സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡനക്കേസിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ നോട്ടീസനുസരിച്ചു ഉച്ചയ്ക്കുശേഷം ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചത് സര്‍ക്കാരാണ്. സിബിഐയുടേതെന്നു പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കാത്തതിനാല്‍ അഭിപ്രായം പറയാനാവില്ല. മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട
ചാണ്ടി ഉമ്മന്‍ രാവിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.
എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎല്‍എ. രേഖകളുണ്ടെന്നും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു. മോഷ്ടിക്കാന്‍ ക്യാമറ സ്ഥാപിക്കുന്ന ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരായി. ഇഡി വിളിച്ചതുകൊണ്ട് വന്നെന്നാണ് മൊയ്തീന്‍ പ്രതികരിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഹാജരായിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സുധാകരന്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ എത്തുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടൂ പാഠഭാഗങ്ങളില്‍ ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു.
കാര്‍ യാത്രക്കാരിയെ മര്‍ദിച്ച കോഴിക്കോട് നടക്കാവ് എസ് ഐ വിനോദിനെ സസ്‌പെന്‍ഡു ചെയ്തു. എസ്‌ഐക്കും കണ്ടാലറിയാവുന്ന നാല് പേര്‍ക്കുമെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ അതൃപ്തിയുണ്ടെന്ന് രമേശ് ചെന്നിത്തല. രണ്ടു പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലാണു വീണ്ടും നിയമിച്ചത്. രണ്ടു വര്‍ഷമായി പദവിയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പരസ്യ പ്രസ്താവനയും വിഴുപ്പലക്കും വിലക്കുന്നതു നല്ലതാണ്, എന്നാല്‍ പറയേണ്ടതു പറഞ്ഞിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം പി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പരാതിയുണ്ട്, അതൃപ്തിയുണ്ട്. അത് ഹൈക്കമാന്‍ഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ല. വിഴുപ്പ് അലക്കേണ്ടതു തന്നെയാണ്. അലക്കേണ്ട സമയത്ത് വിഴുപ്പലക്കണം. കെ. മുരളീധരന്‍ പറഞ്ഞു.
വാക്‌സിനേഷനുള്ള മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞ പരിപാടി 16 വരെ തുടരും. സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്സിനേഷന്‍ സ്വീകരിക്കാം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയാണ് വാക്സിനേഷന്‍. വാക്സിനെടുക്കാത്ത ഗര്‍ഭിണികളും അഞ്ചു വയസു വരെയുള്ള കുട്ടികളും വാക്സിന്‍ സ്വീകരിക്കണം.
മലപ്പുറം എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്.
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. 174 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നു.
അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്ന ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ എസ്ടാബ്ലിഷ്‌മെന്റ് ആക്ടിലെ 6 എ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
ജി20 ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂര്‍ പറഞ്ഞു.
ജി20 അത്താഴ വിരുന്നില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരി. മോദി സര്‍ക്കാരിനെതിരായ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് മമത സ്വീകരിച്ചതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. അത്താഴ വിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്തിരുന്നു.
രാജ്യത്തെ തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവരുമെന്നു സുപ്രീകോടതി. കൈയില്‍ ബാന്‍ഡേജുമായി എത്തിയ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയോട് എന്തു സംഭവിച്ചെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോഴാണ് തെരുവുനായ് പ്രശ്‌നം ചര്‍ച്ചയായത്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞു. മറ്റ് അഭിഭാഷകരും തെരുവുനായ പ്രശ്‌നം ഉയര്‍ത്തി. ഗുരുതരമായ പ്രശ്‌നമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
ഇന്ത്യയുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യത്തിന്റെ പേരു മാറ്റാന്‍ ഒരുങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്‌കരിക്കുന്നു എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തെ തകര്‍ക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധി പേരിലെ ഗാന്ധി ഉപേക്ഷിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗോഹട്ടിയില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അയാള്‍.
കര്‍ണാടകയില്‍ ബസ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രിവരെ സമരം തുടരും. സിദ്ധരാമയ്യ സര്‍ക്കാറിന്റെ ശക്തി പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.
തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനമിടിച്ച് റോഡരികില്‍ ഇരുന്നിരുന്ന ഏഴു സ്ത്രീകള്‍ മരിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു.
ഹെറോയിനുമായി മൂന്നു മണിപ്പുര്‍ സ്വദേശികളെ ഗോഹട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമീര്‍ ഖാന്‍, യാകൂബ്, ജാമിര്‍ എന്നിവരാണ് അറസ്റ്റിലായത്. സോപ്പുപെട്ടികള്‍ക്കുള്ളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചു കടത്തിയിരുന്നത്.