ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു.
ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും, പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. കോടതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിച്ചതിന് ശേഷം നവംബർ 9 വ്യാഴാഴ്ചയാണ് കേസിൽ ശിക്ഷാവിധിയിൽ വാദം കേൾക്കുന്നതെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ വ്യക്തമാക്കി.
ആലുവ പീഡനക്കേസില്‍ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കിയത് അഭിമാന നിമിഷമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍. കുറ്റപത്രം അതിവേഗം സമര്‍പ്പിക്കുകയെന്നത് അന്വേഷണ സംഘം വെല്ലുവിളിയായി ഏറ്റെടുത്തുവെന്നും കേസിനോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 132 മരണം. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും ഉണ്ടെന്നും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി.
സംസ്ഥാനത്ത് വൈദ്യുതി സബ്‌സിഡി പിൻവലിക്കില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സബ്‌സിഡി വിഷയത്തിൽ ജനത്തിന് ആശങ്ക വേണ്ടെന്നും,വൈദ്യുതി തീരുവയിൽ നിന്ന് സബ്‌സിഡിക്കുള്ള തുക സംസ്ഥാന സർക്കാർ കെഎസ്ഇബിക്ക് കൈമാറും. അതിനായി സംവിധാനം സംസ്ഥാന വൈദ്യുതി വകുപ്പ് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍.മാസപ്പടി വിവാദത്തിലും, കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല.എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തർധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു.
കണ്ണൂരിൽ പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകൻ റോഷന്റെ മുറിയിൽ മുട്ടിവിളിക്കുന്നതിനിടെ ബാബു പൊലീസിന് നേരെ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
വളപട്ടണത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പ് കേസില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന്‍ റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്കടം സ്ഫോടനകേസിൽ എൻഐഎ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോയമ്പത്തൂരിലെ കാർ സർവീസ് സെന്ററിൽ പെയിന്ററായ താഹ നസീറാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം സ്ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്നയുടെ സംസ്സ്ക്കാരം 4 മണിക്ക് കൊരട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താൻ അച്ഛന്‍റ പ്രദീപൻ തീരുമാനിച്ചത്.
തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന.കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. മറ്റുള്ളവർക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാർട്ടി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയത്തിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുത്തു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും കേരളീയത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്‌ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ.
ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കേറ്റു. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്.അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി.അൻസാർ, കബീർ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി അടിച്ചതിന് നടിയും , അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്താണ് സംഭവം നടന്നത്.രഞ്ജനയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
പാക് പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെ ശനിയാഴ്ച രാവിലെ ആറ് തീവ്രവാദികൾ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സംസാരിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹമാസ് ബന്ദികളെ വിട്ടയക്കുന്നതു വരെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. അതോടൊപ്പം സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുശതമാനവും പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറല്ല തെക്കന്‍ ലബനനിലെ ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ ആറാം മത്സരം. കൊൽക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു തുടങ്ങുന്ന കളിയിൽ ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ.കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.
ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്.കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് കാരണം. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ഉള്‍പ്പെടുത്തി.