഡിജിപിയും ഐജിമാരും ഡിഐജിമാരും പറഞ്ഞാൽ എസ്‌പി മാരും അനുസരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ എഡിജിപി എംആർ അജിത്ത് കുമാറിനും പി ശശിക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അതാണ് ഈ കരുതലിന് കാരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു
കർണാടകയിലെ ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.
ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് അർജുൻ്റെ ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച മിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്.
ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ അർജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് എം കെ രാഘവൻ എംപി. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തിയ പരിശ്രമത്തിന് നന്ദിയെന്നും. സന്മനസ്സാണ് കർണാടക സർക്കാർ കാണിച്ചത്. മനുഷ്യസാധ്യമായതിൽ എല്ലാം ഷിരൂരിൽ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കേരളമെന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖർ . പതിറ്റാണ്ടുകൾ നീണ്ട ഇടത് കോൺഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ 47.1% ഉം പുരുഷന്മാരിൽ 19.3% ഉം തൊഴിൽരഹിതരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ എന്നും കുറിപ്പിലുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്. രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിലാണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി കുറിപ്പ്.ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോയെന്ന് പോസ്റ്റില്‍ ചോദിക്കുന്നു. തിരൂരങ്ങാടിയിൽ രണ്ടുതവണ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് നിയാസ് പുളിക്കൽ
ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ് ഭവനിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ പങ്കെടുത്തു. മഹാരാഷ്ട്രാ സ്വദേശിയായ നിധിൻ മധുകർ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തു. ആശാ ലോറൻസിൻ്റെ അഭിഭാഷകൻ കൃഷ്ണരാജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകര്‍ സിദ്ദിഖിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ തന്നെ പ്രതിയാക്കിയതെന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നും ജാമ്യാപേക്ഷയിലുണ്ട്. ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
നടൻ സിദ്ദിഖിനെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയർന്നിട്ടുണ്ടെന്നും, പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്, അതിജീവിതർക്ക് നീതി ലഭിക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.
യുവ എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജന്റെ നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനെതെരിയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. മറൈന്‍ ഡ്രൈവില്‍ നടന്ന എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പ്രസാധകരായ ഡിസി ബുക്സ് പരാതി നൽകുകയായിരുന്നു.
എൻ സി പി യുടെസംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ അംഗീകരിച്ചില്ല. രാജൻ മാസ്റ്റർ നടത്തിയത് വിമത പ്രവർത്തനമാണെന്നും അച്ചടക്ക നടപടി അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ വ്യക്തമാക്കി. എ.കെ ശശീന്ദ്രനും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ചയാക്കരുതെന്നും രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന മന്ത്രിയുടെ പരസ്യ പ്രസ്താവയിൽ പിസി ചാക്കോ പറഞ്ഞു.
തൃശൂരിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട്ട് താമരശ്ശേയിൽ വിദ്യാർത്ഥിനി ഹൈഡ്രോളിക് ഡോറിൽ കുടുങ്ങിയ സംഭവത്തിൽ നടപടിക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും. ജീവനക്കാർക്കെതിരെ കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പൊലീസിനൊപ്പം മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ബസ് ജീവനക്കാരോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുൻപാകെ ഹാജരാവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് പരിക്കേറ്റത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയിൽ വീട് ഒരുങ്ങുന്നു. തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്.
തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്‍റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്‍റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്‍റെ കൊലപാതകമെന്നാണ് റിപ്പോർട്ട്.
തൃശൂർ പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബുള്ളറ്റിന് പിന്നിൽ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ 15 വയസ്സുള്ള അതുൽ കൃഷ്ണയാണ് മരിച്ചത്.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ അഞ്ചംഗ കുടുംബത്തെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസ്. ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ അമ്പതിലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ തുടങ്ങിയവയാണ് ഗുണമേന്മാ പരിശോധനയിൽ പരാജയപ്പെട്ടത്.
പ്രമുഖ പോഡ്കാസ്റ്ററും രൺവീർ അള്ളാബാദിയയുടെ ബിയർ ബൈസെപ്‌സ് ഉൾപ്പെടെയുള്ള യൂട്യൂബ് ചാനലുകൾ ബുധനാഴ്ച രാത്രി ഹാക്ക് ചെയ്തു. രണ്ട് ചാനലിലെയും മുഴുവന്‍ വീഡിയോകളും ഡിലീറ്റ് ചെയ്തു. രണ്ട് ചാനലുകളുടെയും പേരുകള്‍ ടെസ്‌ല എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അടുത്തിടെ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.
വന്ദേഭാരത് ട്രെയിനിൽ ഭജനയുമായി ബിജെപി നേതാവ്. ഹൈദരബാദിലെ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. ഒരു സംഘം ആളുകൾക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് മാധവി ലത നേരത്തെ വിവാദത്തിലായിരുന്നു.
പട്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന് 1985 ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പട്‌ന ഹൈക്കോടതി നടത്തിയ പരാമർശത്തിലാണ് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. അത്തരമൊരു പരാമര്‍ശം ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന നീതിബോധത്തിനും നിഷ്പക്ഷതയ്ക്കും ചേര്‍ന്നതല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര എന്നിവയുടെ ചില വിമാനങ്ങൾ ഇന്നലെ രാത്രി വഴിതിരിച്ചുവിട്ടു. മുംബൈയിലെ മോശം കാലാവസ്ഥ വിമാന സർവ്വീസുകളെ ബാധിക്കാനിടയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാന കമ്പനികൾ ആവശ്യപ്പെട്ടു.
ഹെലൻ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയിൽ അതീവ ജാഗ്രത. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കുമെന്നും. ഫ്ളോറിഡയിലാണ് തീരം തൊടുകയെന്നുമാണ് അറിയിപ്പ്. ഹെലൻ അപകടകാരിയാവാൻ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഫ്ലോറിഡയിലും തെക്ക് – കിഴക്കൻ യുഎസിലുമാണ് നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്സി) ജാഗ്രതാ നിർദേശം നൽകിയത്.