ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ വടക്കൻ ഭാഗത്തു നിന്നും തെക്ക് ഭാഗത്തേക്ക് മാറാൻ ഗാസയിലെ ജനങ്ങളോട് ഇസ്രായേലിന്റെ മുന്നറിയിപ്പ്. 10 ലക്ഷത്തിലധികം ആളുകളാണ് ഗാസയിൽ ജീവിക്കുന്നത്. ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമായ ഓപ്പറേഷൻ അങ്ങയുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണ്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു.ദില്ലി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്പര്യങ്ങൾക്ക് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും ,എല്ലാ രൂപത്തിലുമുള്ള ഭീകരവാദം ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് വിഴിഞ്ഞം ലത്തീൻ പള്ളി ഇടവക വികാരിയുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. വികാരി മോൺസിംഗർ നിക്കോളാസ് അടക്കമുള്ളവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി മന്ത്രി ക്ഷണിച്ചു.
മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസ്. തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോൺസിംഗർ നിക്കോളാസ് പറഞ്ഞു.
കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്.വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം. അദീല അബ്‌ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാന്നെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര പറഞ്ഞു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം. ആലപ്പുഴ കലക്ടര്‍ ഹരിത വി.കുമാറിനെ മൈനിങ് ജിയോളജിവകുപ്പ് ഡയറക്ടറായി നിയമിച്ചു. മലപ്പുറം കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ പഞ്ചായത്ത് ഡയറക്ടറാകും. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറാക്കും.എന്‍.ദേവിദാസ് കൊല്ലം കലക്ടറാകും. പത്തനംതിട്ടയില്‍ എ.ഷിബു, ആലപ്പുഴയില്‍ ജോണ്‍ വി.സാമുവല്‍, മലപ്പുറത്ത് വി ആര്‍.വിനോദ്, കോഴിക്കോട് സ്നേഹില്‍ കുമാര്‍ സിങ്, കണ്ണൂരില്‍ അരുണ്‍ കെ.വിജയന്‍ എന്നിവരാണ് പുതിയ കലക്ടർമാർ.
മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തിയതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.
സമസ്ത ലീഗ് പ്രശ്ന പരിഹാരത്തിനായി സമസ്ത ചുമതലപ്പെടുത്തിയ 4 അംഗ സമിതിക്ക് സമയം നൽകാതെ പാണക്കാട് തങ്ങൾ വിദേശത്തേക്ക് പോയതായി റിപ്പോർട്ട്.തട്ടം വിഷയത്തിൽ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ പരാമർശങ്ങളാണ് സമസത ലീഗ് തർക്കത്തിന് കാരണമായത്. സലാമിൻ്റെ വിമർശനങ്ങൾക്കെതിരെ സമസ്തക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിൽ ലീഗുമായി സംസാരിക്കാൻ സമസ്ത മുശാവറയിൽ നിന്ന് നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.
കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പെരുമ്പാവൂരിൽ മഹിളാ കോൺഗ്രസ് ഉത്സാഹ് കൺവെൻഷൻ ഒരേസമയം രണ്ട് സ്ഥലങ്ങളിൽ നടക്കുന്നുവെന്ന് റിപ്പോർട്ട്.എൽദോസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഇന്ദിര ഭവനിലും ജെബി മേത്തർ എം പിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിലെ ഹോട്ടലിലുമാണ് പരിപാടികൾ നടക്കുന്നത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് ഇടങ്ങളിൽ പരിപാടി സംഘടിപ്പിക്കാൻ കാരണമെന്നാണ് സൂചന.
നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്നും, ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നും നിയമോപദേശം. കന്റോൺമെൻറ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പിളി മനുവാണ് നിയമോപദേശം നൽകിയത്.
ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ ഇവാഞ്ചലിക്കൽ ചർച്ച് മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.പണം നൽകിയിട്ടും അധ്യാപക ജോലി നൽകിയില്ല എന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
വിമാനത്തിൽ നടി അപമാനിക്കപ്പെട്ട സംഭവത്തില്‍ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി പൊലീസ്. വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും. പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും.
നെടുംകണ്ടം പ്രസംഗത്തിലെ പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും, തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമായിരുന്നു അതെന്നും എം എം മണി പറഞ്ഞു.
കല്ലുത്താന്‍ കടവ് ഫ്‌ളാറ്റ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേഷനിലെ പ്രതിപക്ഷം. ഫ്‌ളാറ്റിന്റെ നിര്‍മാണത്തില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം എന്തിനും പരാതി നല്‍കുന്നത് പ്രതിപക്ഷത്തിന്റെ ശീലമാണെന്നും പദ്ധതികള്‍ നടപ്പാക്കാനാവാത്തത് പ്രതിപക്ഷത്തിന്റെ ഇത്തരം സമീപനമാണെന്നും മേയര്‍ ബീന ഫിലിപ്പ് കുറ്റപ്പെടുത്തി.
കൈക്കൂലി കേസില്‍ ഇടുക്കി കലക്ടറേറ്റിലെ ക്ലാര്‍ക്കായിരുന്ന എസ് സോവിരാജിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും വിധിച്ചു.9,000 രൂപ കൈക്കൂലിയായി വാങ്ങിയ കേസിലാണ് സോവിരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.2007 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെന്റ് ചെയ്തത്.
ഇസ്രയേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ എടക്കര പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വലിയവേളി ആറ്റിപ്ര തൈവിലക്കം ജോണ്‍സണ്‍ സ്റ്റീഫന്‍ കൂത്താട്ടുകുളം കുറ്റിപ്പാലയ്ക്കല്‍ എല്‍ദോസ് എന്നിവരാണ് പിടിയിലായത്.
പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
നാളത്തെ ഇന്ത്യ പാകിസ്ഥാൻ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിനു വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവർ മത്സരം കാണാനെത്തുമെന്നാണ് റിപ്പോർട്ട് .