ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ഇന്നു ഡല്‍ഹിയില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും എത്തും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ത്തിട്ടുണ്ട്. ഇന്നു മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്. നാളെ ആരംഭിക്കുന്ന ഉച്ചകോടിയുടെ മുഖ്യ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്.
ആലുവായില്‍ അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍. ചാത്തന്‍ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ അടക്കമുള്ളവര്‍ തെരഞ്ഞിറങ്ങി. സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
കള്ളുഷാപ്പ് വില്‍പ്പന ഇനി ഓണ്‍ലൈനിലൂടെ. 5,170 ഷാപ്പുകളാണ് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന. കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഈ മാസം 13 വരെ അപേക്ഷ നല്‍കാം.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ പൊലീസിനെ താക്കീത് ചെയ്ത് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമി ഈടുവച്ചു വായ്പയെടുത്തയാള്‍ തിരിച്ചടയക്കാതെ ജപ്തി ഭീഷണിയില്‍. ജപ്തി ചെയ്ത് ലേലത്തിലൂടെ ഭൂമി ഏറ്റെടുത്തയാള്‍ അളന്ന് തിരിക്കാനുള്ള ഹര്‍ജി കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് സ്‌റ്റേഷനിലുള്ളവര്‍ ഞെട്ടിയത്. വെള്ളത്തൂവല്‍ സ്വദേശിയായ സി.ബി. രമേശന്‍ ഫെഡറല്‍ ബാങ്ക് അടിമാലി ശാഖയില്‍നിന്ന് വായ്പയെടുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈട്ുനല്‍കിയ മൂന്നേക്കര്‍ ഭൂമിയിലാണ് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നു മഞ്ഞ അലര്‍ട്ട്.
ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിര്‍മ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണെന്ന് എം എം മണി എംഎല്‍എ. ഇടുക്കിയില്‍ ജനവാസം നിരോധിക്കുകയാണെങ്കില്‍ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിടണം. ആളുകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയോധികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. പോലീസിനോടു മനുഷ്യത്വപരമായി പെരുമാറാന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബം വീടിനകത്ത് തൂങ്ങി മരിച്ചു. അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികള്‍ മരിച്ച തൂങ്ങിമരിച്ചു. മലയിന്‍കീഴ് പ്രകൃതി ഗാര്‍ഡന്‍സില്‍ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതന്‍ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. ചെന്നൈയില്‍ സ്‌പെയര്‍പാര്‍ട്സ് വ്യാപാരം നടത്തിവരികയായിരുന്നു. മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയിരുന്നു.
കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റു ചെയ്തത്.
കൊച്ചി എളമക്കര കറുകപ്പിള്ളിയില്‍നിന്ന് 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്.
സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ വിരമിച്ച് രണ്ടു വര്‍ഷത്തേക്കു രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുന്നതു തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാര്‍ തന്നെയാണെന്നും നിയമ നിര്‍മാണം നടത്തേണ്ടത് സര്‍ക്കാറാണെന്നും കോടതി വിലയിരുത്തി.
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കു കത്തു നല്‍കി. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യാ എന്നായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനം പറന്നുയരുമ്പോള്‍ പൈലറ്റിന്റെ നിര്‍ദേശം അനുസരിക്കാതെ ഫോണ്‍ സംഭാഷണം തുടര്‍ന്നയാളേയും പത്തു കൂട്ടാളികളേയും വിമാനത്തില്‍നിന്നു പുറത്താക്കി. റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയില്‍ എത്തിച്ചാണ് 11 യാത്രക്കാരെയും പുറത്താക്കിയത്. ആസാമിലെ സില്‍ചര്‍ വിമാനത്താവളത്തില്‍ കൊല്‍ക്കത്തയിലേക്കുള്ള അലയന്‍സ് എയര്‍ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനായ സുരഞ്ജിത് ദാസ് ചൗധരി (45) യാണ് മൊബൈല്‍ ഫോണിലെ സംസാരം അവസാനിപ്പിക്കാതെ വഴക്കിട്ടത്. പുറത്താക്കുമെന്ന് മുന്നറിയിപ്പു നല്‍കിയപ്പോള്‍ കൂടെയുണ്ടായിരുന്ന പത്തു പേരും പ്രതിഷേധിച്ചു. ഇതോടെ എല്ലാവരേയും പുറത്താക്കുകയായിരുന്നു.
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ സഹ- അധ്യക്ഷനാകുന്നത് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്‍ത്തയില്‍ ആരംഭിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വ്യാഴാഴ്ച പുലര്‍ച്ചെ ജക്കാര്‍ത്തയിലെത്തിയ നരേന്ദ്ര മോദി ആസിയാന്‍- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.