ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണ്ണമായി വിച്ഛേദിച്ചതിനെ തുടർന്ന് ഗാസയിലെ പവർ സ്റ്റേഷൻ അടച്ചു പൂട്ടി. എന്നാൽ ഗാസയിലെ പൊതുജനങ്ങൾക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ അനുവദിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.
ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല.ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാനും മറ്റുമായി തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ നടക്കുന്നുണ്ട്.
ഇസ്രയേൽ മാത്രമല്ല, ലോകം മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹറിന്റെ സന്ദേശം പുറത്തുവന്നു. ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വ്യക്തമാക്കി. എന്നാൽ ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.കര ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.
ഇസ്രയേലിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് പലസ്തീൻ വിദേശകാര്യ മന്ത്രാലയം. അന്താരാഷ്ട്ര തലത്തിൽ നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായ കരാമ, ഗാസ എന്നിവിടങ്ങളിൽ പലസ്തീനികൾക്കെതിരെ പ്രയോഗിക്കുകയാണെന്നാണ് ആരോപണം.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യമായ ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിയമനക്കോഴ തട്ടിപ്പിന്റെ സൂത്രധാരനെന്ന് കരുതുന്ന മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖിൽ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐടിയു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
മാലിന്യസംസ്കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബിരാജേഷ്. 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണം.മാലിന്യ നിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം.രാഷ്ട്രീയ പാർട്ടി പരിപാടികൾ ഉൾപ്പെടെ മൂന്ന് ദിവസം മുൻപ് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസി ജോസ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.ആനയെ തുരത്തിയത് ആളുകള്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പാക്കിയ ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നിലകപ്പെട്ടെന്ന് അറിയില്ലെന്നും തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.ഇന്ന് രാവിലെ ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് ആത്രശ്ശേരി സ്വദേശി ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
തൃശൂര്‍ ഈസ്റ്റ് പൊലീസ് സഹകാരി സംരക്ഷണ പദയാത്ര വാഹന തടസം സൃഷ്ടിച്ചെന്ന് കാണിച്ച് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നിൽ തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു.
ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ് എന്ന തലക്കെട്ടിലാണ് സ്വരാജ് കുറിപ്പെഴുതിയത്. ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.
19 ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല. ഉത്തരക്കടലാസുകള്‍ എ.എസ്.ആര്‍.എസ്. സംവിധാനത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം കാലിക്കറ്റ് സര്‍വകലാശാല പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നത്. ബാര്‍കോഡ് സംവിധാനം ഒരുക്കിയായിരുന്നു പരീക്ഷ നടത്തിയത്.
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലായ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന ചൈനീസ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിന് റബ്കോ എം ഡി പിവി ഹരിദാസൻ കൊച്ചി ഇ ഡി ഓഫിസിൽ രണ്ടാം ദിവസവും ഹാജരായി. ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിലെ വ്യക്തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്കോയിക്ക് കരുവന്നൂർ ബാങ്ക് ചില വായ്പകളും അനുവദിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
യുവനടിയോട് ഫ്ലൈറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ് കാണാതായത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളായ സതീഷ്, മുത്തുശ്ശരവണൻ എന്നിവരെ പൊലീസ് വെടിവെച്ച് കൊന്നു. ഉദ്യോഗസ്ഥർക്ക് നേരെ ഇവർ വെടിയുതിർത്തുവെന്നും ഇതേ തുടർന്നാണ് പൊലീസ് വെടിവെച്ചതെന്നും പൊലീസ് വിശദീകരിച്ചു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.
ജയ് പ്രകാശ് നാരായണ്‍ ഇന്റര്‍നാഷണല്‍ സെന്ററിലേക്ക് പൊലീസ് പ്രവേശനം നിഷേധിച്ചതോടെ മതില്‍ ചാടി കടന്ന് അകത്ത് പ്രവേശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞ് സോഷ്യലിസ്റ്റ് നേതാവ് ജയ് പ്രകാശ് നാരായണിന്റെ ജന്മദിനത്തില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞത്.
ബിഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രിയാണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്.
കോണ്‍ഗ്രസിന്റെ നയപരമായ തന്ത്രങ്ങളുടെ രൂപീകരണവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്ന കോണ്‍ഗ്രസിന്‍റെ വാര്‍ റൂം പ്രവര്‍ത്തിച്ചിരുന്ന ദില്ലിയിലെ കെട്ടിടം ഒഴിയാന്‍ നോട്ടീസ് .മുന്‍ എംപി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഈമാസം 13 നകം കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇസ്രയേല്‍ പൗരന്‍മാരായ കുട്ടികളുടെ തല ഹമാസ് വെട്ടിയെന്നും അതിന്റെ ദൃശ്യങ്ങള്‍ കണ്ടെന്നും പറഞ്ഞ യു.എസ് പ്രസിഡന്റ് ജോ ബെഡനെ തിരുത്തി വൈറ്റ് ഹൗസ്. അത്തരം ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്നും ഇസ്രയേലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
ഐസിസി ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക പോരാട്ടം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ലക്നൗവിലാണ് മല്‍സരം.