mid day hd 1

കൊച്ചിയിൽ നടത്താനിരിക്കുന്ന സിനിമ നയ രൂപീകരണ കോണ്‍ക്ലേവിൽ നിന്നും ആരോപണ വിധേയരെ മാറ്റിനിര്‍ത്തുന്നത് പരിഗണിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയ‍ർമാൻ ഷാജി എൻ കരുണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് ദിവസത്തിനകം സര്‍ക്കാരിൽ നിന്ന് തീരുമാനം ഉണ്ടാകും.ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും ആരോപണ വിധേയര്‍ പദവികള്‍ രാജിവെക്കുന്നത് അവര്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും ഷാജി എൻ കരുണ്‍ പറഞ്ഞു.

 

 

സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിൽ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം.നിലവിൽ ആർക്കും അന്വേഷിക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ.സ്ത്രീകൾ ആണ് പരാതിക്കാർ, അവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥർ വേണം.ഇതിപ്പോൾ പ്രസവ വാർഡ് എന്ന് പറഞ്ഞിട്ട് പുരുഷൻമാരെ കയറ്റി ഇരുത്തും പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു.

 

 

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.

 

 

നടിയുടെ ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിൽ സിപിഎം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ നിലവിൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.

 

 

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരൻ ടി പദ്മനാഭൻ. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭൻ പറഞ്ഞു. സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടയിരുന്നുവെന്നും ടി പദ്മനാഭൻ വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി പദ്മനാഭൻ വിമര്‍ശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി പദ്മനാഭൻ പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും വിമര്‍ശിച്ചു.

 

 

മുഖ്യമന്ത്രി പിണറായി വിജയന് നടനും എംഎൽഎയുമായ മുകേഷ് വിശദീകരണം നൽകിയെന്ന് റിപ്പോർട്ട്. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.

 

 

മുകേഷിന്റെ രാജി കാര്യത്തിൽ സിപിഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. അതോടൊപ്പം മുകേഷിൻ്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തിൽ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വം. എന്നാൽ മുകേഷിൻ്റെ രാജിക്കാര്യത്തിൽ കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്പെ രാജിവെക്കണമെന്ന് പറയാൻ പറ്റില്ലെന്നും നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും കെ കെ ശൈലജയും പറഞ്ഞു.

 

 

മുകേഷ് എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംഎ ബേബി പറഞ്ഞു. ഇപ്പോൾ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നത്. പാർട്ടിയുടെ ഘടകവുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ എനിക്ക് അഭിപ്രായം പറയാൻ സാധിക്കു വെന്നും എംഎ ബേബി പറഞ്ഞു.

 

 

 

എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷ് സ്വമേധയാ രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

കോൺഗ്രസ് എംഎൽഎമാർ രാജിവെക്കാത്തതുകൊണ്ട് നമ്മളും രാജിവെക്കില്ലെന്നത് ബാലിശമാണെന്നും അവർ പറഞ്ഞു.

 

 

 

അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും നടി പാർവതി തിരുവോത്ത്. മാധ്യമങ്ങളിൽ നിന്നടക്കം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണിത്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നത്. സർക്കാർ ഗുരുതരമായ നിരുത്തരവാദിത്തം പുലർത്തിയെന്നും പാർവതി പറഞ്ഞു. കൂടുതൽ പരാതികളുമായെത്തിയ സഹപ്രവർത്തകരെ ബഹുമാനിക്കുന്നുവെന്നും. ഇത് ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു.

 

 

കൊച്ചിയിലെ നടിയുടെ പരാതിയിൽ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ പ്രതിയായ രഞ്ജിത്തും മുൻകൂർ ജാമ്യം തേടാനായി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.

 

 

കൊച്ചി മരട് സ്വദേശിയായ നടിയുടെ പരാതിയിൽ എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്ത് പൊലീസ്. ഏഴ് പേര്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിലവിൽ ഏഴ് പേ‍ർക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.

 

 

 

മുകേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും , മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട്‌ കൊച്ചി പൊലീസുമാണ് കേസ് എടുത്തത്. ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തു.

 

 

 

സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെയും പൊലീസ് കേസെടുത്തു. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെയാണ് കേസെടുത്തത്. അതോടൊപ്പം താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് എടുത്തു.

 

 

 

നടൻ സിദ്ദിഖിനെതിരെയുള്ള പരാതിയിൽ കൻ്റോൻമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ തേടി തിരുവനന്തപുരം

മാസ്ക്കറ്റ് ഹോട്ടലിൽ പരിശോധന നടത്തി. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് യുവ നടി പരാതിയിൽ പറയുന്നത്. ഹോട്ടൽ താമസ രേഖകളടക്കം പൊലീസ് ശേഖരിച്ചു. ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്.

 

 

മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കയ്യിൽ കോഴിയുമായി എത്തിയ യുവമോർച്ചാ പ്രവർത്തകർ കൊല്ലത്ത് ചിന്നക്കടയിൽ റോഡ് ഉപരോധിച്ചു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺഗ്രസും പ്രതിഷേധിക്കുന്നുണ്ട്.

 

 

ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് സമർപ്പിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. സംഘടനകളെ എതിർക്കാനല്ല, മറിച്ച് സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തിരുത്തൽ നടപടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സാന്ദ്ര പറഞ്ഞു.ഞാൻ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ നടക്കുന്നിടമാണ് എന്നറിയുന്നതിൽ കടുത്ത അമർഷവും ദുഖവും പേറുകയാണ് താനെന്നും സാന്ദ്ര കത്തിൽ പറയുന്നു.

 

 

കേരളത്തിൽ വരുന്ന ദിവസങ്ങളിലും മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

 

 

 

ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം നാലാം വാർഡിൽ കോപ്പായിൽ കണ്ടത്തിച്ചിറ സദാശിവന്റെ മകൻ സാംജിത്താണ് മരിച്ചത്. ചേർത്തല ചെങ്ങണ്ടയിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

 

 

 

ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. യാംബു പട്ടണത്തോട് ചേർന്നുള്ള കടൽഭാഗത്താണ് മറൈൻ ബോട്ട് അപകടമുണ്ടായത്. സൗദി കോസ്റ്റ് ഗാർഡ് യാംബു സെക്ടറിലെ ബോർഡർ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് രക്ഷപ്പെടുത്തിയത്.

 

 

 

മലേഷ്യ സന്ദർശനത്തിനിടെ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയെ കാണാതായിട്ട് അഞ്ച് ദിവസം. കുടുംബാംഗങ്ങൾക്കൊപ്പം ക്വാലാലംപൂരിലെ ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെ കാണാതായത്. തെരച്ചിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിജയ ലക്ഷ്മിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

 

 

 

രേണുകാസ്വാമി കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയെ ജയിൽ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്‍റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്‍റെയും ദൃശ്യം പുറത്ത് വന്നതിനെ തുടർന്നാണ് നടപടി.

 

 

ഗുജറാത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനിടയിൽ ജനങ്ങളെ ഭീതിയിലാക്കി മുതലകളുടെ സാന്നിധ്യം. വഡോദരയിലെ വിവിധ മേഖലകളിൽ വെള്ളം കയറിയതോടെയാണ് മുതലകളും ജനവാസമേഖലയിലെത്തിയത്. മുതലകളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാകാതെ പരിഭ്രാന്തിയിലാണ് ജനങ്ങൾ.

ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടു. ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നീക്കം. ബുധനാഴ്ചയാണ് ടെയ്ൽ എന്നറിയപ്പെടുന്ന മൂൺ ടെയ്-ഇൽ ഇക്കാര്യം വിശദമാക്കിയത്.

 

 

 

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ കിരീടപ്പോരാട്ടത്തിന് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവും. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഉൾപ്പെടെ നിരവധി വമ്പൻ താരങ്ങളാണ് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ 20ന് തുടങ്ങുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്‍റെ ആദ്യപാദമത്സരങ്ങൾക്ക് ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയം വേദിയാവും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *