mid day hd 5

 

ഇന്ത്യ എന്ന പേരു വെട്ടി ഭാരത് എന്നാക്കുകയാണെന്ന് പ്രതിപക്ഷത്തിന്റെ പ്രചാരണം മാത്രമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഭരണഘടനയില്‍ ഭാരതും ഇന്ത്യയും ഒരുപോലെയാണ്. ഭാരതിനോട് കോണ്‍ഗ്രസിന് അസഹിഷ്ണുതയാണോയെന്നു കേന്ദ്രമന്ത്രി ചോദിച്ചു. ജി 20 ഉച്ചകോടിക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും ‘ഭാരത്’ എന്നാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്.

നെല്ലു സംഭരിച്ചതിനു കര്‍ഷകര്‍ക്കു നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപ ഉടനേ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്‍.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുക. കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയില്‍ 260 കോടി രൂപ മാത്രമേ നല്‍കാനുള്ളൂ.

നെല്ല് സംഭരണ വിലയ്ക്കുള്ള കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു കേരളം കണക്കു ഹാജരാക്കാത്തതിനാലാണെന്ന് കേന്ദ്രം. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തോട് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
2019- 20 വര്‍ഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവില്‍ 2023-24 ല്‍ മുന്‍കൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രം പറയുന്നത്.

പുതുപ്പള്ളിയില്‍ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. മണ്ഡലത്തില്‍ ബിജെപിക്ക് 19,000 വോട്ടുണ്ട്. ബിജെപിയുടെ വോട്ടില്ലാതെ ചാണ്ടി ഉമ്മന് പുതുപ്പള്ളിയില്‍ ജയിക്കാനാകില്ല. ഗോവിന്ദന്‍ പറഞ്ഞു.

അഞ്ചു ദിവസം മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപമാണ്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ ഒഡീഷ -ഛത്തീസ്ഗഡ് ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യത.

വാഗമണ്ണില്‍ വ്യാജപ്പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റംചെയ്ത കേസില്‍ റവന്യൂ വകുപ്പ് ഭൂമിയുടെ സര്‍വ്വേ നടത്തി. ഷേര്‍ലി ആല്‍ബര്‍ട്ട് എന്നയാളുടെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന സ്ഥലം കണ്ടെത്തി നല്‍കാനുള്ള കോടതി ഉത്തരവിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.

പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ നേരത്തെ കെ.എം.ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ തൃശൂരില്‍ വിവാഹിതനായി. അശ്വതിയാണ് വധു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഇപി ജയരാജന്‍, എംവി ഗോവിന്ദന്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് എക്‌സൈസ് കേസുകള്‍ കൂടി. ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. ബാര്‍ ലൈസന്‍സികളെയും പ്രതികളാക്കി. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമാണു കേസെടുത്തത്. നേരത്തെ കൊല്ലത്ത് കേസെടുത്തിരുന്നു.

വെറ്ററിനറി വിദ്യാര്‍ത്ഥിയായ മകന്റെ അപകട മരണ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ജീവനൊടുക്കിയത്. മകന്‍ മുഹമ്മദ് സജിന്‍ ഇന്നലെ വയനാട്ടിലെ പൂക്കോട് ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഷീജ വെള്ളൂര്‍കോണം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്.

തിരുവനന്തപുരം തിരുവല്ലം വണ്ടിതടത്ത് അനുജനെ കൊന്ന് കുഴിച്ചു മൂടിയ ജ്യേഷ്ഠന്‍ പിടിയില്‍. രാജ് (36 ) ആണ് മരിച്ചത്. സഹോദരന്‍ ബിനുവിനെ കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് നടപടി.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയില്‍ പണിക്കന്‍കുടി കുളത്തും കരയില്‍ സുരേന്ദ്രന്‍ (കുഞ്ചന്‍) ആണ് മരിച്ചത്. 58 വയസായിരുന്നു.

മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ കൂട്ടുകാരുമായി മദ്യപിച്ചിരിക്കേ യുവാവ് പാറമടയില്‍ വീണു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33)യെ ആണ് പിടിയിലായത്.
അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണുമാണു മദ്യപിച്ചിരുന്നത്. ഇതിനിടെ മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് പാറമടയില്‍ വീണതാണെന്നാണ് പൊലീസ് പറയുന്നത്. അപകട വിവരം യഥാസമയം അറിയിക്കാത്തതിനാണ് സിബിയെ അറസ്റ്റു ചെയ്തത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐപിഎസ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2016 മുതല്‍ എസ് പി ജി ഡയറക്ടറാണ്.

ജി 20 യില്‍ സംയുക്ത പ്രസ്താവന തയാറാക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്കു വലിയ ക്ഷീണമാകുമെന്ന് ശശി തരൂര്‍ എംപി. സമവായം ഉണ്ടാക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടും. മൂന്നു ദിവസം ഡല്‍ഹി അടച്ചിട്ട് നടത്തിയ ഉച്ചകോടിയുടെ ഫലമെന്തെന്ന ചര്‍ച്ച ഉയരും. പുടിനും ഷി ജിന്‍പിങും വരാത്തത് ഉച്ചകോടിക്കു ക്ഷീണമാണ്. ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യ സഖ്യം സീറ്റ് വിഭജന ചര്‍ച്ചയിലേക്കുള്ള ആദ്യ യോഗം 13 ന് ചേരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെ യുപിയില്‍ കേസ്. രാംപൂര്‍ പൊലീസാണ് കേസെടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകരുടെ പരാതിയിലാണു കേസ്.

ചന്ദ്രയാന്‍-മൂന്ന് ദൗത്യത്തിലെ ചന്ദ്രോപരിതലത്തില്‍നിന്ന് പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ത്രീഡി ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. റോവറിലെ നാവിഗേഷനല്‍ ക്യാമറയില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാന്‍ഡറിന്റെയും ത്രീഡി ചിത്രം തയ്യാറാക്കിയത്.

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *