mid day hd 1

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ്‌ സഹായമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെ എസ് ആർ ടി സി ക്കായി അനുവദിച്ചത്.

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങ്ങിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വകാര്യത ഉറപ്പുവരുത്തി തുടര്‍നടപടികളിലേക്ക് പോവുന്നതിന് സര്‍ക്കാരിനുള്ള നിയമപ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്ന് മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലന്‍. ഈ വ്യക്ത കോടതിയില്‍നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീർ അങ്ങനെ പറയരുതായിരുന്നുവെന്നും, സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും, ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

 

 

സി പി എം പാലക്കാട് മേഖല റിപ്പോർട്ടിംഗിൽ പികെ ശശിക്കെതിരെ പരാമർശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്നും, സാമ്പത്തിക ക്രമക്കേട് മാത്രമല്ല, സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ റിപ്പോര്‍ട്ടിൽ പറയുന്നു. പാർട്ടി ഫണ്ട് തിരിമറി കേസിലാണ് മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തത്.

 

 

ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി എംആർ അജിത്ത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. ദരണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എഎൻ ഷംസീർ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി.ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്‍റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നു.അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് നേതാവിന്‍റെ അധിക്ഷേപം. മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.

 

 

സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസിൽ ജെറി പരാതി നല്‍കി.

 

 

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിലേക്കായി അനുവദിക്കപ്പെട്ടിട്ടുള്ള വായ്പ വരെ മുൻകൂറായെടുത്ത് ജീവനക്കാരുടെ ബോണസും ഉൽസവബത്തയുമടക്കമുള്ള ഓണച്ചെലവ് നടത്താനാണ് കേരള സർക്കാരിന്‍റെ തീരുമാനമെന്നും, 4800 കോടിയോളം രൂപയാണ് ഇതിനായി വായ്പയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ധൂർത്തും പാഴ്ചെലവുകളും നിയന്ത്രിച്ചിരുന്നെങ്കിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി പലിശക്ക് കടമെടുക്കുന്ന അവസ്ഥ വരുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. രമേശ് ചെന്നിത്തല.വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് തള്ളിയത്.

 

ഇന്ത്യയിൽ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംഎസ്‍സി കെയ്‍ലി നങ്കൂരമിട്ടതോടെ കമ്മീഷനിംഗിനും മുൻപേ ചരിത്രം കുറിച്ച് വിഴിഞ്ഞം തുറമുഖം. കെയ്ലി നങ്കൂരമിട്ടതോടെ ലോകത്തെ ആഴമേറിയ കപ്പലുകൾക്കും വിഴിഞ്ഞത്ത് ഇനി മുതൽ അടുക്കാനാകും.16.5 മീറ്റ‌ർ ‍‍‍ ഡ്രാഫ്റ്റുള്ള (ആഴം) എംഎസ്‍സി കെയ്‍ലിയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേർന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന് തീരത്തോട് അടുത്ത് വലിയ ആഴമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. കെയ്‍ലി രണ്ട് ദിവസം വിഴിഞ്ഞത്തുണ്ടാകും.

 

 

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ നിന്നും കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്‌പി പ്രതികരിച്ചു. ഫോൺ ഓണായത് തുമ്പായെന്നും സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി വ്യക്തമാക്കി.

 

 

എറണാകുളം പള്ളുരുത്തിയിൽ നിന്ന് കാണാതായ ആദം ജോ ജോണിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു. ഇത്ര ദിവസമായും ആദത്തിനെ കണ്ടെത്താൻ കഴിയാത്തത് ഗൗരവതരമാണെന്ന് കുറ്റപ്പെടുത്തിയ ഹൈബി ഈഡൻ വിഷയത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ടു.

 

എറണാകുളം ജില്ലയിലെ പിറവത്ത് പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു. ക്രൂരകൃത്യം ചെയ്ത എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

 

 

മന്ത്രി ജി ആർ അനിലിന്‍റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്‍റെ ഫ്യൂസ് ഊരി. വാവറയമ്പലത്തെ സിപിഐ വാർഡ് മെമ്പറാണ് ഫ്യൂസ് ഊരിയത്. മന്ത്രി ഉദ്ഘാടനത്തിനെത്താത്തതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രണ്ട് തവണ ഫ്യൂസ് ഊരിയത്. മന്ത്രി ജി ആർ അനിലിന്‍റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാർഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്‍റെ മുന്നിൽ കഴി‍‍ഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് നിർമ്മിച്ചത്.

 

 

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനുളള ശ്രമങ്ങൾക്ക് തുടക്കം. കാലാവസ്ഥ അനുകൂലമെങ്കിൽ നാളെ ഡ്രഡ്‍ജർ പുറപ്പെടും. കാലാവസ്ഥ മെച്ചപ്പെടുന്നുവെന്നാണ് കാർവാറിൽ ഇന്നലെ നടന്ന യോഗത്തിലെ വിലയിരുത്തൽ. ഇന്ന് കൂടി മഴയില്ലെങ്കിൽ നാളെ ഗോവയിൽ നിന്ന് ഡ്രഡ്‍ജർ പുറപ്പെടും.

 

 

അമ്പലപ്പുഴയിൽ നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. ഇന്നലെ രാവിലെ മുതൽ പലസമയങ്ങളിൽ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകൾ അവശനിലയിൽ ചത്ത് വീഴുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം.

 

 

കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജിൽ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

 

മഞ്ചേരിയിൽ അഭിഭാഷകനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കോടതിയിലെ അഭിഭാഷകനായ ഇരുമ്പുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്. പ്രഭാത സവാരിക്കിടെ ഇതുവഴി വന്ന യാത്രക്കാരാണ് റോഡരികിൽ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

 

 

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോന്‍ സിംഗ് ആണ് തിങ്കളാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് യോജിക്കാൻ തനിയ്ക്ക് കഴിയില്ല. എന്നാൽ വ്യക്തിപരമായി നരേന്ദ്ര മോദിയോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് രാഹുൽ പറഞ്ഞു. അമേരിക്കയിലെ ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സംവാദ പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

 

 

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ തിങ്കളാഴ്ച നടന്ന ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജിസിസി) മന്ത്രിതല സമിതിയുടെ സമ്മേളനത്തിനിടെയായിരുന്നു ഇത്. സമ്മേളനത്തിന്‍റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച ഇന്ത്യ, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ തമ്മിലുള്ള മൂന്ന് മന്ത്രിതല യോഗങ്ങളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

 

 

മണിപ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിനിടെ സ്ത്രീ കൊല്ലപ്പെട്ടു. കങ്‌പോക്പി ജില്ലയിലെ വിദൂരഗ്രാമമായ തങ്ബുവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വീടുകള്‍ക്ക് അക്രമികള്‍ തീ വെച്ചതിനെ തുടര്‍വ്വ് ഗ്രാമവാസികള്‍ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണിപ്പുരിലെ മൂന്ന് ജില്ലകളില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

 

 

മണിപ്പൂരിൽ കലാപം നടത്തുന്നവർക്ക് ചൈനയുടെയും പാകിസ്ഥാന്‍റെയും പിന്തുണ കിട്ടുന്നുണ്ടെന്ന് അസം റൈഫിള്‍സ് മുൻ ഡിജി ലഫ്. ജനറല്‍ ഡോ. പിസി നായര്‍ വ്യക്തമാക്കി. കലാപം നടത്തുന്നവര്‍ക്ക് ചൈനയും പാകിസ്ഥാനും ഫണ്ടും ആയുധങ്ങളും നല്‍കുന്നുണ്ടെന്നും ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്നും അദ്ദേഹംപറഞ്ഞു.

 

 

 

കാണ്‍പൂരിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് ട്രെയിന്‍ അട്ടിമറി സംഭവങ്ങൾ കണ്ടെത്തിയെന്ന് റെയിൽവേ അറിയിച്ചു. സോളാപൂർ, ജോധ്പൂർ, ജബൽപൂർ എന്നിവിടങ്ങളിലാണ് അട്ടിമറി ശ്രമം നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ റെയിൽവേ ട്രാക്കുകളിൽ തടസം ഉണ്ടാക്കിയതിന് 17 കേസുകൾ എടുത്തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. ട്രെയിൻ അട്ടിമറിയെക്കുറിച്ച് ഉത്തർപ്രദേശ് എടിഎസ് പ്രത്യേക അന്വേഷണം ആരംഭിച്ചു.

 

 

 

ചെന്നായ ശല്യം രൂക്ഷമായ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ അതിവിദഗ്ധമായി അഞ്ചാമത്തെ ചെന്നായയെയും അധികൃതർ പിടികൂടി. വനം വകുപ്പ് അധികൃതർ ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂട്ടിലായ ചെന്നായകളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

 

 

മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ഭാവൻകുലേയുടെ മകന്റെ പേരിലുള്ള കാർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണ്. ബിജെപി നേതാവിന്റെ മകൻ സാൻകേത് ഭാവൻകുലേ അടക്കം മൂന്ന് പേരാണ് ഒളിവിൽ പോയിട്ടുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *