ലോക്‌സഭയില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഭരണഘടന തയാറാക്കിയപ്പോള്‍ അങ്ങനെയായിരുന്നെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചത്. 42 ാം ഭേദഗതിയോടെയാണ് മതേതരത്വം ഭരണഘടനയില്‍ വന്നതെന്നാണ് വിശദീകരണം.
ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കേ, ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്മാരോടു മടങ്ങിവരാന്‍ കാനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രകോപിപ്പിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കനേഡിയന്‍ പൗരന്മാര്‍ക്കു സന്ദേശം നല്‍കിയത്.
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റര്‍ സുരക്ഷാ പരിശോധനകള്‍ക്കായി തിരുവനന്തപുരത്ത് എത്തി. ചിപ്‌സണിന്റെ ഹെലികോപ്റ്റര്‍ എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലാണു പരിശോധന നടത്തിയത്.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്കു നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം.
ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജയുമായി ബന്ധപ്പെട്ട ആചാരം പാലിക്കുകയേ ചെയ്തുള്ളൂവെന്നും ക്ഷേത്രം പൂജാരി സുബ്രമണ്യന്‍ നമ്പൂതിരി. പൂജാ സമയം അല്ലായിരുന്നെങ്കില്‍ മന്ത്രിയുടെ കൂടെ ഇരിക്കാനും ഫോട്ടോയെടുക്കാനും ആഗ്രഹിച്ചിരുന്നു. വിവാദങ്ങള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു. അദ്ദേഹം പറഞ്ഞു. നാലു മണിക്കു നടത്തേണ്ടിയിരുന്ന പരിപാടി വളരെ വൈകി പൂജ ആരംഭിച്ചശേഷമാണ് തുടങ്ങിയത്. അതുകൊണ്ടാണു വിളക്ക് കൈമാറാതിരുന്നത്. ക്ഷേത്രം ഭരണസമിതിയുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ വിളക്ക് കൊളുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജാതി വിവേചനമെന്ന ആരോപണം മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതാണെന്ന് അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍. നട തുറന്നതിനാല്‍ പൂജാരിമാര്‍ ക്ഷേത്രാചാരം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആരോപണം ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ടാണെന്നും ശാന്തി ക്ഷേമ യൂണിയന്‍ ആരോപിച്ചു.
ജാതി വിവേചനം നേരിടേണ്ടിവന്നെന്ന മന്ത്രിയുടെ ആരോപണം വാര്‍ത്ത സൃഷ്ടിക്കാനാണെന്നു യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. ക്ഷേത്ര പുരോഹിതര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തത്. ദേവസ്വം മന്ത്രി അതു മനസിലാക്കേണ്ടതായിരുന്നു. അദ്ദേഹം വിശദീകരിച്ചു.
പുതുപ്പള്ളിയിലെ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി തര്‍ക്കമുണ്ടായെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം സത്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുതുപ്പള്ളിയിലെ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്കാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അങ്ങനെ പറയരുതെന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് പറയുമെന്ന് സുധാകരന്‍ നിലപാടെടുത്തതോടെ അതു തടയാനാണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയിലെ ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍നിന്ന് ഇന്നു കേരളത്തിലേക്കു യാത്രയാകും. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ട്രെയിന്‍ കൈമാറി. ബേസിന്‍ ബ്രിഡ്ജ് യാര്‍ഡില്‍ നിന്ന് ഇന്നു മൂന്നിനു ട്രെയിന്‍ തിരിക്കും. ഇന്നലെ രാത്രി ട്രയല്‍ റണ്‍ നടത്തിയിരുന്നു.
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനക്കുവച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് ആറു മാസമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിനു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി.
മലപ്പുറത്തെ സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരിതൊടിയില്‍ ബിനോയി (26) ആണ് അറസ്റ്റിലായത്. പ്രധാനധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ കൈക്കലാക്കി അശ്ലീല ഫോട്ടോകളാക്കി പ്രധാനാധ്യാപികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
നിലമ്പൂരില്‍ കാട്ടാന വാറ്റുചാരായത്തിനുള്ള വാഷ് കുടിച്ച് മത്തു പിടിച്ചു കിടക്കുന്നു. വനംവകുപ്പ്, എക്‌സൈസ് അധികൃതര്‍ അന്വേഷണവുമായി എത്തിയതോടെ വന്‍ വാറ്റു ചാരായ കേന്ദ്രം കണ്ടെത്തി. രണ്ടു കേസുകളിലായി 665 ലിറ്റര്‍ വാഷ് എക്‌സൈസ് പിടിച്ചെടുത്തു.
വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വിഘ്‌നേഷ് (23), അരുണ്‍ (25), അരുണ്‍ രാജ് (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വധശ്രമ കേസിലെ പ്രതി ആദര്‍ശിനെ പിടികൂടാന്‍ രാത്രി എത്തിയതോടെയാണ് സംഘം ആക്രമിച്ചത്.
വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.
ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ തന്നെ തുടരുന്നു. തമിഴ്‌നാട്ടിലെ ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടു. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി വനംവകുപ്പ് അറിയിച്ചു.
വനിതാ സംവരണ ബില്‍ രാജീവ്ഗാന്ധിയുടെ സ്വപ്‌നമായിരുന്നെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വനിത ശാക്തീകരണത്തിന്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തണമായിരുന്നു. എത്രയും വേഗം ബില്‍ പാസാക്കണം. ബില്‍ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജാതി സെന്‍സെവും വൈകരുതെന്ന് സോണിയാഗാന്ധി കൂട്ടിച്ചേര്‍ത്തു.
വനിതാസംവരണ ബില്ല് വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്.
മണ്ഡല പുനര്‍നിര്‍ണയം നടത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഡല്‍ഹിയില്‍. കര്‍ണാടകയില്‍നിന്നുള്ള എല്ലാ കേന്ദ്ര മന്ത്രിമാരുമായും എം.പിമാരുമായും സിദ്ദരാമയ്യ കൂടിക്കാഴ്ച നടത്തും. കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയിലെ കര്‍ഷകരെ പരിഗണിക്കാതെ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുത്തെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഹിന്ദുത്വ ആക്റ്റിവിസ്റ്റ് ചൈത്ര കുന്ദാപുരക്കെതിരെ മറ്റൊരു വഞ്ചനാ കേസ് കൂടി. ബിജെപി നേതാവില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ചൈത്ര കുന്ദാപുര. ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങാന്‍ സഹായിക്കാമെന്നു വിശ്വസിപ്പിച്ച് ചൈത്ര പണം തട്ടിയെടുത്തെന്നാണ് ഉഡുപ്പി സ്വദേശിയും 33 കാരനുമായ സുധീന പൂജാരി പരാതി നല്‍കിയത്.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചന്ദ്രനില്‍ സൂര്യോദയമുണ്ടാകുന്നതോടെ ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറും റോവറും ഉണരുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ. സുര്യതാപം കിട്ടുന്നതോടെ ചന്ദ്രനിലെ അടുത്ത ഘട്ട പര്യവേഷണങ്ങള്‍ക്കു ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണു പ്രതീക്ഷ. അതിശൈത്യംമൂലം ഉപരണങ്ങള്‍ പ്രതകരിക്കാതാകുമോയെന്ന ആശങ്കയുമുണ്ട്.
കേസന്വേഷണവുമായി കാനഡയിലേക്കു പോകാനുള്ള എന്‍ഐഎ സംഘത്തിന്റെ പരിപാടി മാറ്റിവച്ചു. കാനഡയിലും യുകെയിലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ആക്രമിച്ച കേസില്‍ അന്വേഷണം നടത്താനായിരുന്നു എന്‍ഐഎ സംഘത്തിന്റെ തീരുമാനം. കാനഡയുമായുള്ള ബന്ധം മോശമായിരിക്കേയാണ് യാത്ര മാറ്റിയത്.
വൈറസ് ബാധയെതുടര്‍ന്ന് ബെംഗളൂരുവിലെ ബെന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലെ മൃഗശാലയിലെ ഏഴു പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തു. ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ അഞ്ചിനുമിടയിലാണ് വൈറസ് രോഗം ബാധിച്ച് പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ചത്തത്.
കൈഷ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എര്‍ദോഗന്‍ ഇക്കാര്യം ഉന്നയിച്ചത്.
ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ യാചിക്കുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാന്റെ സാമ്പത്തിക തകര്‍ച്ചക്കു കാരണം മുന്‍ ജനറല്‍മാരും ജഡ്ജിമാരുമാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.