ലോക്സഭ തെരഞ്ഞടുപ്പ് തോല്‍വി സംബന്ധിച്ച കെപിസിസി ഉപസമിതി റിപോർട്ട് സ്വാഗതം ചെയ്ത് ബിജെപി. പൂരം കലക്കിയതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് പറഞ്ഞ വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. സുരേഷ് ഗോപിയുടെ വിജയം റിപ്പോർട്ടിൽ പറയുന്നത് പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ കൊണ്ടാണ്. വീഡി സതീശൻ പ്രസ്താവന പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി.
എഡിജിപി എം ആർ അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്ന് സിപിഐ മുഖപത്രത്തിൽ ലേഖനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നും ലേഖനത്തിൽ പരിഹസിക്കുന്നു. പൂരം കലക്കൽ വേളയിൽ ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും, പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണെന്നും ലേഖനത്തിലുണ്ട്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റമുക്തനായി അജിത് കുമാറെന്നും ജനയുഗം ലേഖനത്തിൽ വിമര്‍ശിക്കുന്നു.
പൂരം കലക്കി സുരേഷ് ഗോപിയെ ദില്ലിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ലെന്നും. യോഗി ആദിത്യനാഥിനേക്കാൾ ഇപ്പോൾ ആർഎസിഎസിന് വിശ്വാസം പിണറായിയെ ആണ്. പൂരം കലക്കിയ ആളായാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവർ പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന വിമർശനവുമായി മുതിർന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുതെന്നും അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു.
ഫേസ്ബുക്കിലെ കവർചിത്രം മാറ്റി എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്കൊപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്നും, പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഗൂഢാലോചന കേസുകള്‍ സി.പി.എമ്മിന് പുത്തരിയല്ലെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഇത് കാണിച്ച ഭയപ്പെടുത്താമെന്ന ധാരണ വേണ്ട. ഇത്തരം പ്രവണതകളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും. മാധ്യമങ്ങളെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നൽകാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പൊലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പൊലീസിനെതിരെ മൊഴി നൽകാൻ സമീപിക്കുന്നത്. സ്വർണ്ണ ക്യാരിയർമാർക്ക് പണവും വാഗ്ദാനം നടത്തിയെന്നും. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്നുമാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ മൊഴി നൽകാനാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതുവരെയുള്ള പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണെന്നും. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കല്‍ ക്വാറിയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കമെന്ന് പരാതി. ഉരുള്‍ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. ക്വാറിയിലെ റോഡുകള്‍ പുനര്‍നിര്‍മിച്ച് വാഹനങ്ങളുള്‍പ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
പുതുപ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേര് നൽകാനുള്ള എൽഡിഎഫ് ഭരണസമിതി തീരുമാനത്തിനെതിരെ കോൺഗ്രസ്. നടപടിയിൽ ഇന്ന് രാവിലെ മുതൽ പുതുപ്പള്ളി കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലമാണെന്നാരോപിച്ചാണ് പ്രതിഷേധം. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധിക്കുന്നത്. ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാഴ്ച മുമ്പാണ് ഒന്നാം വർഷ എം.എൽ.ടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽ ചാടി ജീവനൊടുക്കിയത്.
വേണാട് എക്സ്പ്രസിൽ ദുരിതയാത്ര. കാലുകുത്താൻ പോലും ഇടമില്ലാതെ തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു , കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. ഇന്നത്തെ തെരച്ചിലിൽ മണ്ണിടിച്ചിലിൽ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തി. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയത് കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചു. ഇനിയും നീളത്തിൽ കയർ ഉണ്ട്. ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറഞ്ഞു.
പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം. പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് പൊലീസുകാരനെതിരെ കേസെടുത്തിരിക്കുന്നത്.
ഇടുക്കിയിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കി രണ്ടു വർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. പ്രതിവർഷം 1000 എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പഠിക്കാനുള്ള അവസരമാണ് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടസവുമായി രംഗത്തെത്തിയത്. 2022 ഡിസംബറിൽ പരീക്ഷണ ലാൻഡിംഗും നടത്തിയിരുന്നു.
തൊടുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. ബാങ്കിലെ പ്യൂൺ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ സസ്പെൻഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡണ്ട് അറിയിച്ചു.
ജനവാസമേഖലയില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്‍. ഇടുക്കി പന്നിയാര്‍ കോരമ്പാറ എസ്റ്റേറ്റ് ലയത്തിനു സമീപത്താണ് പുലര്‍ച്ചെ കാട്ടാനയിറങ്ങിയത്. ലയത്തിന് സമീപത്തെ പ്ലാവില്‍ നിന്ന് ആന ചക്ക പറിച്ചു തിന്നു. ആര്‍.ആര്‍.ടി. സംഘമെത്തി ആനയെ തുരത്തി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും.
കൊല്ലം കടയ്ക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് അപകടം. നിർമ്മാണ തൊഴിലാളിയായ കോട്ടപ്പുറം സ്വദേശി രാജൻ ആണ് സ്ലാബിന് അടിയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തൊഴിലാളിയെ പുറത്തെടുത്തതിനാൽ വലിയ അപകടമൊഴിവായി.
ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നീരജ്.
കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെന്നൈയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ടാനേതാവ് സീസിംഗ് രാജയെ പൊലീസ് വെടിവച്ച് കൊന്നു. ആന്ധ്രയിൽ നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരും വഴിയാണ് കൊലപാതകം. 33 ക്രിമിനൽ കേസുകളിൽ പ്രതിയായ രാജയെ ഇന്നലെ ആന്ധ്രയിൽ വച്ച് അറസ്റ്റുചെയ്തെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. രാജയുടെ ജീവൻ അപടകത്തിലെന്ന ഭാര്യയുടെ വീഡിയോ തമിഴ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് പൊലീസ് തന്നെ ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവരുന്നത്.
രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര സർക്കാർ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകൾ ആണ് ഉണ്ടായിരുന്നത്.
കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അതോടൊപ്പം ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ദില്ലി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ദില്ലിയുടെ എട്ടാം മുഖ്യമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. ചുമതലയേറ്റ ആതിഷി
മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് തൊട്ടടുത്തുള്ള മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാൾ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്ന് ആതിഷി പ്രതികരിച്ചു.
ജാർഖണ്ടിലെ ഗൊഡയിലെ അദാനി നിലയത്തിൽ നിന്നുള്ള വൈദ്യുതി ഇന്ത്യയിൽ വില്ക്കാൻ അനുമതിയായതോടെ 130 കിലോമീറ്റർ വിതണ ലൈൻ നിർമ്മിച്ച് ഇന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കും. 1600 മെഗാവാട്ട് നിലയത്തിലെ വൈദ്യുതി വാങ്ങാൻ ബംഗ്ലാദേശ് നേരത്തെ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ബംഗ്ലാദേശിലെ സർക്കാർ മാറ്റത്തെ തുടർന്നാണ് വൈദ്യുതി ഇന്ത്യയിൽ തന്നെ വിൽക്കാനുള്ള അനുമതി.
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി ബന്ധം നിഷേധിച്ച് ജമാഅത്തെ ഇസ്ലാമി. പിഡിപിയുടെയും നാഷണൽ കോൺഫറൻസിൻ്റെയും പ്രചാരണം മാത്രമെന്ന് മുൻ നേതാവ് ഡോ. തലത് മജീദ് പറഞ്ഞു. വ്യക്തിയോ പ്രസ്ഥാനമോ ശക്തമായാൽ അവരെ ബിജെപി ഏജന്റായി ചിത്രീകരിക്കുകയാണ്. ജമ്മു കശ്മീരിൽ ബിജെപി അധികാരത്തിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. 2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.
ഇന്ന് സൗദി അറേബ്യയുടെ 94-ാം ദേശീയദിനം. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തിയതിെൻറ വാർഷികദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. ഈ മാസം 18ന് ആരംഭിച്ച ആഘോഷം ഒക്ടോബർ രണ്ട് വരെ തുടരും.
പശ്ചിമേഷ്യ യുദ്ധഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പലസ്തീനിയൻ ജനതയുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെച്ചുവെന്നും മോദി എക്സിൽ കുറിച്ചു.